ഇല്ല, ഇനി കരയാനില്ല…. സങ്കടം വറ്റിയതുകൊണ്ടല്ലത്, ഉള്ളിലൊരു കടലാണ്..അത് ഇരമ്പിയാര്‍ക്കുന്നുമുണ്ട്, പക്ഷേ ഇനി ജീവിക്കണം..ജീവിക്കാനേ ഷൈജയ്ക്കിനി സമയമുള്ളൂ.!

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് തകര്‍ന്നടിഞ്ഞ മുണ്ടക്കൈയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുക്കുന്ന ജീവനറ്റ ശരീരങ്ങളെ തിരിച്ചറിഞ്ഞ് അവരുടെ ഉറ്റവര്‍ക്ക് വിട്ടുനല്‍കാനായി ഇന്‍ക്വസ്റ്റ് ഹാളില്‍ സഹായിക്കുന്ന ഒരാളുണ്ട് വയനാട്ടില്‍, ഷൈജ. കഴിഞ്ഞ 15 വര്‍ഷമായി മുണ്ടക്കൈയിലെ ആശാവര്‍ക്കറാണ്. കഴിഞ്ഞ ടേമില്‍ അവിടുത്തെ പഞ്ചായത്ത് മെമ്പറുമായി. മുണ്ടക്കൈയിലെയും ചൂരല്‍മലയിലേയുമൊക്കെ ഏതാണ്ട് മുഴുവന്‍ ആളുകളേയും ഷൈജയറിയും. അതുകൊണ്ട് തന്നെ ഇന്‍ക്വസ്റ്റ് ഹാളില്‍ നിന്നും നൂറോളം മൃതദേഹങ്ങള്‍ക്ക് ഉറ്റവരുണ്ടാകുന്നത് ഷൈജ വഴിയാണ്. ഈ മനുഷ്യരെയൊക്കെ ഷൈജയെങ്ങനെയാണ് ഓര്‍മിക്കുന്നത്? കാരണം ലളിതമാണ്. ഷൈജയ്്ക്ക് മനുഷ്യബന്ധങ്ങളുടെ ആഴമറിയാം, അതിന്റെ മൂല്യവും. പരസ്പര ബന്ധങ്ങള്‍ ഷൈജയ്ക്ക് അത്രമാത്രം ഒഴിച്ചുകൂടാനാവാത്തതാണ്. 2019-ലെ ഉരുള്‍പൊട്ടലില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടയാളാണ് ഷൈജ. അതും ഒന്നല്ല, രണ്ടു തവണ. വാശിയോടെയായിരുന്നു അന്ന് ജീവിതത്തിലേക്ക്് തിരിച്ചുനടന്നത്. അന്ന് ജീവിച്ചു കാണിക്കാതെ ഷൈജയ്ക്ക് പറ്റില്ലായിരുന്നു.

ALSO READ: വയനാട് ഉരുൾപൊട്ടൽ; ദുരിതമനുഭവിക്കുന്ന രണ്ട് കുടുംബങ്ങൾക്ക് സ്ഥലം വിട്ടുനൽകി സുൽത്താൻ ബത്തേരി സ്വദേശി, പ്രമാണങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറി

കാരണം രണ്ടും നാലും വയസ്സുള്ള രണ്ട് കുഞ്ഞുങ്ങളെ ഏല്‍പ്പിച്ച് തന്റെ 25ാം വയസ്സില്‍ ഭര്‍ത്താവ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയതാണ്. അന്ന് പിടിച്ചു നിന്നിട്ടുണ്ട്. പിന്നയല്ലേ ആ ഉരുള്‍പൊട്ടല്‍. പക്ഷേ അതിജീവനമെന്ന സാഹസത്തിനിടയില്‍ ഷൈജ പോരാട്ടത്തിന്റെയും മൂര്‍ച്ച കൂട്ടിക്കൊണ്ടിരുന്നു. ആദ്യം ചൈല്‍ഡ് ലൈനില്‍ ചെറിയൊരു ജോലി കിട്ടി. കുറച്ചുകാലം അങ്ങനെപോയി. പിന്നീട് കുടുംബശ്രീയാണ് ഷൈജയുടെ ജീവിതം മാറ്റിമറിയ്ക്കുന്നത്. ഒപ്പം ആശാ വര്‍ക്കറായും ജോലി തുടങ്ങി. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു. നാടിന്റെ ഓരോ മൊക്കിലും മൂലയിലുമെത്തി. നാട്ടിലെ ഓരോ ആവശ്യങ്ങളിലും നാട്ടുകാര്‍ക്കൊപ്പം നിന്നു. പരിചയക്കാരായ മുഴുവന്‍ മനുഷ്യര്‍ക്കും പ്രിയപ്പെട്ടവളായി. ആ സമയത്താണ് ഈ ദുരന്തം. കുടുംബത്തിലെ ഒന്‍പതു പേരെയാണ് ഷൈജയ്ക്ക് ഈ ദുരന്തത്തില്‍ നഷ്ടമായത്. പക്ഷേ ഷൈജ പതറിയില്ല. കാണാതായ ആ ഒന്‍പതു പേരുടെ വിവരവും ലഭിക്കുന്നതിനു മുന്‍പേയാണ് ചിതറിയ ശരീരഭാഗങ്ങളുമായി തന്റെ മുന്നിലെത്തുന്ന ഓരോ മൃതദേഹങ്ങളെയും ഷൈജ തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നത്. ദുരന്തത്തിലിനിയും കണ്ടെത്താനുള്ള മനുഷ്യരെക്കുറിച്ച് പറയുമ്പോള്‍ ഷൈജയുടെ ഉള്ളിലൊരു ആന്തലാണ്. പക്ഷേ ഒരിറ്റ് കണ്ണീരുപോലും അവര്‍ പൊഴിക്കാനാഗ്രഹിക്കുന്നില്ല. ജീവിതമാണ്.. വഴിയിലിനിയും കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷേ മുന്നോട്ട് പോയേ മതിയാകൂ. മറ്റാരേക്കാളും ഷൈജയ്ക്കതറിയാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News