2022 ഒക്ടോബർ 14ന് ഗ്രീഷ്മയുടെ വീട്ടിൽ വലിയ സന്തോഷത്തോടെയാണ് ഷാരോൺ എത്തിയത്. അതിന് തലേദിവസം ചാറ്റ് ചെയ്തപ്പോഴാണ് പിറ്റേദിവസം അമ്മ ഒരു കല്യാണത്തിന് പോകുമെന്നും, വീട്ടിലേക്ക് വരാനും ഗ്രീഷ്മ ഷാരോണിനോട് പറയുന്നത്. രാവിലെ പത്തരയോടെ വീട്ടിലെത്തിയ ഷാരോണിനോട് അരമണിക്കൂറിലേറെ ഗ്രീഷ്മ സമയം ചെലവഴിച്ചു. അതിനുശേഷമാണ് കഷായം കുടിക്കാനായി പറഞ്ഞത്. ‘കഷായം കുടിക്കാമെന്ന് ചലഞ്ച് ചെയ്തതല്ലേ, ദാ ഇരിക്കുന്നു, കുടിക്ക്’- എന്നുപറഞ്ഞാണ് ഗ്രീഷ്മ ഷാരോണിന് കഷായം നൽകിയത്.
കഷായത്തിന് നല്ല കയ്പും ചവർപ്പുമുണ്ടെന്ന് ഷാരോൺ പറഞ്ഞതോടെ ഗ്രീഷ്മ ജ്യൂസ് നൽകി. എന്നാൽ ജ്യൂസ് നൽകിയ ഉടൻ ഷാരോൺ ഛർദ്ദിച്ചു. ഏറെ ശാരീരിക അസ്വസ്ഥതകളോടെയാണ് ഷാരോൺ അവിടെനിന്ന് മടങ്ങിയത്. സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴും ഷാരോൺ രണ്ടു മൂന്ന് ആവർത്തി ഛർദ്ദിച്ചു. ഗ്രീഷ്മ തന്നെ ചതിച്ചുവെന്നും പിന്നീട് ഇതേ സുഹൃത്തിനോട് ഷാരോൺ പറഞ്ഞു.
ഗൂഗിളിൽ നോക്കിയാണ് ഗ്രീഷ്മ കഷായം ഉണ്ടാക്കാനും അതിൽ ചേർക്കേണ്ട കളനാശിനിയെക്കുറിച്ചും മനസിലാക്കിയത്. ഷഡാങ്ക പാനീയം എന്ന കഷായപ്പൊടി വെള്ളത്തിൽ ചേർത്താണ് കഷായം ഉണ്ടാക്കിയത്. അതിലേക്കാണ് കളനാശിനി ചേർത്തത്.
നേരത്തെയും ഷാരോണിനെ കൊലപ്പെടുത്താൻവേണ്ടി ഗൂഗിളിൽ നിരവധി തവണ ഗ്രീഷ്മ സെർച്ച് ചെയ്തിട്ടുണ്ട്. ഇതനുസരിച്ചാണ് ചില ഗുളികകളെക്കുറിച്ച് ഗ്രീഷ്മ മനസിലാക്കുന്നത്. അത് ജ്യൂസിൽ കലർത്തി നൽകിയെങ്കിലും ഷാരോണിന് ഒന്നും സംഭവിച്ചില്ല. ഇതേത്തുടർന്നാണ് പെട്ടെന്ന് മരണം സംഭവിക്കാത്ത, കളനാശിനി എന്ന ചിന്തയിലേക്ക് ഗ്രീഷ്മ എത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here