‘ടാറ്റൂ പേടി,എച്ച്‌ഐവി ടെസ്റ്റ് വരെ നടത്തേണ്ടി വന്നു’: തുറന്ന് പറഞ്ഞ് ശിഖര്‍ ധവാന്‍

തന്റെ ആദ്യ ടാറ്റൂ അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. താൻ 14-ാം വയസ്സിൽ മണാലിയിലേക്ക് യാത്രപോയ സമയത്താണ് ആദ്യ ടാറ്റൂ പരീക്ഷണമെന്ന് താരം ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുന്നു.

‘എനിക്ക് 14-15 വയസ്സുള്ള സമയത്താണ് ഞങ്ങള്‍ മണാലിക്ക് യാത്ര പോകുന്നത്. അവിടെവെച്ച് ആരോടും പറയാതെ രഹസ്യമായി ശരീരത്തിന്റെ പിന്‍ഭാഗത്ത് ടാറ്റൂ ചെയ്തു. ഒരു തേളിന്റെ ചിത്രമായിരുന്നു അത്. മൂന്ന് നാല് മാസം വീട്ടുകാരെ കാണിക്കാതെ ടാറ്റൂ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അച്ഛന്‍ അതു കണ്ടെത്തി. നല്ല അടിയും കിട്ടി.

പിന്നീട് എന്റെ സമാധാനം നഷ്ടപ്പെട്ടു. ടാറ്റൂ ചെയ്യാന്‍ ഉപയോഗിച്ച ആ സൂചി അതിനു മുമ്പ് എത്ര പേര്‍ക്ക് ഉപയോഗിച്ചിട്ടുണ്ടാകും എന്നെല്ലാം ഞാന്‍ ആലോചിക്കാന്‍ തുടങ്ങി. എച്ച്‌ഐവി ടെസ്റ്റ് ചെയ്തതോടെയാണ് സമാധാനം തിരിച്ചുകിട്ടിയത്. നെഗറ്റീവായിരുന്നു ഫലം. ആദ്യത്തെ ടാറ്റൂവില്‍ കൂടുതല്‍ ഡിസൈനുകള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തു. ഒപ്പം ശിവന്റേയും അര്‍ജുനന്റേയും ചിത്രങ്ങള്‍ പച്ചകുത്തി.’-ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ധവാന്‍ പറയുന്നു.

ഇക്കഴിഞ്ഞ ദിവസമാണ് താരം കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത്. ഭാര്യ ഐഷ മുഖർജിയുമൊത്തുള്ള ജീവിതം അവസാനിപ്പിച്ച് ഏകദേശം ഒരു വര്‍ഷത്തിനു ശേഷമാണ് താരം വിവാഹത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. വിവാഹ ബന്ധത്തിന്റെ കാര്യത്തിൽ തന്റെ തീരുമാനങ്ങൾ തെറ്റിപ്പോയി എന്നായിരുന്നു ധവാൻ പറഞ്ഞത്.

‘‘ആരെയും കുറ്റപ്പെടുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അന്തിമ തീരുമാനം ഓരോരുത്തരുടേതുമാണ്. വിവാഹ ജീവിതത്തെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പരാജയത്തിനു കാരണം. വിവാഹ മോചന കേസ് നടക്കുകയാണ്. നാളെ മറ്റൊരു വിവാഹത്തിലേക്കു പോകേണ്ടിവന്നാൽ കുറച്ചുകൂടി ശ്രദ്ധിച്ച് തീരുമാനങ്ങളെടുക്കും.’’– ധവാന്‍ വെളിപ്പെടുത്തി.

2012ലാണ് ഐഷ മുഖർജിയും ശിഖർ ധവാനും വിവാഹിതരായത്. ഓസ്ട്രേലിയയിലെ മെൽബണിലെ കിക്ക് ബോക്സറായിരുന്നു ഐഷ. ധവാനെക്കാള്‍ 12 വയസ്സ് അധികമുണ്ടായിരുന്ന ഐഷയ്ക്ക് ആദ്യ വിവാഹത്തിൽ രണ്ട് പെൺമക്കളുമുണ്ട്. 2021 സെപ്റ്റംബറിലാണ് ഐഷയും ധവാനും പിരിഞ്ഞു താമസിക്കാൻ തുടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News