ഇന്ത്യന്‍ ലോംഗ്ജംപ് ചരിത്രത്തിലെ തിളക്കമുള്ള അധ്യായങ്ങളാണ് രാജ്യത്തിന് വേണ്ടി ടി.സി.യോഹന്നാനും അഞ്ജു ബോബി ജോര്‍ജും കാഴ്ചവച്ച പ്രകടങ്ങള്‍. 1974ല്‍ ടെഹ്‌റാന്‍ ഏഷ്യന്‍ ഗെയിംസില്‍ യോഹന്നാന്‍ സ്വര്‍ണം നേടിയ 8.07 മീറ്റര്‍ ദൂരം ഏഷ്യന്‍ റെക്കോര്‍ഡോടെ പതിറ്റാണ്ടോളം നിലനിന്നിരുന്നു. 8.08 മീറ്റര്‍ ദൂരം താണ്ടി യോഹന്നാന്റെ ദേശീയ റെക്കോര്‍ഡ് 2004 ല്‍ അമൃത്പാല്‍ സിംഗ് തിരുത്തി. മലയാളി താരം എം. ശ്രീശങ്കര്‍ 8.36 മീറ്ററിലും ഏറ്റവും ഒടുവില്‍ തമിഴ്‌നാടിന്റെ ജസ്വിന്‍ ആള്‍ഡ്രിന്‍ 8.42 മീറ്ററിലുമാക്കി റെക്കോര്‍ഡ് വീണ്ടും പുതുക്കി. എന്നാല്‍ വനിതാ വിഭാഗത്തില്‍ അഞ്ജു ബോബി ജോര്‍ജ് 2004ല്‍ ഏഥന്‍സ് ഒളിംപിക്‌സില്‍ താണ്ടിയ 6.83 മീറ്റര്‍ ആണ് ഇന്നും ദേശീയ റെക്കോര്‍ഡായി തുടരുന്നത്.
പത്തൊന്‍പത് വര്‍ഷമായി തകര്‍ക്കാന്‍ അഞ്ജുവിന്റെ റെക്കോര്‍ഡ് ഇനി ആര് തിരുത്തും എന്ന ചോദ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ടും പതിറ്റാണ്ടുകളായി എന്നതാണ് രസകരം. അഞ്ജുവിന്റെയും റോബര്‍ട് ബോബിയുടെയും ശിഷ്യയായ ഷൈലി സിംഗ് കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 6.76 മീറ്റര്‍ ചാടിയതോടെയാണ് വീണ്ടും ഈ ചോദ്യം കായിക പ്രേമികള്‍ വീണ്ടും ഉയര്‍ത്തുന്നത്. കര്‍ണാടകയുടെ ഐശ്വര്യ ബാബു പോയ വര്‍ഷം ജൂണില്‍ 6.73 മീറ്റര്‍ താണ്ടി പ്രതീക്ഷ നല്‍കി. ട്രിപ്പിള്‍ ജംപില്‍ ദേശീയ റെക്കോര്‍ഡും ഐശ്വര്യ മാറ്റി എഴുതി. എന്നാല്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ട ഐശ്വര്യ നിലവില്‍നാലു വര്‍ഷം വിലക്ക് നേരിടുകയാണ്.
ജെ.ജെ.ശോഭ, വി.നീന (6.66 മീറ്റര്‍), മയൂഖ ജോണി (6.64 മീറ്റര്‍), എ. പ്രജുഷ, നയന ജെയിംസ് (6.53 മീറ്റര്‍) എന്നിവരെ മറികടന്ന ഷൈലിക്കു മുന്നില്‍ ഇനി അഞ്ജു മാത്രമേയുള്ളു. നിലവില്‍ ലോക യൂത്ത് റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുള്ള പത്തൊന്‍പതാം വയസ്സിലാണ് ഷൈലി ഈ നേട്ടം കൈവരിച്ചത്. അഞ്ജുവിലുടെ നഷ്ടപ്പെട്ട ഒളിംപിക് മെഡല്‍ ഷൈലിയിലൂടെ ഇന്ത്യ തിരിച്ചുപിടിക്കും എന്ന് പ്രതീക്ഷിക്കാം. അതിന് മുമ്പ് അഞ്ജുവിന്റെ റെക്കോര്‍ഡ് ഷൈലി തിരുത്തുമെന്നും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here