ഷാരോൺ വധക്കേസ്: ശിക്ഷ തിങ്കളാഴ്ച വിധിക്കും; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ, ശിക്ഷയിൽ ഇളവ് വേണമെന്ന് ഗ്രീഷ്മ

Sharon murder Case

കോളിളക്കം സൃഷ്ടിച്ച ഷാരോൺ രാജ് വധക്കേസിൽ പ്രതികൾക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. ശിക്ഷാവിധിയിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയായി. അപൂർവങ്ങളിൽ അപൂർവ്വമായ കേസായി ഇതിനെ പരിഗണിക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഗ്രീഷ്മയ്ക്ക് ഒരു ഘട്ടത്തിൽ പോലും കുറ്റബോധം ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് വധശിക്ഷ തന്നെ നൽകണം പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

വിദ്യാഭ്യാസം വ‍ഴി നേടിയ ശാസ്ത്രീയമായ അറിവുകൾ ഗ്രീഷ്മ ദുരുപയോഗം ചെയ്തു. ഗ്രീഷ്മയ്ക്ക് ‘ചെകുത്താന്റെ സ്വഭാവ’മെന്നും ഒരു ചെറുപ്പക്കാരന്‍റെ സ്നേഹത്തെ കൊന്നു എന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.

ALSO READ; ‘പഠിക്കാൻ ആഗ്രഹമുണ്ട്, 24 വയസ് മാത്രമേ ആയിട്ടുള്ളു’; ശിക്ഷയിൽ ഇളവ് വേണമെന്ന് കോടതിയോട് ഗ്രീഷ്മ

ക‍ഴിഞ്ഞ ദിവസമാണ് ഷാരോണ്‍ രാജ് വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചത്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. അമ്മാവൻ നിർമലകുമാരൻ കുറ്റക്കാരൻ എന്നും കോടതി. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജാണ് വിധി പറഞ്ഞത്.

2022 ഒക്ടോബർ പതിനാലിനാണ് ഷാരോൺ രാജ് കൊല്ലപെട്ടത്. കോളേജ് വിദ്യാർത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാൻ വേണ്ടി കഷായത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നു. ഗ്രീഷ്മ നൽകിയ കഷായം കുടിച്ച കാമുകൻ ഷാരോൺ രാജ് ദിവസങ്ങൾക്ക് ശേഷം മരണപ്പെട്ടു.പൊലീസിൻ്റെ അന്വേഷണ മികവും ഒപ്പം ഷാരോണിൻ്റെ കുടുംബം നടത്തിയ പോരാട്ടവുമാണ് പ്രതികളെ നിയമത്തിനു മുന്നിലെത്തിച്ചത്. 

ALSO READ; ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ നിയമ നടപടിക്കില്ല, കോടതി നടപടിയിൽ പൂർണ തൃപ്തി; സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകിയതായും ഷാരോണിന്‍റെ സഹോദരൻ

തമിഴ്നാട്ടുകാരനായ സൈനികന്റെ വിവാഹാലോചന വന്നതോടെ ഒന്നര വര്‍ഷത്തിലേറെ പ്രണയിച്ച ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. ഷാരോണുമായുള്ള പ്രണയത്തിൽ നിന്നും പിൻമാറുന്നതിനായി ജാതി വ്യത്യാസം മുതല്‍ ഭര്‍ത്താവ് മരിക്കുമെന്ന ജാതകദോഷം വരെയുള്ള നുണക്കഥകളൊക്കെ പറഞ്ഞു നോക്കി. എന്നിട്ടും ഷാരോണ്‍ പ്രണയത്തിൽ നിന്നും പിന്‍മാറിയില്ല. അതോടെയാണ് കൊലപാതകത്തിനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചത്.

ആയിരത്തിലേറെ തവണ ഗൂഗിളില്‍ സേര്‍ച്ച് ചെയ്താണ് കഷായത്തിലോ ജ്യൂസിലോ കളനാശിനി കലര്‍ത്തുകയെന്ന ആശയത്തിലേക്ക് ഗ്രീഷ്മയെത്തിയത്. അങ്ങിനെ വിഷം ഉള്ളില്‍ ചെല്ലുന്ന ഒരാളുടെ ആന്തരികാവയവങ്ങള്‍ക്ക് എന്ത് സംഭവിക്കുമെന്ന് വരെ മനസിലാക്കിയിരുന്നു. സ്വാഭാവിക മരണം പോലെ തോന്നുമെന്ന ചിന്തയാണ് ഈ മാര്‍ഗം തിരഞ്ഞെടുക്കാന്‍ പ്രതികളെ പ്രേരിപ്പിച്ച ഘടകം.

ALSO READ; ‘തൊട്ടാല്‍പൊട്ടുന്ന സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നതിന് മികച്ച കേസ് സ്റ്റഡി’; സബ് കളക്ടര്‍ ആല്‍ഫ്രഡിനെ പ്രശംസിച്ച് സോഷ്യല്‍ മീഡിയ

ഇരുവരുടെയും രണ്ട് വര്‍ഷത്തെ ചാറ്റുകളും ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ശബ്ദങ്ങളും ഉള്‍പ്പെടെ ആയിരത്തിലേറെ ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുത്തു. ഗ്രീഷ്മയുടെ പ്രതിശ്രുത വരന്‍ ഉള്‍പ്പെടെ 68 സാക്ഷികളാണ് ഉള്ളത്. കൊലയില്‍ നേരിട്ട് പങ്കില്ലങ്കിലും അമ്മാവനും അമ്മയ്ക്കും കൊലപാതകം നടക്കാന്‍ പോകുന്നതുള്‍പ്പെടെ സകലവിവരങ്ങളിലും അറിവായിരുന്നതിനാല്‍ തുല്യപങ്കെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്

വിചാരണ വേളയിൽ പ്രതികൾക്കെതിരെ 95 സാക്ഷികളെ വിസ്തരിച്ചു. കൂടാതെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. ഒന്നാം പ്രതി ഗ്രീഷ്മക്കെതിരേ വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണത്തെ തെറ്റിദ്ധരിപ്പിച്ചതിനുമുള്ള കുറ്റം തെളിഞ്ഞതായായിരുന്നു പ്രോസിക്യൂഷൻ അന്തിമ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News