വനം കൊള്ളക്കാരൻ വീരപ്പന്റെ തോക്കിൻ മുനയിൽ നിസ്സഹായനായി 108 ദിവസങ്ങൾ കഴിഞ്ഞ അപ്പയെ കുറിച്ചുള്ള തന്റെ ഓർമ്മകൾ പങ്കുവെക്കുകയാണ് നടൻ ശിവരാജ് കുമാർ. 2000 ത്തിലാണ് രാജ്കുമാറിനെയും മരുമകനെയും കുപ്രസിദ്ധ കൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടുപോയത്. ഇന്ത്യ ഒട്ടാകെ ഇത് വലിയ ചർച്ചയായിരുന്നു. ഒടുവിൽ 108 ദിവസത്തെ വനവാസത്തിനു ശേഷമാണ് അദ്ദേഹം മോചിതനാവുന്നത്. അത് ഭീതിപ്പെടുത്തുന്ന നാളുകളായിരുന്നുവെന്ന് ശിവരാജ് കുമാർ പറഞ്ഞു. എന്നും വേർപാടുകൾ മാത്രം കാണേണ്ടി വന്നിട്ടുണ്ടെന്നും, അപ്പയേയും അമ്മയേയും ഒടുവിൽ എൻ്റെ അനുജനെയും കൂടെ നഷ്ടമായപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പതറിപോയിട്ടുണ്ടെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വ്യകത്മാക്കി.
ശിവരാജ് കുമാർ പറഞ്ഞത്
‘കൊള്ളക്കാരൻ വീരപ്പന്റെ തോക്കിൻ കുഴലുകൾക്ക് മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായനായി പോയ അപ്പയുടെ ഓർമ്മകൾ എന്നും എന്നെയും കുടുംബത്തെയും ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. ഉറക്കമില്ലാത്ത എത്ര രാത്രികളാണ് എന്റെ അമ്മ തള്ളി നീക്കിയത്. തമിഴ്നാട്ടിലെയും കർണാടകയിലെയും ജനങ്ങളും സർക്കാരും ആ പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങളെ ചേർത്തു പിടിച്ചു. അതൊന്നും ഒരിക്കലും മറക്കാനാവില്ല.
എന്നും വേർപാടുകൾ മാത്രം കാണേണ്ടി വന്നിട്ടുണ്ട് ഞങ്ങൾക്ക്. അപ്പയേയും അമ്മയേയും ഒടുവിൽ എന്റെ അനുജനെയും കൂടെ നഷ്ടമായപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പതറിപോയിട്ടുണ്ട്. ആരും എപ്പോഴും ഒന്നിച്ചുണ്ടാവില്ലയെന്ന തിരിച്ചറിവാണ് അത് സമ്മാനിച്ചത്. അനുഭവങ്ങൾ പഠിപ്പിച്ച പാഠം. പ്രതിസന്ധിഘട്ടങ്ങളിൽ ജീവിതാനുഭവങ്ങളും അപ്പയുടെ ഓർമകളുമെല്ലാമാണ് ഞങ്ങൾക്ക് കരുത്ത് പകർന്നത്.
രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പറയുമ്പോൾ, ഭാര്യ ഗീത കർണാടക മുഖ്യമന്ത്രിയായിരുന്ന ബംഗാരപ്പയുടെ മകളാണ്. അവളുടെ സഹോദരന്മാരായ മധു ബംഗാരപ്പയും കുമാർ ബംഗാരപ്പയും കർണാടകയിലെ സജീവ രാഷ്ട്രീയ പ്രവർത്തകരാണ്. ഗീത ഒരുവട്ടം ലോക്സ ഭയിലേക്ക് മത്സരിച്ചിരുന്നു. വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നുണ്ടോയെന്ന് അവരുടെ പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ചലച്ചിത്ര നിർമ്മാണ രംഗത്താണ് ഗീത ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നത്.
ജയിലർ ആണ് എന്റെ ആദ്യ തമിഴ് ചിത്രം. അത് വലിയ വിജയമായതിന് ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ധനുഷിനോടൊപ്പമുള്ള ക്യാപ്റ്റൻ മില്ലർ അടക്കം രണ്ട് ചിത്രങ്ങളാണ് ഇനി തമിഴിൽ നിന്ന് വരാൻ ഉള്ളത്. സത്യം പറഞ്ഞാൽ മലയാളത്തിൽ നിന്നാണ് ആദ്യമായി എനിക്കൊരു ഓഫർ വരുന്നത്. പക്ഷെ അന്ന് ഞാൻ കുട്ടിയായിരുന്നു. ഏത് പടത്തിലേക്കാണ് ആരാണ് വിളിച്ചതെന്നൊന്നും ഓർമയില്ല. അതിനെ കുറിച്ച് അപ്പ പറയുമായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here