ശിവസേനയെ തകർക്കാൻ ബിജെപി ആസൂത്രണം ചെയ്തു, ശരദ് പവാറിൻ്റെ വെളിപ്പെടുത്തൽ

ശിവസേനയെ തകർക്കാൻ ബിജെപി ആസൂത്രണം ചെയ്തിരുന്നതായി ശരദ് പവാറിന്റെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആത്മകഥയുടെ രണ്ടാം ഭാഗത്തിലാണ് മഹാരാഷ്ട്രയിൽ ശിവസേനയെ ഇല്ലാതാക്കി ഒറ്റയ്ക്ക് വാഴാനുള്ള ബിജെപിയുടെ നീക്കത്തെ കുറിച്ചുള്ള എൻസിപി മുൻ അധ്യക്ഷൻ ശരദ് പവാറിന്റെ പരാമർശം.

മൂന്ന് പതിറ്റാണ്ട് സഖ്യകക്ഷിയായിരുന്ന ശിവസേനയെ ഇല്ലാതാക്കാനായിരുന്നു ബിജെപി കളമൊരുക്കിയത്. കഴിഞ്ഞ ദിവസം മുംബൈയിൽ പുറത്തിറക്കിയ ആത്മകഥയിൽ എൻസിപി മുൻ അധ്യക്ഷൻ ശരദ് പവാർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഈ പദ്ധതി ആസൂത്രണം ചെയ്തതെന്നും ശരദ് പവാർ പറയുന്നു. ശിവസേനയെ തകർക്കാതെ മഹാരാഷ്ട്രയിൽ പ്രാമുഖ്യം നേടാനാകില്ലെന്ന ബിജെപിയുടെ തിരിച്ചറിവാണ് നീക്കത്തിന് പിന്നിലെന്നും പവാർ ആത്മകഥയുടെ രണ്ടാം ഭാഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി അധികാരം പങ്കിടാതെ വാഴാമെന്ന അമിതമായ ആത്മവിശ്വാസത്തിലായിരുന്നു ബിജെപി. ശിവസേനയിൽനിന്ന് പുറത്തുപോയ നാരായൺ റാണെ അടക്കമുള്ള വിമത സ്ഥാനാർഥികളെ അമ്പതോളം മണ്ഡലങ്ങളിൽ നിർത്തുകയും മറ്റിടങ്ങളിൽ പിന്തുണച്ചുമായിരുന്നു ബിജെപി കരു നീക്കിയത്.

അധികാരത്തിനായി അവകാശവാദം ഉന്നയിക്കാനാകാതെ ശിവസേന എംഎൽഎമാരുടെ എണ്ണം വെട്ടിക്കുറച്ച് തകർക്കാനുള്ള ശ്രമമായിരുന്നു അതെന്നും പവാർ ആത്മകഥയിൽ വിശദീകരിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അന്നത്തെ ബിജെപി അധ്യക്ഷൻ അമിത് ഷായുടെയും ശരീരഭാഷ ശിവസേനയോട് അനുഭാവമുള്ളതായിരുന്നില്ലെന്നും പവാർ ആത്മകഥയിൽ പരാമർശിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here