കൊച്ചിയില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തില്‍ പൊട്ടിത്തെറിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ മാറ്റം കൊണ്ടുവരാന്‍ ദേശീയ നേതൃത്വം പണിയെടുക്കുമ്പോള്‍ സംസ്ഥാന നേതൃത്വം പണിയെടുക്കുന്നവരെ പുറത്താക്കുന്നുവെന്ന് ശോഭ തുറന്നടിച്ചു.
വി മുരളീധരനും കെ.സുരേന്ദ്രനും തന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കുകയാണ്. പണിയെടുക്കാതെ ചാനല്‍ ചര്‍ച്ചയിലൂടെ നേതാവായ ആളാണ് സുരേന്ദ്രന്‍. തന്നെ ദേശീയ ഭാരവാഹിയാക്കുന്നതില്‍ ഇടങ്കോലിട്ടത് മുരളിധരനാണ്. അവഗണന തുടരാനാണ് തീരുമാനമെങ്കില്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്ന് പറയുമെന്നും ശോഭ പ്രതികരിച്ചു.
സംസ്ഥാന ബിജെപിയുടെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിനെയും സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും വേദിയിലിരുത്തിയായിരുന്നു ശോഭയുടെ വൈകാരിക പ്രകടനം. അമിത് ഷാ തന്റെ സ്വന്തം ജില്ലയായ തൃശ്ശൂരില്‍ വന്നപ്പോള്‍ വേദിയില്‍ മറ്റ് വൈസ് പ്രസിഡന്റുമാരെയും വക്താവിനും സ്ഥാനം നല്‍കിയപ്പോള്‍ തന്നെ സദസില്‍ ഇരുത്തിയില്ലെന്നും ഒന്നുകില്‍ പുറത്താക്കുക, അല്ലെങ്കില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ശോഭ പറഞ്ഞു.
വി മുരളീധരന്റെ പെട്ടിപിടിക്കുന്നത് കൊണ്ടാണ് കെ സുരേന്ദ്രന്‍ നേതാവായതെന്നും വി മുരളീധരന്‍ വരുന്നതിന് മുമ്പ് താന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നുവെന്നും രണ്ട് തവണ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷയാക്കി തന്നെ വട്ടംചുറ്റിച്ചുവെന്നും ശോഭ തുറന്നടിച്ചു. വേണമെങ്കില്‍ തന്നെ പുറത്താക്കാം, എന്നാല്‍ സര്‍വ്വതും താന്‍ വിളിച്ചു പറയുമെന്നും ശോഭ വെല്ലുവിളിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here