ഇന്ത്യ പാക്കിസ്ഥാനില്‍ കളിക്കണമെന്ന ആവശ്യവുമായി ഷാഹിദ് അഫ്രീദി

ഇത്തവണ പാക്കിസ്ഥാനില്‍ നടക്കുന്ന ഏഷ്യാ കപ്പിനില്ലെന്ന നിലപാടിലാണ് ഇന്ത്യന്‍ ടീം. സുരക്ഷ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ടീം ഇന്ത്യ ഏഷ്യാ കപ്പ് ബഹിഷ്‌കരിക്കാനൊരുങ്ങുന്നത്. വേദി മാറ്റണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ വേദിമാറ്റാനാവില്ലെന്ന പിടിവാശിയില്‍ പാക്കിസ്ഥാന്‍ ഉറച്ചു നിന്നതോടെ ടൂര്‍ണ്ണമെന്റിലെ ഇന്ത്യന്‍ പ്രധിനിത്യം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇന്ത്യയുടെ കളികള്‍ യുഎഇയില്‍ നടക്കുമെന്ന സ്ഥിരീകരിക്കാത്ത അഭ്യൂഹങ്ങളുമുണ്ട്.

ഇതിനിടയില്‍ ഇന്ത്യന്‍ ടീം പാക്കിസ്താനില്‍ വന്ന് കളിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ഷാഹിദ് അഫ്രീദി. ക്രിക്കറ്റിനെക്കാള്‍ ഉപരിയായ വിഷയങ്ങളാണ് ഈ ആവശ്യവമുയര്‍ത്തി അഫ്രീദി ചൂണ്ടിക്കാണിക്കുന്നത്. ‘ബിസിസിഐ ശക്തമായ ബോര്‍ഡാണ്. അവര്‍ക്ക് അതിന്റെ ഉത്തരവാദിത്വങ്ങളുമുണ്ട്. കൂടുതല്‍ സുഹൃദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കണം, ശത്രുക്കളെ സൃഷ്ടിക്കരുത്. കൂടുതല്‍ സൗഹൃദമുണ്ടാവുമ്പോള്‍ കൂടുതല്‍ ശക്തരാകും. ഇന്ത്യ പാക്കിസ്താനില്‍ വന്നാല്‍ നന്നായിരിക്കും. ബന്ധങ്ങള്‍ മെച്ചപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. വഴക്കുകളില്‍ താല്‍പര്യമുള്ള തലമുറയല്ല ഇപ്പോഴത്തേത്. ഇരു രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ആദ്യ ചുവടായി ഇതിനെ കാണണം. നിലവില്‍ പാക്കിസ്താന്‍ സുരക്ഷിതമാണ്. അടുത്തിടെ നിരവധി രാജ്യങ്ങള്‍ പാക്കിസ്താനില്‍ പര്യടനത്തിനെത്തി. ഇന്ത്യയില്‍ നിന്നും ഞങ്ങള്‍ക്കും സുരക്ഷാഭീഷണിയുണ്ടെന്ന് ഓര്‍ക്കണം.’

നേരത്തെ മുന്‍ ഇന്ത്യന്‍താരം ഹര്‍ഭജന്‍ സിംഗ് ഇന്ത്യ പാക്കിസ്താനില്‍ കളിക്കാന്‍ പോകുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ‘ഇന്ത്യ പാക്കിസ്താനിലേക്ക് പോകരുത്, അവിടം സുരക്ഷിതമല്ല. അവിടുത്തെ ജനങ്ങള്‍ പോലും സ്വന്തം നാട്ടില്‍ സുരക്ഷിതരല്ലാതിരിക്കുമ്പോള്‍ ഇന്ത്യ എന്തിനാണ് പാക്കിസ്താനിലേക്ക് യാത്ര ചെയ്യാനുള്ള റിസ്‌ക് എടുക്കുന്നത്’ എന്നായിരുന്നു ഹര്‍ഭജന്‍ സിംഗിന്റെ പ്രതികരണം.

ഇതിനിടെ ഏഷ്യാ കപ്പിലെ ഇന്ത്യന്‍ പ്രാധിനിത്യം അനിശ്ചിതത്വത്തിലായിരിക്കെ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ബോര്‍ഡുകള്‍ തമ്മിലുള്ള ബന്ധവും ഉലയുന്ന നിലയിലാണ് കാര്യങ്ങളുടെ പോക്ക്. ഏഷ്യാ കപ്പില്‍ ഇന്ത്യ കളിച്ചില്ലെങ്കില്‍ ഈ വര്‍ഷം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പില്‍ കളിക്കുന്നതിനെക്കുറിച്ച് പാക്കിസ്ഥാനും ആലോചിക്കേണ്ടി വരുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജാം സേഥി പറഞ്ഞിരുന്നു. മറ്റൊരു ടീമിനും ഇല്ലാത്ത എന്ത് സുരക്ഷാ പ്രശ്‌നമാണ് ഇന്ത്യക്ക് മാത്രമായി പാക്കിസ്ഥാനിലുള്ളതെന്നും സേഥി ചോദിച്ചിരുന്നു. ഇത്തരം ചര്‍ച്ചകളെല്ലാം നടക്കുമ്പോഴും ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ബിസിസിഐ. പാക്കിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന 2025ലെ ചാംപ്യന്‍സ് ട്രോഫിയിലും ഇന്ത്യ പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News