മഹാരാഷ്ട്രയിലെ രാഷ്ട്രീയ അകത്തളങ്ങളിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി നടക്കുന്ന അടക്കം പറച്ചിൽ എൻസിപിയിലെ ഇരുവിഭാഗം നേതാക്കളും അനുരഞ്ജനത്തിലേർപ്പെടുമെന്ന അഭ്യുഹങ്ങളാണ്.
ശരദ് പവാർ പിതാവിനെപ്പോലെയാണെന്നും പവാർ കുടുംബം ഒന്നിച്ചാൽ താൻ സന്തോഷവാനായിരിക്കുമെന്നും കഴിഞ്ഞ ദിവസം അജിത് പവാർ ക്യാമ്പിലെ പ്രഫുൽ പട്ടേൽ പറഞ്ഞതിന് പിന്നാലെ അജിത് പവാറിൻ്റെ അമ്മ മകനെയും ഭാര്യാസഹോദരൻ ശരദ് പവാറിനെയും വീണ്ടും ഒന്നിക്കണമെന്ന് ആവശ്യമാണ് പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
ALSO READ; നിമിഷപ്രിയയുടെ മോചനം; കേസിൽ ഇടപെടാൻ തയാറെന്ന് ഇറാൻ
“അജിത്തും ശരദ് പവാറും വീണ്ടും ഒന്നിക്കണമെന്നാണ് ഞാൻ പ്രാർത്ഥിച്ചത്” ബുധനാഴ്ച വിത്തൽ-രുക്മിണി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ ശേഷം പണ്ഡർപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച അജിത് പവാറിൻ്റെ അമ്മ ആശാതായി പറഞ്ഞു
ഡിസംബർ 12 ന് ശരദ് പവാറിൻ്റെ ജന്മദിനാശംസകൾ അറിയിക്കാൻ അജിത് പവാർ ഡൽഹിയിലെ ശരദ് പവാറിൻ്റെ വസതിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയതിന് ശേഷമാണ് അനുരഞ്ജനത്തിനുള്ള അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ശരദ് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തെ എക്കാലത്തെയും മോശമായ പ്രതിസന്ധിയിലാക്കി ഒരു മാസത്തിന് ശേഷമാണ് സന്ദർശനം.നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) പിളർപ്പിന് ശേഷം രണ്ട് പ്രധാന തെരഞ്ഞെടുപ്പുകൾ നടന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശരദ് പവാറിൻ്റെ എൻസിപി-എസ്പി എട്ട് സീറ്റുകൾ നേടി അജിത് പവാറിൻ്റെ എൻസിപിയെ പിന്തള്ളിയപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കളി മാറി മറിയുകയായിരുന്നു. എൻസിപി 41 സീറ്റുകൾ നേടിയപ്പോൾ എൻസിപി-എസ്പി 10 സീറ്റിലാണ് ഒതുങ്ങിയത്.
ശരദ് പവാറും അജിത് പവാറും തങ്ങളുടെ വ്യക്തിബന്ധം നല്ല നിലയിലാണെന്ന് സൂചന നൽകിയതോടെ, ഇരു നേതാക്കളും തമ്മിൽ വീണ്ടും ഒത്തുചേരാനുള്ള ശ്രമത്തിലാണ് ഇരുപക്ഷത്തു നിന്നുമുള്ള നേതാക്കളും കുടുംബാംഗങ്ങളും. മോദി മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുള്ള എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ശരദ് പവാറിനെ തങ്ങളുടെ ‘ദൈവം’ എന്ന് വിശേഷിപ്പിച്ചത് ലയന സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്.
ശരദ് പവാറിനെ വളരെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും ഒരു പുനഃസംഘടന പാർട്ടിക്കും പ്രവർത്തകർക്കും ഗുണംചെയ്യുമെന്നാണ് എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നർഹരി സിർവാൾ കൂട്ടിച്ചേർക്കുന്നത്.വോട്ടിങ് യന്ത്രത്തെ തെളിവില്ലാതെ സംശയിക്കരുതെന്ന് അടുത്തിടെ സുപ്രിയ സുലെ പറഞ്ഞതും ഇതിനോട് ചേർത്ത് വയ്ക്കാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here