ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താത്തതിൽ കെസിഎക്കെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കിട്ട കുറിപ്പിലാണ് ശശി തരൂർ കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ ഈഗോ സഞ്ജുവിനെപ്പോലുള്ള ഒരു മികച്ച താരത്തിൻ്റെ കരിയർ തകർക്കുന്നതാണെന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുന്നത്.
വിജയ് ഹസാരെ ട്രോഫിയ്ക്ക് മുന്നോടിയായി നടത്തിയ പരിശീലന ക്യാംപിൽ സഞ്ജു പങ്കെടുക്കാത്തതിലെ നീരസം വെച്ചാണ് കെസിഎ ചാമ്പ്യൻസ് ട്രോഫിയ്ക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് സഞ്ജുവിനെ പുറത്താക്കാൻ വഴി വെച്ചതെന്ന് ശശി തരൂർ എംപി ആരോപിക്കുന്നു.
ALSO READ: തെലങ്കാന, സൂര്യപേട്ടയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 2 പേർ മരിച്ചു, 4 പേർക്ക് പരുക്ക്
എന്നാൽ, പരിശീലന ക്യാംപിൽ തനിയ്ക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന കാര്യം സഞ്ജു മുൻകൂട്ടി കെസിഎ അധികൃതരെ അറിയിച്ചിരുന്നതാണെന്നും പിന്നീട് വിജയ് ഹസാരെ ട്രോഫിയിൽ പങ്കെടുക്കാൻ സഞ്ജു താൽപര്യം പ്രകടിപ്പിച്ചിട്ടും കെസിഎ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയില്ലെന്നും ശശി തരൂർ പറയുന്നു.
ഇതാണ് ഇപ്പോൾ സഞ്ജുവിന് ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നതിനും തടസ്സമായിരിക്കുന്നത്. വിജയ് ഹസാരെയിൽ 212 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ ഉള്ള താരവും ദക്ഷിണാഫ്രിക്കക്കെതിരെ അവസാനം കളിച്ച ഏകദിനത്തിൽ സെഞ്ചുറിയും 56.66 ശരാശരിയുമുള്ള ബാറ്ററാണ് സഞ്ജുവെന്നും ഈ താരത്തെയാണ് കെസിഎ ഭാരവാഹികൾ ഈഗോ കാരണം നശിപ്പിക്കുന്നതെന്നും തരൂർ തൻ്റെ എക്സ് പോസ്റ്റിൽ പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്ത താരങ്ങളെ ദേശീയ ടീമിലേക്ക് പരിഗണിക്കില്ലെന്ന നിബന്ധന കര്‍ശനമാക്കാന്‍ തീരുമാനിച്ചതാണ് ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും സഞ്ജുവിനെ പുറന്തള്ളാൻ കാരണമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here