ഷാര്‍ജയില്‍ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. ലോകത്തെ ഏറ്റവും വലിയ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിനാണ് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ തുടക്കം കുറിച്ചത്. യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവലിന്റെ 14-ാമത് എഡിഷന്‍ ഉദ്ഘാടനം ചെയ്തത്.
93 അറബ് പ്രസാധകരും 48 വിദേശ പ്രസാധകരും ഉള്‍പ്പെടെ 141 പ്രസാധകരാണ് മേളയില്‍ പുസ്തകങ്ങളുമായി എത്തിയിരിക്കുന്നത്. വ്യത്യസ്തങ്ങളായ നിരവധി അനുബന്ധ പരിപാടികളും വായനോത്സവത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്നുണ്ട്. ഇന്ത്യയുള്‍പ്പെടെ 66 രാജ്യങ്ങളില്‍ നിന്നുള്ള 512 അതിഥികള്‍ വായനോത്സവത്തില്‍ പങ്കെടുക്കുന്നു.
അറിവിന്റെ പുതിയ മേഖലകളിലേക്ക് കുട്ടികളെ നയിക്കുകയാണ് ഷാര്‍ജ ബുക്ക് അതോറിറ്റി സംഘടിപ്പിക്കുന്ന ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍. 1658 ശില്‍പശാലകളും സെഷനുകളും വായനോത്സവത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
പുസ്തകങ്ങളെയും വായനയേയും ഇഷ്ടപ്പെടുന്ന യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാധികാരത്തിലാണ് കുട്ടികളുടെ വായനോത്സവം നടക്കുന്നത്. ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന വായനോത്സവം മെയ് പതിനാലു വരെ നീണ്ടു നില്‍ക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here