തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. അപൂര്‍വത്തില്‍ അപൂര്‍വമായ കേസാണിതെന്ന് പറഞ്ഞ കോടതി വിധി വായിക്കുന്നതിന് മുമ്പ് ഷാരോണിന്റെ മാതാപിതാക്കളെ അടുത്തേക്ക് വിളിപ്പിച്ചിരുന്നു.
ജപമാലയോടെ പ്രാര്‍ത്ഥനകളോടെയാണ് ഷാരോണിന്റെ അമ്മ കോടതിയിൽ വിധി കേൾക്കാൻ ഇരുന്നത്. പൊന്നുമോന് നീതി കിട്ടിയെന്നാണ് ഷാരോണിന്റെ അമ്മ പ്രിയ വിധിയോട് പ്രതികരിച്ചത്, എന്റെ പൊന്ന് മോന്റെ നിലവിളി ദൈവം കേട്ട്. ദൈവം നീതിമാനായ ജഡ്‍ജിയിൽ ഇറങ്ങിവന്ന് വളരെ തൃപ്തികരമാണ് ഒരായിരം നന്ദി എന്നാണ് പൊട്ടിക്കരഞ്ഞുകൊണ്ട് ഷാരോണിന്റെ അമ്മ പറഞ്ഞത്. നീതിപീഠത്തിനും പൊലീസിനും നന്ദി പറയുന്നതായി ഷാരോണിന്റെ സഹോദരൻ പറഞ്ഞു.
നിര്‍വികാരയായിട്ടാണ് കോടതി വിധി പ്രതിയായ ഗ്രീഷ്മ കേട്ടത്. കുറ്റകൃത്യം ചെയ്ത അന്നു മുതൽ പൊലീസ് പിടിക്കുന്നത് വരെ തെളിവുകൾ താൻ തന്നെ ചുമന്നു നടക്കുകയായിരുന്നുവെന്ന് പ്രതി അറിഞ്ഞില്ല എന്ന് ഷാരോൺ വധക്കേസ് വിധി വായിക്കുന്നതിനിടയിൽ കോടതി പറഞ്ഞു.
11 ദിവസം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ ഷാരോൺ മരണത്തോട് മല്ലിട്ടുവെന്ന് കോടതി പറഞ്ഞു. ഗ്രീഷ്മ കൊലപാതകത്തിന് പദ്ധതിയിട്ട കാര്യം ഷാരോണിന് അറിയില്ലായിരുന്നു. സ്നേഹിക്കുന്ന ഒരാളെയും വിശ്വസിക്കാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ കേസ് നൽകിയത്. ഷാരോണിന്റെ ഭാഗത്ത് നിന്ന് മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.
കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തതായി കോടതി വ്യക്തമാക്കി.
2022 ഒക്ടോബർ 14 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഒക്ടോബർ 25ന് ഷാരോൺ മരണത്തിന് കീഴടങ്ങുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here