ആയിരം ചിറകുള്ള സ്വപ്നത്തെ വീൽചെയറിലിരുന്ന് എത്തിപിടിച്ച പെൺകൊടി; ഫീനിക്സ് അവാർഡിൽ മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി ശാരിക

കൈരളി ടി വി ഫീനിക്സ് അവാർഡ് മമ്മൂട്ടിയിൽ നിന്ന് ഏറ്റുവാങ്ങി ശാരിക. മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം ആണ് എ കെ ശാരിക സ്വന്തമാക്കിയത്. അവശതകൾക്കിടയിലും തന്റെ സ്വപ്ങ്ങൾക്ക് ചിറക് നൽകി ഫീനിക്സ് പക്ഷിയെ പോലെ പറന്നുയരുകയായിരുന്നു ശാരിക. സെറിബ്രൽ പാൾസിയെ അതിജീവിച്ച് സിവിൽ സർവ്വീസ് സ്വന്തമാക്കിയ ശാരികയുടെ വിജയം ചരിത്രമാകുകയാണ്.

ALSO READ: ‘നിങ്ങളെത്ര പാലും വെള്ളവും ഒഴുക്കിയാലും കെഎസ്‌യുവും എംഎസ്എഫും ക്യാമ്പസുകളിൽ തളിർക്കില്ല, കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണ്, കുപ്പിയും കോഴിക്കാലും കണ്ടിട്ടല്ല’

അറിയാം ശാരികയെ കുറിച്ച്

ശാരിക ജനിച്ചപ്പോ‍ഴേ ഒരു കാലിനു നീളക്കുറവുണ്ടായിരുന്നു. വളർന്നപ്പോൾ മറ്റേ കാലിനു ബലക്കുറവും വന്നുപെട്ടു. ശസ്ത്രക്രിയയിലൂടെ കാൽ ഒട്ടൊന്നു ശരിയാക്കിയപ്പോൾ പിന്നെയും പിന്നെയും പല വിധ ശാരീരികാവശതകൾ. പിന്നീടാണ്അവൾക്ക് ‘സെറിബ്രൽ പാൾസി’യാണെന്ന വൈദ്യശാസ്ത്ര വിധിതീർപ്പ് കീ‍ഴരിയൂരിലെ ആ വീട്ടിൽ അശനിപാതംപോലെ വന്നുവീണത്.

പക്ഷേ, ശാരിക വളർന്നു. ഖത്തറിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അച്ഛൻ ശശിയും അമ്മ രാഗിയും ചികിത്സനല്കിയും വേണ്ടതെല്ലാം കൊടുത്തും പിൻതുണ നല്കി.കുട്ടിക്കാലത്ത് അമ്മ എടുത്തുകൊണ്ടാണ് സ്കൂളിൽ കൊണ്ടുപോയിരുന്നത്.മുതിർന്നപ്പോൾ ഓട്ടോ റിക്ഷയെയും വീൽ ചെയറിനെയും ആശ്രയിച്ചു. മേപ്പയൂർ സർക്കാർ സ്കൂളിലും കൊയിലാണ്ടി എസ്എൻഡിപി യോഗം കോളേജിലും പഠിച്ചു.ഇംഗ്ലീഷിൽ ബിരുദം നേടി. വലത്തേ കൈയിൽ മൂന്നു വിരലേയുള്ളൂ എന്നതിനാൽ, ഇടത്തേ കൈകൊണ്ട് പരീക്ഷകൾ എ‍ഴുതിയാണ് ശാരിക വിജയത്തുടർച്ചകൾ കൈവരിച്ചത്.പിന്നാലേ, പ്രശാന്ത് നായർ ഐഎഎസിന്റെ ‘കളക്ടർ ബ്രോ’ എന്ന പുസ്തകം ആ പെൺകുട്ടിയെ ആവേശം കൊള്ളിച്ചു. സിവിൽ സർവ്വീസ് അവളുടെ ലക്ഷ്യമായി.ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി തിരുവനന്തപുരത്തെ ‘ആബ്സല്യൂട്ട് ഐഎഎസ് അക്കാദമി’ ഒരുക്കിയ ഓൺലൈൻ കോ‍ഴ്സിൽ ചേർന്നു. അതിവേഗംഎ‍ഴുതേണ്ടതിനാൽ, ഈ പരീക്ഷയ്ക്ക് ‘സ്ക്രൈബി’ന്റെ സേവനം എടുത്തു.

വിജയശ്രീലാളിതയായി സിവിൽ സർവ്വീസ് നേടി – സെറിബ്രൽ പാൾസിയെ അതിജീവിച്ച് ഇന്ത്യൻ സിവിൽ സർവീസിലെത്തുന്ന ആദ്യ വിദ്യാർത്ഥിയായി ചരിത്രത്തിലേയ്ക്ക്. ഞങ്ങൾ അഭിമാനത്തോടെ അംഗീകരിക്കുന്നു:ജന്മത്തിലേ വന്നുപെട്ട അവശതയെ അംഗീകരിച്ച് മഹാരോഗിയായി ഒതുങ്ങിക്കൂടാതിരുന്ന ഈ നിശ്ചയദാർഢ്യത്തെ,ഏറ്റവും തിളക്കമുള്ള ഉദ്യോഗംതന്നെ ലക്ഷ്യമായി തെരഞ്ഞെടുത്ത ഈ മനസ്സിലെ ആയിരം ചിറകുള്ള സ്വപ്നത്തെ,വീൽചെയറിലിരുന്ന് സംസ്ഥാന തലസ്ഥാനത്തെ പരീക്ഷയിലും രാജ്യതലസ്ഥാനത്തെ അഭിമുഖത്തിലും പങ്കെടുത്ത് ആകാശലക്ഷ്യം എത്തിപ്പിടിച്ച ഈ അതിജീവനത്തെ.കൈരളി ചെയർമാൻ പദ്മശ്രീ ഭരത് മമ്മൂട്ടിയുടെ പ്രത്യേക പുരസ്കാരം എ കെ ശാരികയ്ക്ക്.

ALSO READ: സൂക്ഷിക്കുക ! പണം തട്ടാൻ പുതിയ വഴി; ഇ ചെല്ലാൻ തട്ടിപ്പിൽ കുടുങ്ങരുത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News