മത്സരിച്ച 10 സീറ്റുകളിൽ എട്ടിലും മഹാരാഷ്ട്രയിൽ വിജയിച്ച് ശരദ് പവാർ. തന്റെ അനന്തരവനായ അജിത് പവാറുമായി ഇടഞ്ഞ് ശരദ് പവാറിന്റെ പാർട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടിരുന്നു. ഇതിനു ശേഷവും രാഷ്ട്രീയത്തിൽ ഒട്ടും കരുത്ത് കുറഞ്ഞിട്ടില്ലെന്നാണ് ഈ തെരഞ്ഞെടുപ്പിലൂടെ ശരദ് പവാർ തെളിയിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിൽ എൻസിപി ഭാഗമായ വികാസ് അഘാഡി സഖ്യമാണ് മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കിയത്.
എൻഡിഎയ്ക്കെതിരെ നിൽക്കാൻ പ്രതിപക്ഷ പാർട്ടികളെയെല്ലാം ഒരുമിപ്പിച്ച് ദേശീയ സഖ്യമുണ്ടാക്കുക എന്ന ആശയത്തിന്റെ സൂത്രധാരൻ തന്നെ ശരദ് പവാറാണ്. അതിനാൽ തന്നെ ഈ വിജയവും പവാറിന്റെ ആധിപത്യം തെളിയിക്കുന്നതാണ്. വരും വർഷങ്ങളിൽ പ്രതിപക്ഷ സഖ്യം കൂടുതൽ ശക്തമാകുമെന്ന് അടുത്തിടെ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പവാർ പറഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സഖ്യത്തിനു പിന്നിലും ശരദ് പവാറിന്റെ ബുദ്ധി തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളത്.
മഹാരാഷ്ട്രയിൽ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ശരദ് പവാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് കടുത്ത ആക്രമണം നടത്തിയിരുന്നു. അതൊന്നും വോട്ടർമാരെ യാതൊരു രീതിയിലും ബാധിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ശരദ് പവാറിനെ സംബന്ധിച്ച് പാർട്ടിയുടെ നിലനിൽപ്പും സ്വന്തം നിലനിൽപ്പും ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമായിരുന്നു.
2023 -ലാണ് അജിത് പവാർ എൻസിപിയിൽനിന്ന് പിളർന്ന് 41 എംഎൽഎമാർക്കൊപ്പം ബിജെപി പിന്തുണയുള്ള ശിവസേനയുടെ ഏക്നാഥ് ഷിൻഡേ വിഭാഗത്തിനൊപ്പം ചേർന്നത്. ഇതിനുപിന്നാലെ പാർട്ടിയുടെ പേരും ചിഹ്നവും അജിത് പവാർ സ്വന്തമാക്കിയിരുന്നു. എങ്കിലും ചാരത്തിൽനിന്ന് പറന്നുയരുമെന്ന് ശരദ് പവാർ അന്ന് തന്നെ പ്രഖ്യാപിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here