ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് പുഴയിൽ തെറിച്ചു വീണ ആളുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയായിരുന്നു ഷൊർണ്ണൂരിൽ ശുചീകരണ തൊഴിലാളികളെ ട്രെയിൻ ഇടിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പാലത്തിനു സമീപത്തുനിന്നാണ് സേലം സ്വദേശിയായ ലക്ഷ്മണിന്റെ (48) മൃതദേഹം കണ്ടെത്തിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച തെരച്ചിലിനൊടുവിൽ വൈകീട്ട് 5 45 നാണ് മൃതദേഹം കണ്ടെത്തിയത്.
ജില്ലാ സ്കൂബ സംഘം തിരച്ചിൽ നിർത്തി കരയിൽ കയറിയിതിനുശേഷം ഫയർ ഫോഴ്‌സും സിവിൽ പോലീസ് ഡിഫെൻസ് സംഘങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് എസ്പി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തുണ്ട്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകും. നാളെ പോസ്റ്റ്മാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Also Read: ഷൊർണ്ണൂരിൽ തീവണ്ടി ഇടിച്ച് അതിഥി തൊഴിലാളികൾ മരിച്ച സംഭവം; കാരണം റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ
വള്ളത്തോൾനഗർ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നു മാലിന്യം ശേഖരിച്ച് ചെറുതുരുത്തി റെയിൽവേ പാലത്തിലൂടെ നടന്നുവന്ന നാല് തൊഴിലാളികളാണ് ശനിയാഴ്ച വൈകിട്ട് ട്രെയിൻ ഇടിച്ചു മരിച്ചത്. പത്തു തൊഴിലാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ നാലു പേർ അപകടത്തിൽപെട്ടു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഞായറാഴ്ചയിലെ സന്ദർശനത്തിനു മുന്നോടിയായാണ് ട്രാക്ക് ശുചീകരിക്കാൻ കരാറെടുത്തയാൾ ഇവരെ ജോലിക്കായി എത്തിച്ചത്.
റെയിൽവേ ട്രാക്കോ, റെയിൽവേ പാലമോ പോലുള്ള അപകട സാധ്യയുള്ള സ്ഥലങ്ങളിൽ ശുചീകരണം നടത്തി മുൻ പരിചയം ഇല്ലാത്ത തൊഴിലാളികൾ ആയിരുന്നു ഇവർ. ഒപ്പം മേൽനോട്ടത്തിനായി സൂപ്പർവൈസർമാർ ഇല്ലാതിരുന്നതും ദുരന്തത്തിന് വഴിയൊരുക്കി. പുഴയ്ക്ക് കുറുകെയുള്ള റെയിൽ പാലം കടക്കു മുൻപേ വളവ് തിരിഞ്ഞ് ട്രെയിൻ പാഞ്ഞടുക്കുകയായിരുന്നു. മുൻ പരിചയം ഇല്ലാത്ത തൊഴിലാളികളെ ജോലിക്ക് നിയോഗിച്ച് ദുരന്തത്തിനിരയാക്കിയ സംഭവത്തിൽ റെയിൽവേ അധികാരികളും കരാറുകാരനും ഒരുപോലെ ഉത്തരവാദികളാണ്. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരന്റെ തലയിൽ കെട്ടിവച്ച് ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിലാണ് റെയിൽവേ ഉദ്യോഗസ്ഥർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here