‘നിങ്ങളെത്ര പാലും വെള്ളവും ഒഴുക്കിയാലും കെഎസ്‌യുവും എംഎസ്എഫും ക്യാമ്പസുകളിൽ തളിർക്കില്ല, കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണ്, കുപ്പിയും കോഴിക്കാലും കണ്ടിട്ടല്ല’

എസ്എഫ്ഐക്കെതിരെ മാധ്യമങ്ങൾ പടച്ചുവിടുന്ന കള്ളപ്രചാരണങ്ങൾ പൊളിച്ചെഴുതുകയാണ് ഷിയാസ് ഷംസു എന്നയാൾ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച ഫേസ്ബുക് കുറിപ്പ്. ലോ കോളേജ് പഠനകാലത്ത് എസ്എഫ്ഐ പ്രവർത്തകനായിരിക്കെ മകന്റെ അഡ്മിഷന് വേണ്ടി വന്ന പിതാവിനെ സഹായിച്ചതും, എസ് എഫ് ഐ എന്ന സംഘടനയുടെ നീതിയും മനുഷ്യത്വ ബോധവും നേരിൽ കണ്ട് ആ അച്ഛന്റെ മകൻ പിന്നീട് എസ് എഫ് ഐയ്ക്ക് വേണ്ടി മുദ്രാവാക്യം വിളിക്കാൻ തുടങ്ങിയതുമൊക്കെയാണ് കുറിപ്പിൽ പറയുന്നത്.

ക്യാമ്പസുകളിൽ കുട്ടികൾ എസ്എഫ്ഐ ആകുന്നത് അനുഭവങ്ങൾ കൊണ്ടാണെന്നാണ് കുറിപ്പിൽ ഷിയാസ് പറയുന്നത്. കുപ്പിയുടെയും കോഴിക്കാലിന്റെയും നന്ദി കാണിക്കാൻ കേരള മാപ്രകൾ കുരച്ചാൽ ഇല്ലാതാകുന്നതല്ല എസ്എഫ്ഐ എന്ന പ്രസ്ഥാനമെന്നും, കെ എസ് യു എം എസ് എഫ് മുന്നണി പോലെ മാപ്രകൾക്ക് നൽകിയ കുപ്പിയുടെയും കോഴിക്കാലിന്റെയും ബലത്തിൽ വളർന്നതല്ല എസ് എഫ് ഐ എന്നും എസ് എഫ് ഐ നിലനിൽക്കുന്നത് വിദ്യാർത്ഥിസമൂഹത്തിന്റെ ഹൃദയത്തിലാണെന്നും കുറിപ്പിൽ ഷിയാസ് വ്യക്തമാക്കുന്നു.

ഷിയാസിന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ALSO READ: ‘തലവൻ തുടരും’ ഇന്ത്യൻ ടീം ഏകദിന ക്യാപ്റ്റൻ രോഹിത് ശർമ തന്നെ, പൂർണ വിശ്വാസമെന്ന് ബിസിസിഐ

എസ് എഫ് ഐ ക്കാർ പലതും തിരുത്താനുണ്ട്.

കാരണം ഇത്‌ സോഷ്യൽ മീഡിയക്കാലമാണ്. പൊതുസമൂഹം ഇതെല്ലാം കാണുന്നുണ്ട് എന്ന് വിചാരം വേണം.
എന്തൊക്കെ തിരുത്തണം, ഏതൊക്കെ തിരുത്തണം എന്ന് വഴിയേ പറയാം.
അതിന് മുൻപ് എസ് എഫ് ഐ സംഘടനാപ്രവർത്തനത്തിനിടയിലെ ഇപ്പോളും മനസ്സിൽ തങ്ങി നിൽക്കുന്ന കണ്ണീർ നനവുള്ള ഒരു ഓർമ്മ പറയാം.

ലോ കോളേജ് പഠനകാലം.

വർഷവും ബാച്ചും എനിക്ക് കൃത്യമായ ഓർമ്മയുണ്ടെങ്കിലും ഞാനത് പറയുന്നില്ല. കോളേജിലെ ഒരു അഡ്മിഷൻ ദിവസം.സമയം രാവിലെ 7 മണി പോലും ആയിട്ടില്ല. രാജേട്ടന്റെ കടയിലെ ഒരു ചായയും കുടിച്ച് ഹോസ്റ്റലിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ കോളേജിലെ പോർട്ടിക്കോയിൽ അത്യാവശ്യം ശാരീരിക അവശതകൾ ഉള്ള വൃദ്ധനായ ഒരു മനുഷ്യനുംഒരു പയ്യനും കൂടി ഇരിക്കുന്നുണ്ട്. ഞാൻ അടുത്ത് ചെന്ന് സംസാരിച്ചു.സീനിയേഴ്‌സ്, റാഗിങ്‌ എന്നിങ്ങനെയുള്ള നിരവധി ഭയങ്ങൾ ഉള്ളിലൂടെ കടന്ന് പോയത് കൊണ്ടാകാം ആദ്യം ഒക്കെ അവർ രണ്ട് പേരും തുറന്ന് സംസാരിക്കാൻ വിമുഖത കാണിച്ചു. ഞാൻ വീണ്ടും വീണ്ടും സംസാരിച്ചപ്പോൾ അവർക്ക് ആ വിമുഖത ഒക്കെ മാറി സംസാരിച്ചു തുടങ്ങി.കുറെ നേരം സംസാരിച്ചപ്പോൾ കോളേജിൽ അഡ്മിഷന് വന്നതാണ്, കൈയിൽ ക്യാഷ് കുറവായതിനാൽ റൂം എടുത്തില്ല, ഫ്രഷ് ആയിട്ടില്ല എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ ഹോസ്റ്റലിലേക്ക്‌ വന്ന് കുളിച്ച് ഡ്രസ്സ് മാറി പോകാം എന്ന് പറഞ്ഞ് ഞാൻ വിളിച്ചു. ആദ്യം ഒക്കെ അവർക്ക് ഒരു ഭയമോ, മടിയോ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അവർ എന്റെ കൂടെ വന്നു. കുളിച്ച് ഡ്രസ്സ് മാറുന്നതിനിടയിൽ ആ പിതാവ് മനസ്സ് തുറന്ന് സംസാരിച്ചു. മൂത്തവർ എല്ലാം പെൺകുട്ടികളാണ്.അവർക്ക് ജോലി ഒന്നും ആയിട്ടില്ല.ഇത്‌ ഇളയ മകനാണ്. അവന്റെ ഏറ്റവും വലിയ ആഗ്രഹമാണ് വക്കീൽ ആകുക എന്നത്. പഠിപ്പിക്കാൻ ഒരു നിവൃത്തിയും ഉണ്ടായിട്ടല്ല. ഇപ്പോൾ തന്നെ കൈയിൽ ആകെ ഉള്ളത് 2800 രൂപയാണ്. അഡ്മിഷന് എത്ര രൂപ വേണം എന്നറിയില്ല. കൈയിൽ ഉള്ള പൈസ അഡ്മിഷനും തിരിച്ചു പോകാനും കൂടി തികഞ്ഞാൽ മാത്രമേ അഡ്മിഷൻ എടുക്കുന്നുള്ളൂ. എന്റെ അവസ്ഥ മോന് മനസ്സിലാകും.

ഇത്രയും കേട്ടപ്പോൾ എന്റെ ഉള്ളൊന്നു പിടഞ്ഞു. പി ടി എ ഫണ്ട്, മൂട്ട് കോർട്ട് ഫണ്ട്, കോഷൻ ഡെപ്പോസിറ്റ് എല്ലാം കൂടി 4600 രൂപയോ മറ്റോ ആകും.രാജേട്ടൻ പറ്റ്ബുക്ക് അടച്ചാൽ പട്ടിണി ആകുന്ന ( രാജേട്ടൻ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നുള്ള വിശ്വാസം ആണ് അന്ന് ഞങ്ങൾ എല്ലാവരുടെയും ഒരു ധൈര്യം ) എന്റെ അതെ അവസ്ഥ തന്നെ ആണ്. അന്നത്തെ എല്ലാ എസ് എഫ് ഐ ക്കാർക്കും. എന്തെങ്കിലും സാമ്പത്തിക സഹായം ചെയ്യാനുള്ള മനസ് അല്ലാതെ പോക്കറ്റിൽ 50 രൂപ എടുക്കാൻ ഉണ്ടാകില്ല. 4600 രൂപയോളം ആകും എന്ന് പറഞ്ഞതോടെ ആ മനുഷ്യന്റെ മുഖത്ത് സങ്കടം വന്ന് നിറയുന്നത് ഞാൻ കണ്ടു. മോന്റെ വല്യ ആഗ്രഹം ആയിരുന്നു വക്കീൽ ആകുക എന്നുള്ളത്. എറണാകുളത്ത് കിട്ടാത്തത് കൊണ്ട് ചേരുന്നില്ല എന്ന് വെച്ചതാ ഇനിയിപ്പോ എന്ത് ചെയ്യും എന്നൊക്കെ ആത്മഗതം പോലെ പറയുന്നുണ്ടായിരുന്നു.

അന്നത്തെ പ്രിൻസിപ്പാൾ Radha G. Nair ടീച്ചർ ആണെന്നുള്ളത് കൊണ്ട് എന്തെങ്കിലും ഒരു വഴി തെളിയും എന്നൊരു പ്രതീക്ഷ ഉണ്ടെങ്കിലും മനസ്സിൽ ഇല്ലാത്ത ഉറപ്പ് പുറത്ത് കാണിച്ച് ഞാൻ പറഞ്ഞു എന്തായാലും നമുക്ക് അഡ്മിഷന് പോകാം. അവിടെ ചെന്നിട്ട് നോക്കാം എന്ന്. അങ്ങനെ കോളേജ് ഓഡിറ്റോറിയത്തിലേക്ക് അഡ്മിഷന് ആയിപ്പോയി. അതിനിടയിൽ രാധ ടീച്ചറിനോട് പോയി സംസാരിച്ചു. അവരുടെ അവസ്ഥ തുറന്ന് പറഞ്ഞു. ഉടനെ ടീച്ചർ പറഞ്ഞു. പി ടി എ ഫണ്ട് 2000 എന്നുള്ളത് 500 ആക്കി കൊടുക്കാം എന്ന്. കൂടെ ഒരു ഭീഷണിയും. ബി സോൺ മത്സരം, യൂണിവേഴ്സിറ്റി യൂണിയൻ മത്സരം എന്നൊക്കെ പറഞ്ഞ് ഇങ്ങോട്ട് വാ. ആ സമയത്ത് ഒക്കെ പി ടി എ ഫണ്ടിൽ നിന്നുമാണ് എന്തെങ്കിലും ഫണ്ട് ഒക്കെ അനുവദിപ്പിക്കാറ് എന്ന്.

ALSO READ: ഇതാ പാർലെജി പരസ്യത്തിലെ പെൺകുട്ടിയല്ലേ? ആധാർ കാർഡ് എടുക്കാൻ വന്ന സുന്ദരിയെ കണ്ട് ഞെട്ടി എൻറോൾമെൻറ് സെന്ററിലെ ജീവനക്കാർ: വീഡിയോ

പുറത്തിറങ്ങി വീണ്ടും എങ്ങനെ ഒക്കെ നോക്കിയിട്ടും ആ മനുഷ്യന്റെ കൈയിൽ ഉള്ള കാശ് കൊണ്ട് അഡ്മിഷൻ എടുക്കാനുള്ള മുഴുവൻ തുകയും അടക്കാൻ നിവൃത്തി ഇല്ല. അതുമല്ല 2 പേർക്ക് തിരിച്ചു പോകാൻ ഉള്ള പണവും വേണം. വീണ്ടും പോയി ടീച്ചറോട് സംസാരിച്ചു. അപ്പോൾ പി ടി എ ഫണ്ട് മുഴുവൻ ആയും മൂട്ട് കോർട്ട് ഫണ്ടും ടീച്ചർ ഒഴിവാക്കി നൽകി. അങ്ങനെ ആ മനുഷ്യൻ മകന്റെ അഡ്മിഷൻ എടുത്ത് പുറത്തേക്ക് വന്നപ്പോൾ എന്നെ ആ മനുഷ്യന്റെ ദുർബലമായ കൈകൾ കൊണ്ട് മുറുക്കി ചേർത്തങ്ങു പിടിച്ചു. അത്രത്തോളം സ്നേഹത്തോടെയുള്ള ഒരു ആശ്ലേഷം എനിക്ക് അന്നേ വരെ അനുഭവപ്പെട്ടിട്ടില്ല. അതിന് ശേഷം കണ്ണീരോടെ ആ മനുഷ്യൻ എന്റെ കാലിൽ തൊടാൻ ശ്രമിച്ചു. ഞാൻ പെട്ടെന്ന് അദ്ദേഹത്തെ ചേർത്ത് പിടിച്ചു. എന്റെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി. ആ മനുഷ്യനും കരഞ്ഞു. ഇതിനിടയിൽ എപ്പോളോ ഞാൻ ഒരു എസ് എഫ് ഐ പ്രവർത്തകൻ ആണെന്നൊക്കെ അദ്ദേഹത്തോട് ഞാൻ സംസാരിച്ചിരുന്നു. എന്റെ രാഷ്ട്രീയത്തോട് താൽപ്പര്യമില്ലാത്ത ആൾ ആണ് എന്നൊക്കെ പരോക്ഷമായി അദ്ദേഹം അതിനിടയിൽ സൂചിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ പോകാൻ നേരം എന്നോട് ആ മനുഷ്യൻ പറഞ്ഞു. എന്റെ മോനെയും വിളിച്ചോളൂ ഇത്‌ പോലുള്ള പ്രവർത്തനങ്ങൾക്ക് എന്ന്. പക്ഷെ ഞാൻ ആ വിദ്യാർത്ഥിയേ ഒരു സംഘടനാ പ്രവർത്തനത്തിനും വിളിക്കാൻ പോയില്ല.

പക്ഷെ ഒരു ദിവസം ക്യാമ്പസ് ചുറ്റിയുള്ള ഒരു എസ് എഫ് ഐ പ്രകടനം അവസാനിപ്പിച്ച് പോർട്ടിക്കോയിൽ ഒരു വൃത്തം പോലെ നിന്ന് പ്രകടനം അവസാനിപ്പിക്കുന്നതിനുള്ള മുദ്രാവാക്യം വിളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഞാൻ കണ്ടു. ആ പയ്യൻ ആ പ്രകടനത്തിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നു..
സകല അഴിമതികളുടെയും പങ്കും പറ്റി കുപ്പിയും കോഴിക്കാലും വാങ്ങി നക്കി എസ് എഫ് ഐ യേ അങ്ങ് എഴുതിത്തുലച്ചു കളയും എന്ന് പറഞ്ഞു നടക്കുന്ന മാപ്രകളോടാണ്. ഇതേ പോലുള്ള ഹൃദയയത്തിൽ തൊടുന്ന പ്രവർത്തനം കൊണ്ട്, സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാമ്പസിൽ കുട്ടികൾ എസ് എഫ് ഐ ആകുന്നത്. അത് കുപ്പിയും കോഴിക്കാലിന്റേം നന്ദി കാണിക്കാൻ കേരള മാപ്രകൾ കുരച്ചാൽ ഇല്ലാതാകുന്നതല്ല.

ഇനി എന്റെ അനുഭവം കൂടി പറയാം. 2003 സെപ്റ്റംബർ മാസത്തിലെ ഒരു പതിനാറാം തീയതി കോഴിക്കോട് ലോ കോളേജിൽ അഡ്മിഷന് ചെല്ലുമ്പോൾ 1999 ൽ ഡിഗ്രി കഴിഞ്ഞ് മറ്റ് ജോലികൾ ഒക്കെ ചെയ്ത് 4 വർഷം കഴിഞ്ഞാണ് LLB അഡ്മിഷന് ചെല്ലുന്നത്. എന്റെ കൈയിൽ ഉള്ളത് 1999 ൽ എം എ കോളേജിൽ നിന്നും വാങ്ങിയ conduct certificate ആണ്. അഡ്മിഷന് പക്ഷെ 6 മാസത്തിനുള്ളിൽ എടുത്ത സർട്ടിഫിക്കറ്റ് വേണം. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നിന്നും ചെല്ലുന്ന എനിക്ക് അവിടെ ഏത് ഗസറ്റഡ് ഓഫീസറെ ആണ് പരിചയം ഉള്ളത്. എന്ത് ചെയ്യും എന്നറിയാതെ പുറത്തേക്ക് വന്നപ്പോൾ ചിരിച്ചു കൊണ്ട് ഒരാൾ എന്റെ അടുത്തേക്ക് വന്നു. Sfi യുടെ അന്നത്തെ യൂണിറ്റ് പ്രസിഡന്റ് പി പി എന്ന് വിളിക്കുന്ന പ്രതീഷ് Pradeesh Vaikattil . എന്താണ് പ്രശ്നം എന്ന് ചോദിച്ചു.ആ പ്രശ്നം സോൾവ് ചെയ്ത് തന്നു. ഞാൻ അഡ്മിഷൻ എടുത്ത് പോന്നു.
ഇതൊക്കെ ആയിരുന്നു എസ് എഫ് ഐ ചെയ്തിരുന്നത്. അതെ കാര്യം ഇപ്പോൾ ഹെല്പ്ഡെസ്ക്ക് എന്ന രീതിയിൽ ചെയ്യാൻ ഉള്ള അനുമതി നിഷേധിച്ചതിനെ കുറിച്ച് അന്വേഷിക്കാൻ ചെന്ന എസ് എഫ് ഐ നേതാവിന്റെ കർണപുടമാണ് ഗുരുദേവ കോളേജ് പ്രിൻസിപ്പാൾ അടിച്ചു തകർത്തത്.

മാപ്രകളെ നിങ്ങളോടാണ്. നിങ്ങൾ എത്ര പാലും വെള്ളവും ഒഴുക്കിയാലും കെ എസ് യു വും എം എസ് എഫും ക്യാമ്പസുകളിൽ തളിർക്കാൻ പോകുന്നില്ല. വാടി കരിഞ്ഞുണങ്ങി നിൽക്കുന്നത് അൽപ്പം വാട്ടം കുറഞ്ഞ പ്രതീതി ഉണ്ടാക്കാൻ പറ്റും. അതിനപ്പുറം ഒന്നും സാധിക്കില്ല. എസ് എഫ് ഐ യേ എഴുതി ഇല്ലാതാക്കാനും പറ്റില്ല. കാരണം കെ എസ് യു എം എസ് എഫ് മുന്നണി പോലെ മാപ്രകൾക്ക് നൽകിയ കുപ്പിയുടെയും കോഴിക്കാലിന്റെയും ബലത്തിൽ വളർന്നതല്ല എസ് എഫ് ഐ. എസ് എഫ് ഐ നിലനിൽക്കുന്നത് വിദ്യാർത്ഥിസമൂഹത്തിന്റെ ഹൃദയത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News