ദുബായ് വാക്ക്; വമ്പന്‍ പദ്ധതി പ്രഖ്യാപിച്ച് ഭരണാധികാരി ശൈഖ് മുഹമ്മദ്

എവിടേക്കും കാല്‍നടയായി എത്താവുന്ന നഗരമായി മാറാന്‍ ദുബായ് തയാറെടുക്കുന്നു. ഇതിനായി ദുബായ് വാക്ക് എന്ന പേരില്‍ ഭരണാധികാരി ശൈഖ് മുഹമ്മദ് വന്‍ പദ്ധതി പ്രഖ്യാപിച്ചു. 3,300 കിലോമീറ്റര്‍ നടപ്പാതകളും, 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം, അല്‍റാസ് എന്നിവിടങ്ങളില്‍ നിന്നാണ് ദുബായ് വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ദുബായിയെ കാല്‍നട സൗഹൃദ നഗരമാക്കാന്‍ ലക്ഷ്യമിടുന്നതാണ് ഈ ബൃഹദ് പദ്ധതി.

ദുബായ് ഫ്യൂച്ചര്‍ മ്യൂസിയം, വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്സ് ടവേഴ്സ്, D I F C, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന് പോകാന്‍ കഴിയുന്ന ഇടനാഴികളും, രണ്ട് കിലോമീറ്റര്‍ നീളുമുള്ള നടപ്പാലവും നിര്‍മിക്കും. ഏത് കാലാവസ്ഥയിലും നടന്നുപോകാന്‍ കഴിയുന്ന വിധം അന്തരീക്ഷ നിയന്ത്രിത സംവിധാനമുള്ളതായിരിക്കും ഇടനാഴികള്‍.

ALSO READ: ഗൂഗിള്‍ മാപ്പിനെ ആശ്രയിച്ച ബിഹാറി കുടുംബം എത്തിപ്പെട്ടത് നിബിഡ വനത്തില്‍; ഒടുവില്‍ സംഭവിച്ചത്!

ദുബായുടെ പഴയകാല കാഴ്ചകള്‍ നടന്നുകാണാന്‍ സൗകര്യമുള്ള വിധം 15 കിലോമീറ്റര്‍ നടപ്പാതയാണ് അല്‍ റാസില്‍ നിര്‍മിക്കുക. കോര്‍ണിഷിനോട് അഭിമുഖമായും ഈ പാത കടന്നുപോകും. മൂന്ന് ഘട്ടങ്ങളിലായാണ് ദുബായ് വാക്ക് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ അല്‍ബര്‍ഷ 2, ഖവാനീജ് 2, മിസ്ഹാര്‍ എന്നിവിടങ്ങളില്‍ കാല്‍നടപ്പാതകള്‍ ഒരുങ്ങും. പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അല്‍നഹ്ദ-അല്‍മംസാര്‍ എന്നിവയെ ബന്ധിപ്പിച്ച് അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ കാല്‍നടക്കാര്‍ക്ക് കടന്നുപോകാനുള്ള പ്രധാനപാലങ്ങളിലൊന്ന് നിര്‍മിക്കും. മറ്റൊരു പാലം വര്‍ഖയെയും മിര്‍ദിഫിനെയും ബന്ധിപ്പിച്ച് ട്രിപ്പളി സ്ട്രീറ്റില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.

ദുബായ് സിലിക്കണ്‍ ഒയാസിസിനെയും, ദുബായ് ലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബായ് അല്‍ഐന്‍ റോഡിന് കുറുകെയും സജ്ജമാക്കും. ജലാശയങ്ങള്‍ കണ്ട് നടക്കാവുന്ന 112 കിലോമീറ്റര്‍ നടപ്പാത, പച്ചപ്പ് കണ്ട് നടക്കാന്‍ സാധിക്കുന്ന 124 കിലോമീറ്റര്‍ നടവഴി, 150 കിലോമീറ്റര്‍ ഗ്രാമീണ, മലയോര നടപ്പാത എന്നിവയും പദ്ധതിയുടെ ഭാഗമായി യാഥാര്‍ഥ്യമാക്കും. പുതിയ 3,300 കിലോമീറ്റര്‍ നടപ്പാതകള്‍ക്ക് പുറമേ 2040 നകം നിലവിലെ 2,300 കിലോമീറ്റര്‍ നടപ്പാത നവീകരിച്ച് പരസ്പരം ബന്ധിപ്പിക്കുന്ന 6,500 കിലോമീറ്റര്‍ കാല്‍നട യാത്രാ സൗകര്യമാണ് ദുബായ് ലക്ഷ്യമിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News