മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷം എൻ.സി.പി.യുടെ പുണെയിലുള്ള മുതിർന്ന നേതാക്കൾ അടക്കം ഇരുപത്തി അഞ്ചോളം പ്രവർത്തകർ ശരദ് പവാർ പക്ഷത്തേക്ക് മാറിയതിനുപിന്നാലെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ നിന്നും സമാനമായ നീക്കമുണ്ടായി.
മുൻമന്ത്രിയും ബി.ജെ.പി. മുതിർന്നനേതാവുമായ മാധവറാവു കിൻഹാൽക്കറാണ് കഴിഞ്ഞ ദിവസം പവാർ ക്യാമ്പിൽ ചേർന്നത്. മുൻകേന്ദ്രമന്ത്രി സൂര്യകാന്ത പാട്ടീൽ അടുത്തിടെ ബി.ജെ.പി. വിട്ട് ശരദ് പവാർ ക്യാമ്പിലെത്തിയിരുന്നു. പോയ വാരം അജിത് പവാർ പക്ഷത്തെ എം.എൽ.എ.യായ അതുൽ ബെങ്കെ ശരദ് പവാറുമായി കൂടിക്കാഴ്ചനടത്തിയതും മഹായുതി ക്യാമ്പിൽ ആശങ്ക പടർത്തിയിരുന്നു. പോയ വാരം മുതിർന്നനേതാവും മന്ത്രിയുമായ ഛഗൻ ഭുജ്ബൽ ശരദ് പവാറിനെ പുണെയിലെത്തി കണ്ടിരുന്നു. അജിത് പക്ഷത്തെ 19 എം എൽ എ മാർ ഇതിനകം ചാഞ്ചാടി നിൽക്കുമ്പോഴാണ് മഹാരാഷ്ട്രയിൽ രാഷ്ട്രീയ അടിയൊഴുക്കുകൾ ശക്തമായിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ച വച്ച മഹാരാഷ്ട്രയിലെ കരുത്തനായ നേതാവിന് പുറകിൽ അണി നിരക്കാനാണ് വിമത നീക്കം നടത്തിയ നേതാക്കളും ശ്രമങ്ങൾ നടത്തുന്നത്.
മറാത്തവാഡ മേഖലയിൽനിന്നുള്ള പ്രമുഖനേതാവാണ് കിൻഹാൽക്കർ, ശരദ് പവാറും ബാരാമതിയിൽനിന്നുള്ള എം.പി.യായ സുപ്രിയ സുലെയും മറ്റ് മുതിർന്ന നേതാക്കളും പങ്കെടുത്ത പിംപ്രി-ചിഞ്ച്‌വാഡ് റാലിയിലായിരുന്നു കിൻഹാൽക്കർ പാർട്ടിയിൽ ചേർന്നത്. പവാർ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നപ്പോൾ കിൻഹാൽക്കർ ആഭ്യന്തരവകുപ്പ് മന്ത്രിയായിരുന്നിട്ടുണ്ട്.
അഴിമതിയാരോപണം നേരിടുന്ന 25 നേതാക്കൾ ബി.ജെ.പി.യിൽ ചേർന്നപ്പോൾ 23 പേർക്കെതിരേയുള്ള അന്വേഷണം ഇതിനകം സർക്കാർ അവസാനിപ്പിച്ചതായി സംസ്ഥാന എൻ.സി.പി. പ്രസിഡന്റ് ജയന്ത് പാട്ടീൽ ആരോപിച്ചു. ബി.ജെ.പി.യിൽ ചേർന്നാൽ ജയിലിൽ പോകുന്നത് ഒഴിവാക്കാമെന്നുള്ള സന്ദേശമാണ് സർക്കാർ നൽകുന്നതെന്നും പാട്ടീൽ ചൂണ്ടിക്കാട്ടി . അജിത് പവാർ, പ്രഫുൽ പട്ടേൽ തുടങ്ങി ബിജെപി സഖ്യവുമായി കൈകോർത്ത നിരവധി നേതാക്കളുടെ ആയിരക്കണക്കിന് കോടിയുടെ അഴിമതി അന്വേഷണങ്ങളാണ് കാറ്റിൽ പറത്തിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here