നാടിനെ നടുക്കിയ ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചിരിക്കുന്നു. കഷായത്തിൽ വിഷം കലർത്തി നൽകി പെൺ സുഹൃത്ത് യുവാവിനെ കൊലപ്പെടുത്തിയ വാർത്ത കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു. നാട്ടിൽനിന്ന് കോളേജിലേക്കുള്ള ബസ് യാത്രയിലാണ് ഗ്രീഷ്മയും ഷാരോൺ രാജും പരിചയത്തിലാകുന്നത്. എല്ലാ ദിവസവും ഒരേ ബസിലായിരുന്നു ഇരുവരുടെയും യാത്ര. അഴകിയ മണ്ഡപം മുസ്ലീം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എ വിദ്യാർഥിനിയായിരുന്നു ഗ്രീഷ്മ. നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിയായിരുന്നു ഷാരോൺ രാജ്.
നാട്ടിൽ നിന്നുള്ള ബസിൽ അഴകിയ മണ്ഡപത്താണ് ഇരുവരും ഇറങ്ങിയിരുന്നത്. ഇവിടെനിന്ന് ഷാരോൺ മറ്റൊരു ബസിലാണ് നെയ്യൂരിലേക്ക് പോകുന്നത്. ബസ് സ്റ്റാൻഡിൽ കൂടുതൽ സമയം ചെലവിട്ടതോടെ ഇരുവരുടെയും സൌഹൃദം പ്രണയമായി മാറി. ഇതോടെ ഷാരോൺ പോകുന്നതുവരെ ഗ്രീഷ്മ ബസ് സ്റ്റാൻഡിൽ തുടരുമായിരുന്നു. ഷാരോൺ പോയശേഷമാണ് ഗ്രീഷ്മ കോളേജിലേക്ക് പോയിരുന്നത്.
ഇവരുടെ പ്രണയം ദൃഢമായതോടെ യാത്ര ഇരുചക്രവാഹനത്തിലാക്കി. ഗ്രീഷ്മയെ കോളേജിലാക്കിയ ശേഷമാണ് ഷാരോൺ നെയ്യൂരിലുള്ള ക്രിസ്ത്യൻ കോളേജിലേക്ക് പോയിരുന്നത്. വൈകുന്നേരവും ഇരുവരുടെയും യാത്ര ഒരുമിച്ച് തന്നെയായിരുന്നു. ഒരു വർഷത്തോളമായി ഇവരുടെ പ്രണയം തുടർന്നു.
അതിനിടെ ഗ്രീഷ്മ എം എയ്ക്ക് ചേർന്നിരുന്നു. ബി എയ്ക്ക് എട്ടാം റാങ്ക് നേടിയ ഗ്രീഷ്മ എം എ പഠനത്തിൽ വളരെ പിന്നിൽ പോയിരുന്നു. കോളേജിലെ അധ്യാപകർ വിവരം വീട്ടുകാരെ അറിയിച്ചു. ചില ദിവസങ്ങളിൽ ഗ്രീഷ്മ കോളേജിൽ എത്താറില്ലെന്നും വ്യക്തമായിരുന്നു. ഇതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഗ്രീഷ്മ ഷാരോണുമായി പ്രണയത്തിലാണെന്ന വിവരം അറിയുന്നത്. തുടർന്ന് പ്രണയത്തിൽനിന്ന് ഗ്രീഷ്മയെ പിൻമാറ്റാൻ വീട്ടുകാർ ശ്രമം തുടർന്നു. ഇതാണ് നാടിനെ നടുക്കിയ കൊലപാതകത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here