രാജ്യസഭാ അധ്യക്ഷന്റെ ‘വിചിത്ര നടപടി’യില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് പിന്തുണയുമായി ശശി തരൂര്‍ എംപി

ലേഖനത്തിന്റെ പേരില്‍ രാജ്യസഭാ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വിശദീകരണം ചോദിച്ച സംഭവത്തില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എം.പിയെ പിന്തുണച്ച് ശശി തരൂര്‍ എം.പി. ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ നടപടി വിചിത്രമാണെന്ന് ശശി തരൂര്‍ ട്വീറ്റ് ചെയ്തു. വിമര്‍ശമുന്നയിച്ചുള്ള തന്റെ ഏതെങ്കിലും ലേഖനങ്ങളുടെ പേരില്‍ നടപടിയുണ്ടായാലും താന്‍ അസ്വസ്ഥനാകും. പാര്‍ലമെന്റിന് പുറത്ത് ഒരംഗം സ്വന്തം മികവില്‍ അഭിപ്രായം പ്രകടിപ്പിക്കുന്നതിന്റെ പേരില്‍ ജഗ്ദീപ് ധന്‍കര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത് എന്തടിസ്ഥാനത്തിലാണ്? കാരണംകാണിക്കല്‍ നോട്ടീസിനോട് പ്രതികരിക്കാതിരിക്കാനുള്ള എല്ലാ അവകാശവും ജോണ്‍ ബ്രിട്ടാസിനുണ്ടെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയുടെ ലേഖനം. ഇതിനെതിരെ ബിജെപി നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസ് എംപിയോട് വിശദീകരണം ചോദിച്ചത്. ഇതിനെതിരെ ജോണ്‍ ബ്രിട്ടാസ് എംപി തന്നെ രംഗത്തെത്തിയിരുന്നു. ബിജെപി നേതാവിന്റെ പരാതിയെ തുടര്‍ന്നുള്ള നടപടി കേട്ടുകേള്‍വി ഇല്ലാത്തതാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റമാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞിരുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹ് വ മൊയ്ത്രയും കോണ്‍ഗ്രസ് എംപി കാര്‍ത്തിക് ചിദംബരവും രംഗത്തെത്തിയിരുന്നു.

Also Read:  ജോണ്‍ ബ്രിട്ടാസ് എംപിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതില്‍ രൂക്ഷ വിമര്‍ശനവുമായി മഹ്‌വ മൊയ്ത്ര

കര്‍ണാടകത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അമിത്ഷാ കേരളത്തെ അവഹേളിച്ച് സംസാരിച്ചത്. ‘കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാന്‍ കൂടുതല്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. മോദി നയിക്കുന്ന ബിജെപിക്ക് മാത്രമേ കര്‍ണാടകത്തെ രക്ഷിക്കാന്‍ കഴിയൂ’ എന്നാണ് അമിത്ഷാ പ്രസംഗിച്ചത്. ഇതിനെതിരെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതിനെ വിമര്‍ശിച്ച് കഴിഞ്ഞ ഫെബ്രുവരി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ലേഖനം എഴുതിയതിന്റെ പേരിലാണ് കേട്ടുകേള്‍വിയില്ലാത്ത നടപടി ഉണ്ടാരിക്കുന്നത്. ലേഖനത്തിനെതിരെ കേരളത്തിലെ ബിജെപി നേതാവ് പി സുധീര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here