ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ നിയമ നടപടിക്കില്ലെന്നും കോടതി നടപടിയിൽ പൂർണ തൃപ്തിയുണ്ടെന്നും ഷാരോണിന്‍റെ സഹോദരൻ ഷീമോൻ രാജ് കൈരളി ന്യൂസിനോട് പറഞ്ഞു. ഗ്രീഷ്മയുടെ അമ്മയ്ക്കെതിരെ ഇനി നിയമനടപടി ഉണ്ടാവില്ല. ഗ്രീഷ്മ ശിക്ഷിക്കപ്പെടണം എന്നായിരുന്നു തങ്ങളുടെ ആവശ്യം. ഗ്രീഷ്മക്കെതിരായ വകുപ്പുകൾ മുഴുവൻ കോടതി അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
ഇന്ന് കുടുംബം മുഴുവൻ വിധി കേൾക്കാൻ കോടതിയിൽ എത്തും. പരമാവധി ശിക്ഷ തന്നെ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഷീമോൻ പറഞ്ഞു. സംസ്ഥാന സർക്കാർ കൂടെ നിന്നു. കേസിൽ സംസ്ഥാന സർക്കാർ പൂർണ്ണ പിന്തുണ നൽകിയെന്ന് ഷാരോണിന്‍റെ കുടുംബം പറഞ്ഞു. പ്രോസിക്യൂഷനും അന്വേഷണസംഘവും വലിയ പിന്തുണ നൽകി. കുടുംബത്തിന് മാധ്യമങ്ങൾ നൽകിയ പിന്തുണയും ഷാരോണിന്‍റെ സഹോദരൻ എടുത്തു പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2022 ഒക്ടോബര്‍ പതിനാലിനാണ് ഷാരോണ്‍ രാജ് കൊല്ലപ്പെട്ടത്. പട്ടാളക്കാരനെ കല്ല്യാണം കഴിക്കുക എന്ന ലക്ഷ്യത്തോടെ കോളേജ് വിദ്യാര്‍ത്ഥിനിയായ ഗ്രീഷ്മ കാമുകനെ ഒഴിവാക്കാന്‍ വേണ്ടി കഷായത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ച കാമുകന്‍ ഷാരോണ്‍ രാജ് ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെട്ടു. ഫൊറന്‍സിക് ഡോക്ടര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ ശാസ്ത്രീയ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്. 2023 ജനുവരി 25 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here