തിരൂർ സ്വദേശി സിദ്ദിഖിന്റെ കൊലപാതകത്തിലെ പ്രതികളായ ഷിബിലിയെയും ഫർഹാനയെയും ചെന്നൈയിൽ നിന്ന് തിരൂരിൽ എത്തിച്ചു. പുലർച്ചെ രണ്ടരയോടെയൊണ് ഇരുവരെയും തിരൂർ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. പ്രതികളെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായ പ്രതി ആഷിക്കിന് പുറമേ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും.
റോഡുമാർഗ്ഗമാണ് പ്രതികളെ ചെന്നൈയിൽ നിന്ന് എത്തിച്ചത്. ഇന്ന് രാവിലെ എട്ട് മണിക്ക് എസ് പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ ആരംഭിക്കും. കൊലപാതകം നടന്ന സമയം, കാരണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഉച്ചയ്ക്ക് ശേഷം തെളിവെടുപ്പ്, പ്രതികളെ കോടതിയിൽ ഹാജരാക്കൽ തുടങ്ങിയ നടപടികളിലേക്ക് കടന്നേക്കും.
അതേസമയം സിദ്ദിഖിന്റെ മരണകാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ട് ലഭിച്ചിരുന്നു. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മൽപ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടർ കൊണ്ടാണെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ പിടിയിലായ പ്രതി ആഷിക്കുമായി നടത്തിയ തിരച്ചിലിലാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെടുത്തത്. സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. ഷിബിലിയുടെ സുഹൃത്താണ് ഫർഹാന. ഫർഹാനയുടെ സുഹൃത്താണ് ചിക്കു എന്ന ആഷിക്ക്. സിദ്ദിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ഡി കാസയിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ അട്ടപ്പാടി ചുരംവളവിൽ ഉപേക്ഷിക്കുകയായിരുന്നു. കൊലയ്ക്ക് പിന്നിൽ വ്യക്തിപരമായ കാരണമെന്നാണ് നിഗമനമെന്ന് മലപ്പുറം എസ് പി പറഞ്ഞു. ഹണിട്രാപ്പ് ഉണ്ടോ എന്നതിൽ വ്യക്തതയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here