കെ രാജേന്ദ്രന്‍
( 1981ല്‍ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ പൊന്നമ്പലമേട്ടില്‍
പന്തങ്ങള്‍ കത്തിക്കുന്നു)
മകരവിളക്കിനെപ്പറ്റി കഥകള്‍ ഏറെയുണ്ട്. മകരവിളക്ക് ഉത്സവദിവസം വൈകിട്ട് അയ്യപ്പ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തും. പൊന്നമ്പലമേട് ഒരു ആളുകേറാ മലയാണ്. താഴെ അയ്യപ്പ വിഗ്രഹത്തില്‍ ദീപാരാധന നടത്തുമ്പോള്‍ പൊന്നമ്പലമേട്ടിലെ മൂലക്ഷേത്രത്തില്‍ അയ്യപ്പനും ദേവഗണങ്ങളും ദീപാരാധന നടത്തുകയാണെന്നാണ് വിശ്വാസം. ആ ദീപാരാധനയാണത്രെ മകരവിളക്ക്. അങ്ങോട്ടാര്‍ക്കും പോകാന്‍ കഴിയില്ലെന്നും പോകാന്‍ ശ്രമിച്ചവര്‍ മടങ്ങി വന്നിട്ടില്ലെന്നുമെല്ലാമാണ് വിശ്വാസം.
ഇത്തവണ ജനുവരി 14 നായിരുന്നു മകരവിളക്ക്. വൈകിട്ട് ആറേ മുക്കാലോടെ രണ്ട് ലക്ഷത്തോളം വിശ്വാസികള്‍ നേരിട്ടും ലോകമെമ്പാടുമുളള ലക്ഷക്കണക്കിന് പ്രേക്ഷകര്‍ ടിവി ചാനലുകളിലൂടെയും മൊബൈല്‍ ഫോണുകളിലൂടെയും മകരവിളക്ക് കണ്ടു. മകരവിളക്ക് ദൈവിക ശക്തിയാല്‍ തെളിയുന്നതാണോ? അതോ
ആരെങ്കിലും തെളിക്കുന്നതാണോ? കേരളത്തിലെ ഒരു ടിവി ചാനല്‍
മാത്രം “മകരവിളക്ക് തെളിച്ചു” എന്ന് ബ്രേക്കിങ് കൊടുക്കും. മറ്റ് ചാനലുകളെല്ലാം ‘ മകരവിളക്ക് തെളിഞ്ഞു” എന്ന് ബ്രേക്കിങ് കൊടുക്കും. “മകരവിളക്ക് തെളിച്ചു” എന്ന് കൊടുക്കുന്നത് കൈരളി ന്യൂസ് ആണ്. മകരവിളക്ക് തെളിയുന്നതല്ലെന്നും തെളിക്കുന്നതാണെന്നും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ മേധാവികള്‍ക്കും നന്നായി അറിയാം. പക്ഷേ ഹിന്ദുത്വ രാഷ്രീയം മാധ്യമ
പദാവലികള്‍ പോലും നിശ്ചയിക്കുന്നകാലത്ത് സത്യം പറയാനായി
ഒരു “റിസ്ക്ക് ” എടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തയാറല്ല.
( മകരവിളക്കിന്‍റെ സത്യം തേടിപ്പോയ യുക്തിവാദി സംഘം നേതാവ് ധനുവച്ചപുരം സുകുമാരന്‍ )
മകരവിളക്കിന് പിറകിലെ സത്യം തേടിയുളള യാത്രയ്ക്ക് കേരളത്തിലെ അന്വേഷണാത്മക മാധ്യമ ചരിത്രത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. എന്നാല്‍ ഈ അന്വേഷണം ആദ്യമായി നടത്തിയത് ഏതെങ്കിലും ഒരു മുഖ്യധാരാ മാധ്യമ സ്ഥാപനത്തിലെ മാധ്യമ പ്രവര്‍ത്തകനല്ല. കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനും
യുക്തിവാദി സംഘം സജീവപ്രവര്‍ത്തകനും തിരുവനന്തപുരം ധനുവച്ചപുരം സ്വദേശിയുമായ സുകുമാരനായിരുന്നു. സത്യം തേടിയുളള ആദ്യയാത്രയുടെ അനുഭവം സുകുമാരന്‍ പങ്കുവെയ്ക്കുന്നതിങ്ങനെ.
” ശബരിമല പ്രൊജക്റ്റ് സ്ഥിതി ചെയ്യുന്ന വനമേഖലയില്‍ പ്രവര്‍ത്തിച്ച ഫോറസ്റ്റ് ഉദ്യോഗസ്ഥനായിരുന്നു 1975 കാലഘട്ടത്തില്‍ കേരള യുക്തിവാദി സംഘം ജില്ലാസെക്രട്ടറിയായിരുന്ന സി.എ. നാരായണന്‍. അദ്ദേഹവുമായി ബന്ധപ്പെട്ട് പൊന്നമ്പലമേട് പ്രദേശത്തെക്കുറിച്ചുളള യാത്രാരേഖകള്‍ തയാറാക്കി. 1980 ജനുവരി 12 ന് തന്നെ സുഹൃത്ത് ടി.എന്‍. ബാബുവുമായി യാത്ര തിരിച്ചു. ജനുവരി 13ന് ഉച്ചയ്ക്ക് മുമ്പായി മൂഴിയാര്‍ പവര്‍ സ്റ്റേഷനില്‍ എത്തിചേര്‍ന്നു. മൂഴിയാറിലെ കെഎസ് ഇബി കാന്‍റീനില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ തുടര്‍ യാത്രയ്ക്ക് പ്രതീക്ഷിച്ചിരുന്ന കൊല്ലം – കക്കി- പമ്പ എന്ന ബസ് കടന്നുപോയി. ദിവസം ഒരു സര്‍വീസ് മാത്രമാണ് ഇതുവഴി കെഎസ്ആര്‍ടിസി നടത്തിയിരുന്നത്.
പമ്പാ ഡാമില്‍ എത്തുക എന്ന അത്യാഗ്രഹത്തിന് കാല്‍നടയല്ലാതെ മറ്റൊരു വഴിയുമില്ല. മൂഴിയാറില്‍ നിന്ന് ഏതാണ്ട് മുപ്പത്തിയഞ്ചില്‍ പരം കിലോമീറ്റര്‍ നടന്നാലേ പമ്പാ ഡാമില്‍ എത്താന്‍ കഴിയൂ. ഞങ്ങള്‍ യാത്ര തുടര്‍ന്ന് ഏതാനും കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ കെഎസ്ഇബിയുടെ ഒരു ജീപ്പില്‍ കക്കിഡാം വരെ എത്തിച്ചേര്‍ന്നു. വീണ്ടും യാത്ര തുടര്‍ന്നു. ആനത്തോട് ഡാമിലെത്തി അവിടെ താമസിക്കുന്നവരോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ആന ശല്ല്യമുളള പ്രദേശമാണെന്നും കാല്‍നടയാത്ര നല്ലതല്ലെന്നും ഉപദേശിച്ചു. എന്നാല്‍ വളരെ ശ്രദ്ധിച്ചു പോയാല്‍ മതിയെന്ന് മറ്റൊരാള്‍ ധൈര്യം തന്നു. പ്രായത്തിന്‍റെ ധൈര്യത്താല്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാണ്ട് വൈകുന്നേരം ആറര മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പമ്പ ഡാം സൈറ്റിലെത്തി. ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടു. അന്നേ ദിവസം അദ്ദേഹത്തിന്‍റെ ക്വാട്ടേഴ്സില്‍ താമസിച്ചു. പമ്പാ ഡാമില്‍ ധാരാളം തമസക്കാരുണ്ടായിരുന്നു. അവര്‍ക്ക് വേണ്ടി ഒരു കാന്‍റീനും പോസ്റ്റാഫീസും സ്കൂളും അന്ന് പ്രവര്‍ത്തിച്ചിരുന്നു. പൊന്നമ്പലമേടിനെക്കുറിച്ചും മകരവിളക്ക് പ്രതിഭാസത്തെക്കുറിച്ചും സംശയം വരാത്ത രീതിയില്‍ അവിടെ അന്വേഷിച്ചു. നാളെ വൈകുന്നേരം ഇവിടെയുളള ധാരാളം പേര്‍ പൊന്നമ്പലമേട്ടില്‍ പോകുമെന്നും ഇവിടെയുളള കെഎസ്ഇബിയുടേയും വനം വകുപ്പിന്‍റേയും എല്ലാ വാഹനങ്ങളും പൊന്നമ്പല മേട്ടിലേയ്ക്ക് പോകുമെന്നും മനസ്സിലാക്കി.
എന്നിരുന്നാലും പൊന്നമ്പലമേട് വേഗത്തില്‍ കാണണം എന്ന ആഗ്രഹം ഉളളതിനാല്‍ ഞങ്ങള്‍ ഉച്ചഭക്ഷണം നേരത്തെ കഴിച്ചുകൊണ്ട് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ നടന്ന് കൊച്ചുപമ്പയിലെത്തി. കൊച്ചുപമ്പയില്‍ വനംവകുപ്പിന്‍റെ ഏലത്തോട്ടത്തില്‍ പണിചെയ്യുന്ന കുറെ തമിഴ്നാട്ടുകാര്‍ താമസിച്ചിരുന്നു. അവരോട് പൊന്നമ്പലമേട്ടിലേയ്ക്കുളള വഴിയും കാടിന്‍റെ സ്ഥിതിയും ചോദിച്ച് മനസ്സിലാക്കിയ ശേഷം ഞങ്ങള്‍ പൊന്നമ്പലമേട്ടിലേയ്ക്കുളള റോഡിലൂടെ യാത്ര തിരിച്ചു. ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ നടന്നപ്പോള്‍ മല മടക്കുകള്‍ക്കുളളില്‍ നിന്ന് വെടി ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിഞ്ഞു. വീണ്ടും അല്‍പം കൂടി മുന്നോട്ട് നീങ്ങിയപ്പോള്‍ കാനനപാതയില്‍ രണ്ട് ജീപ്പുകള്‍ നിൽക്കുന്നു.
KRT 2951 എന്ന ദേവസ്വം ബോര്‍ഡ് ജീപ്പും KLF 7672 എന്ന പൊലീസ് ജീപ്പുമാണ് അവിടെ കണ്ടത്. പൊലീസ് ജീപ്പില്‍ P48 QLN എന്ന പ്രത്യേക സ്റ്റിക്കറും പതിച്ചിരുന്നു. ജീപ്പുകള്‍ കണ്ടുവെങ്കിലും ജീപ്പുകളിലെ ആള്‍ക്കാര്‍ എവിടെ എന്ന് എന്ന് ഒരു വിവരവുമില്ല.
പൊലീസ് ജീപ്പില്‍ പൊലീസുകാരുടെ ജംഗിള്‍ഹാറ്റുകള്‍ ഉണ്ടായിരുന്നു. കാട്ടിന്‍റെ ഉളളില്‍ നില്കുന്ന ഭയമുണ്ടെങ്കിലും നാലു വശത്തേയ്ക്കും അല്പം ദൂരം നടന്നു നോക്കി. ലക്ഷ്യം കിട്ടാതെ തിരിച്ചുവന്ന് ജീപ്പിന്‍റെ അടുത്ത് വന്ന് നിന്നു. അപ്പോഴേയ്ക്കും കെ എസ്ഇബിയുടെ മറ്റൊരു ജീപ്പ് അവിടെ വന്നു.
ജീപ്പ് പാര്‍ക്ക് ചെയ്ത ശേഷം വലതുവശത്തേയ്ക്കുളള പുല്‍മേടിലേയ്ക്ക് അവര്‍ നടന്നു നീങ്ങി. അവരില്‍ ചിലരുടെ കൈയ്യില്‍ സാമ്പ്രാണിത്തിരിയും നാളികേരവും ഇരിക്കുന്നത് കണ്ടു. അവരുടെ പിന്നാലെ ഞങ്ങളും നടന്നു. ഏതാണ്ട് മുക്കാല്‍ കിലോമീറ്ററോളം പോയപ്പോള്‍ വന്‍ മരങ്ങള്‍ ഉളള ഒരു വനത്തിനുളളിലേയ്ക്ക് അവര്‍ പ്രവേശിച്ചു. ഞങ്ങളും അനുഗമിച്ചു. അവിടെ ഏതാനും ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും ഏതാനും പൊലീസ് ഉദ്യോഗസ്ഥരും ഉച്ചഭക്ഷണമെല്ലാം കഴിച്ച് വിശ്രമിക്കുകയാണ്.
അവിടെ ധാരാളം പേര്‍ പോകുമെന്നുളളതുകൊണ്ടാകാം അപരിചിതരായ ഞങ്ങളോട് ആരും ഒന്നും ചോദിച്ചില്ല. ഞങ്ങളുടെ പെരുമാറ്റത്തില്‍ ശല്ല്യക്കാരെന്ന് തോന്നിയതുമില്ല. വൈകുന്നേരം അഞ്ചരമണി സമയമായി. എല്ലാവരും വനഭാഗത്തു നിന്ന് നടന്ന് ശബരിമല ക്ഷേത്രത്തിന് അഭിമുഖമായി കാണുന്ന പരന്ന പാറയുടെ പുറത്ത് വന്നു. പാറയില്‍ ആറ് കോണുകളുളള ഒരു നക്ഷത്രവും ശബരിമലയിലേയ്ക്ക് ലക്ഷ്യമായി ഒരു ശൂലവും ചില അക്ഷരങ്ങളും ചില പേരുകളും കൊത്തിയിട്ടുണ്ട്. ദേവസ്വം ജീവനക്കാര്‍ കൊണ്ടുവന്ന വലിയ അലൂമിനീയം പാത്രവും ചാക്കില്‍ കരുതിവെച്ചിരുന്ന പച്ച കര്‍പ്പൂരവും പാറയില്‍ കൊണ്ടുവച്ചു.
പാത്രത്തില്‍ പകുതിയോളം മണ്ണു നിറച്ചു. അതിനുമുകളില്‍ ചാക്കില്‍ കൊണ്ടുവന്ന പച്ച കര്‍പ്പൂരപാളികള്‍ നിരത്തിവച്ചു. മകരജ്യോതിസ് കത്തിച്ചുയര്‍ത്താനുളള ഒരുക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് മൂന്നാമത്തെ ജീപ്പിന്‍റെ ( KSEB) ഡ്രൈവറായ ഗോപിനാഥനാണ്. കൃത്യം ആറ് നാല്പതായപ്പോള്‍ ശബരിമലയില്‍ നിന്നും സിഗ്നല്‍ ലഭിച്ചു. ഗോപിനാഥന്‍ കര്‍പ്പൂരത്തിന് തീ കത്തിച്ചു. ഗോപിനാഥന്‍ പാത്രം ഉയര്‍ത്തിപ്പിടിച്ചു. എന്നിട്ട് നിലത്തു വച്ച് നനഞ്ഞ ചാക്കുകൊണ്ട് മൂടി. വീണ്ടും ദീപം തെളിയിച്ചു. അങ്ങനെ മൂന്ന് പ്രാവശ്യം ഉയര്‍ത്തിക്കാട്ടിയ ശേഷം ദീപം കെടുത്തി എല്ലാവരും തിരിച്ചുവന്നു.
ഞങ്ങളും വനം വകുപ്പിന്‍റെ ജീപ്പിൽ തന്നെയാണ് തിരിച്ച് പമ്പാ ഡാമില്‍ എത്തിയത്. കര്‍പ്പൂര പാത്രം ഉയര്‍ത്തിക്കാട്ടിയതിന്‍റെ ഒരു വശത്ത് കെഎസ്ആര്‍ടിസി ഗുരുവായൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ ആയിരുന്ന ബാലകൃഷ്ണന്‍ ഒരു ടൗവല്‍ കത്തിച്ചു. മറുവശത്ത് ഒരാള്‍ ഒരു ടോര്‍ച്ച് കത്തിച്ചു. അങ്ങനെ 1980 ല്‍ ഭക്തജനങ്ങള്‍ മൂന്ന് ജ്യോതിസുകള്‍ കണ്ടു. മുമ്പു വിവരിച്ച മൂന്ന് ജീപ്പുകള്‍ക്ക് പുറമെ വൈദ്യുതി വനം വകുപ്പുകളുടെ പത്തിലധികം ജീപ്പുകള്‍ പൊന്നമ്പല മേട്ടില്‍ എത്തിയിരുന്നു. ഇവയിലെല്ലാം നിറയെ പമ്പാ ഡാമിലെ ഇലക്ട്രിസിറ്റി ജീവനക്കാരും കുടുംബാംഗങ്ങളുമാണ് വന്നത്. പമ്പാ ഡാം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവിലെ ഏഴു വയസ്സുളള മായ എന്ന പെണ്‍കുട്ടി മുതല്‍ പമ്പാ ഡാമിലെ F2B ക്വാട്ടേഴ്സിലെ കുട്ടിയമ്മ എന്ന എഴുപതു വയസുളള വൃദ്ധയും 1980 ലെ മകരജ്യോതിസിന് സാക്ഷ്യം വഹിച്ചു”.
(മകര ജ്യോതിസ് , അരനൂറ്റാണ്ട് പിന്നിടുന്ന സര്‍ക്കാര്‍ തട്ടിപ്പ് –
ധനുവച്ചപുരം സുകുമാരന്‍ , യുക്തിരേഖ, 2011 ഫെബ്രുവരി )
പൊന്നമ്പല മേട്ടിലെ മകരവിളക്ക് തെളിയിക്കല്‍ നേരിട്ട് കണ്ട ധനുവച്ചപുരം സുകുമാരനും ടി എന്‍ ബാബുവിനും കാര്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനായില്ല. ലക്ഷ്യം സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന ഉറപ്പില്ലാതെയായിരുന്നു ആ യാത്ര. കണ്‍മുന്നില്‍ കണ്ട കാര്യങ്ങള്‍ അവര്‍ പലരോടും പറഞ്ഞു. 1980 ഫെബ്രുവരി മാസത്തെ യുക്തിവാദി മാസികയില്‍ വിശദമായ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പക്ഷെ
യുക്തിവാദികളൊഴികെ ആരും ഗൗനിച്ചില്ല.
മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നാല്‍ മാത്രമേ വിഷയം ജനശ്രദ്ധയിലെത്തൂ. അതോടെ തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരെ നേരില്‍കണ്ട് വസ്തുതാന്വേഷണത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കാന്‍ കേരള യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ തീരുമാനിച്ചു. അന്നുണ്ടായ അനുഭവം ധനുവച്ചപുരം സുകുമാരന്‍ വിവരിച്ചതിങ്ങനെ: ” അടുത്ത വര്‍ഷം മകരവിളക്ക് തെളിയിക്കുന്ന ദിവസം മാധ്യമ പ്രവര്‍ത്തകരെ പൊന്നമ്പലമേട്ടിലേയ്ക്ക് കൊണ്ടുപോയി അവിടെ നടക്കുന്ന തട്ടിപ്പുകള്‍ കാണിച്ചുകൊടുക്കാമെന്ന് ഞങ്ങള്‍ പറഞ്ഞു. ഞങ്ങള്‍ പറയുന്നത് എഴുതേണ്ട, കണ്ട് ബോധ്യപ്പെട്ട കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതി. അന്നത്തെ മാതൃഭൂമി തിരുവനന്തപുരം ലേഖകന്‍ എം എം വര്‍ഗീസ് എന്‍റെ സുഹൃത്താണ്. ഞങ്ങളുടെ ആവശ്യം കേട്ടപ്പോള്‍ അദ്ദേഹം ഉളള കാര്യം തുറന്ന് പറഞ്ഞു. സത്യം പുറത്ത് കൊണ്ടുവരാനല്ല, പണമുണ്ടാക്കാനാണ് പത്രം നടത്തുന്നത്
എന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം”.
യുക്തിവാദികളുടെ രണ്ടാം ശബരിമലയാത്ര
( യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ പൊന്നമ്പലമേട്ടിലേക്ക് )
അടുത്ത വര്‍ഷത്തെ യാത്ര കൂടുതല്‍ സംഘടിതമായിരുന്നു. മകരവിളക്കിന്‍റെ പേരില്‍നടക്കുന്ന തട്ടിപ്പുകള്‍ തടയുക എന്നതായിരുന്നു ലക്ഷ്യം. 1981 ജനുവരി 14ന് കേരളത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ പൊന്നമ്പല മേട്ടിലേയ്ക്ക് പുറപ്പെട്ടു. യുക്തിവാദി പത്രാധിപര്‍ ഉണ്ണി കാക്കനാട്, യുക്തി വിചാരം പത്രാധിപര്‍ എ വി ജോസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അന്നത്തെ പല മുഖ്യധാരാ മാധ്യമപ്രവര്‍ത്തകരേയും ക്ഷണിച്ചെങ്കിലും അവരാരും സംഘത്തോടൊപ്പം സത്യാനോഷണം നടത്താന്‍ തയ്യാറായില്ല. നൂറ്റമ്പതോളം പേര്‍ അന്ന് പൊന്നമ്പല മേട്ടിലെത്തി.
ദേവസ്വം ബോര്‍ഡ് ജീവനക്കാരും പൊലീസും മകര വിളക്ക് കത്തിക്കാനായി പൊന്നമ്പല മേട്ടിലെത്തിയപ്പോള്‍ തട്ടിപ്പില്‍ നിന്ന് പിന്‍മാറണമെന്ന് യുക്തിവാദി സംഘം ആവശ്യപ്പെട്ടു. ഫോറസ്റ്റ് കോര്‍പ്പറേഷന്‍ എം ഡി ഡോ . എം എസ് നായര്‍, കോര്‍പ്പറേഷന്‍റെ ഫൈന്‍നാഷ്യല്‍ ഓഫീസര്‍ ശിവരാമന്‍നായര്‍, ചീഫ് കണ്‍സര്‍വേറ്റര്‍
സുരേന്ദ്രനാശാരി എന്നിവരെല്ലാം അവിടെ സന്നിഹിതരായിരുന്നു. ” വിശ്വാസികളായ അയ്യപ്പഭക്തന്‍മാരോടുളള വഞ്ചനയാണെന്ന് ഞങ്ങള്‍ പറഞ്ഞു. ഒന്നും വകവയ്ക്കാതെ അവര്‍ പാറപ്പുറത്ത് ഒരു പൂജാ നാടകം നടത്തുകയും കര്‍പ്പൂര ദീപം കത്തിച്ചുയര്‍ത്തുകയും ചെയ്തു. യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ കരുതിവെച്ചിരുന്ന തീപ്പന്തങ്ങള്‍ കത്തിച്ചു”
(മകര ജ്യോതിസ് , അരനൂറ്റാണ്ട് പിന്നിടുന്ന സര്‍ക്കാര്‍ തട്ടിപ്പ് –
ധനുവച്ചപുരം സുകുമാരന്‍ , യുക്തിരേഖ, 2011 ഫെബ്രുവരി )
ആ വര്‍ഷം പതിവ്തെറ്റി. ഒന്നല്ല, ഒട്ടേറെ മകര ജ്യോതിസ്സുകള്‍ അയ്യപ്പഭക്തര്‍ കണ്ടു. ഭക്തിസാന്ദ്രവും ആവേശകരവുമായ ആകാശവാണി തല്‍സമയ പ്രക്ഷേപണത്തില്‍ ” ജ്യോതിസുകള്‍ ആകാശത്ത് നൃത്തം വച്ചു” എന്ന് വരെ കമന്‍റേറ്റര്‍ പറഞ്ഞു. അടുത്ത് ദിവസം പുറത്തിറങ്ങിയ മലയാള പത്രങ്ങള്‍ മകരജ്യോതിയില്‍
കണ്ട സവിശേഷതകള്‍ പ്രാധാന്യത്തോടെ നല്‍കി.” ജ്യോതിസ് വീണ്ടും ദൃശ്യമായി” എന്നതായിരുന്നു മനോരമയുടെ തലക്കെട്ട് വാര്‍ത്ത. പക്ഷെ എന്തുകൊണ്ടാണ് “വീണ്ടും” ദ്യശ്യമായത് എന്ന് വിശദീകരിച്ചില്ല. “ശബരിമലയില്‍ കൃത്രിമ മകര ജ്യോതിസ്” എന്ന തലക്കെട്ടോടെ മാതൃഭൂമി ഒന്നാം പേജില്‍ തന്നെ വാര്‍ത്ത കൊടുത്തു. “പൊട്ടിത്തെറിയോടെ മകരവിളക്ക്” എന്നതായിരുന്നു കേരള പത്രികയുടെ തലക്കെട്ട്. “Camphoric miracle? ” എന്ന തലക്കെട്ടില്‍ ഇന്ത്യന്‍ എക്സ്പ്രസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ദേശീയതലത്തില്‍ ശ്രദ്ധയേമായി. പൊന്നമ്പലമേട്ടില്‍ യുക്തിവാദികള്‍ പന്തം കൊളുത്തി “ബദല്‍ മകരജ്യോതികള്‍” തെളിക്കുന്ന ഫോട്ടോകള്‍ യുക്തിവാദി, യുക്തി വിചാരം മാസികകള്‍ പ്രസിദ്ധീകരിച്ചു. ആ ലക്കങ്ങള്‍ ചൂടപ്പം പോലെ വിറ്റുപോയി. ആര്‍എസ്എസ് പ്രസിദ്ധീകരണമായ കേസരിയില്‍ പോലും മകരവിളക്കിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്തുകൊണ്ടുളള കുറിപ്പുകള്‍ പ്രസിദ്ധീകരിച്ചു.
( പൊന്നമ്പലമേട്ടില്‍ പൂത്തിരി കത്തിക്കാനായുള്ള ഒരുക്കങ്ങള്‍ )
“യഥാര്‍ഥത്തില്‍ ദേവസ്വം ബോര്‍ഡ് ഒരാളെ മകര സംക്രമ ദിവസം പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരം കത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെങ്കില്‍ അതൊരു രസഹ്യമാക്കിവെയ്ക്കേണ്ട ആവശ്യമുണ്ടെന്നെനിക്ക് തോന്നുന്നില്ല. പൊമ്പന്നലമേട്ടില്‍ മകരജ്യോതി ദര്‍ശിക്കാത്തതുകൊണ്ട് ശബരിമലയില്‍ ഭക്ത ജനങ്ങള്‍ കുറയുമെന്ന് ഞാന്‍ കരുതുന്നില്ല. ഇന്ന് വിഷുവിനും ജ്യോതിക്ക് മുമ്പും ശേഷവും ലക്ഷക്കണക്കിന് ഭക്തന്‍മാര്‍ മല ചവിട്ടുന്നില്ലേ?”
( കെ ഗോവിന്ദന്‍ , മകരജ്യോതിയെപ്പറ്റി, കേസരി 1981 ഫെബ്രുവരി ലക്കം)
മകരവിളക്ക് എന്ന തട്ടിപ്പ് നാടകം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് യുക്തിവാദി സംഘടനകള്‍ കേരളത്തിലൂടനീളം വിപുലമായ പ്രചാരണ പരിപാടികള്‍ നടത്തി.തിരുവനന്തപുരത്ത് നടത്തിയ ഫോട്ടോ പ്രദര്‍ശനം ശ്രദ്ധേയമായി. പൊന്നമ്പല മേട്ടില്‍ നിന്ന് പകര്‍ത്തിയ ഫോട്ടോകള്‍ കാണാന്‍ നിരവധി പേര്‍ തലസ്ഥാനത്തെത്തി. വിശ്വാസി സമൂഹത്തിനിടയില്‍ പോലും തിരിച്ചറിവുണ്ടാക്കാന്‍ ഇത്തരം പ്രചാരണ പരിപാടികള്‍ക്ക് സാധിച്ചു.
അന്ന് ഇ കെ നായനാര്‍ ആയിരുന്നു മുഖ്യമന്ത്രി. യുക്തിവാദി സംഘം നേതാക്കള്‍ തിരുവനന്തപുരത്ത് ഇ കെ നായനാരുമായി കൂടിക്കാഴ്ച നടത്തി. മകരവിളക്ക് തട്ടിപ്പാണ് എന്നതിന്‍റെ തെളിവുകള്‍ അദ്ദേഹത്തിന്‍റെ മുന്നില്‍ നിരത്തി. എല്ലാം ക്ഷമയോടെ കേട്ട ഇ കെ നായനാരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ” മക്കളേ നിങ്ങള്‍ യുക്തിവാദികള്‍ ചെയ്ത സത്യാന്വേഷണത്തെ ഞാന്‍ അഭിനന്ദിക്കുന്നു. നിങ്ങളിനിയും മുമ്പോട്ട് പോവുക. പക്ഷെ ഒരു കാര്യം പറയട്ടെ ,ഞാന്‍ യുക്തിവാദികളുടെ മുഖ്യമന്ത്രി എന്ന പോലെ കേരളത്തിന്‍റെ മൊത്തം ജനങ്ങളുടേയും മുഖ്യമന്ത്രിയാണ്.. അതുമറക്കണ്ട” ( പേജ് 36, യുക്തിചിന്തയുടെ 100 വര്‍ഷം)
പ്രതികാര ബുദ്ധിയോടെ കെ കരുണാകരന്‍
മകരവിളക്ക് ദിനങ്ങളില്‍ നടത്തുന്ന റണ്ണിങ് കമ്മന്‍ററിയിലൂടെ ആകാശവാണിയും ദൂരദര്‍ശനും നടത്തുന്ന അന്ധവിശ്വാസ പ്രചാരണങ്ങള്‍ക്കെതിരെ ആകാശവാണിയുടേയും ദൂരദര്‍ശന്‍റേയും ഓഫീസുകളിലേയ്ക്ക് അക്കാലത്ത് യുക്തിവാദികള്‍ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഇത്തരം പ്രതിഷേധപരിപാടികളുടെ പിറകിലെ രാഷ്ട്രീയത്തോട് വിയോജിക്കുമ്പോള്‍ തന്നെ സമരങ്ങളെക്കുറിച്ച്
പ്രാദേശിക പേജുകളിലെങ്കിലും വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമങ്ങള്‍ തയ്യാറായിരുന്നു. സമാനമായ പരിപാടികള്‍ ഇന്നും നടക്കുന്നുണ്ട്. പക്ഷെ അംഗബലത്തില്‍ എണ്ണം വന്‍തോതില്‍ കൂടിയെങ്കിലും ഇത്തരം സമരങ്ങളെ മാധ്യമലോകം കൂട്ടത്തോടെ അവഗണിക്കാറാണ് പതിവ്.
1981 ഡിസംബറില്‍ കേരളത്തില്‍ ഭരണമാറ്റമുണ്ടായി. കെ കരുണാകരന്‍ മുഖ്യമന്ത്രിയായി. ഗുരുവായൂരപ്പനോടാണ് കൂടുതല്‍ ഭക്തിയെങ്കിലും ശബരിമല അയ്യപ്പന്‍റെ വിശ്വാസ്യതയ്ക്ക് കളങ്കം ചാര്‍ത്തുന്ന യുക്തിവാദികളെ നന്നായി കൈകാര്യം ചെയ്യാന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കൂടിയായിരുന്ന കെ. കരുണാകരന്‍ കര്‍ശന നിര്‍ദേശം നല്‍കി. ധനുവച്ചപുരം സുകുമാരന്‍റെ നേതൃത്വത്തിലുളള നൂറംഗ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ അടുത്ത മകരവിളക്ക് ദിനത്തിലും പൊന്നമ്പലമേട്ടിലെത്തി. ഡി.വൈ.എസ്.പി രാമചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ സായുധരായ ഒരു സംഘം പൊലീസിനെ അവിടെ നിയോഗിച്ചിരുന്നു. പൊലീസ് സംഘം യുക്തിവാദി സംഘം പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചു. ക്യാമറകളിലെ ഫിലിമുകള്‍ ഊരിമാറ്റി. ക്യാമറകള്‍ തകര്‍ത്തു. യുക്തിവാദി സംഘത്തിന്‍റെ പ്രവര്‍ത്തകരില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേറ്റു. ദീര്‍ഘകാലം ചികിത്സ നടത്തിയെങ്കിലും പലര്‍ക്കും ആരോഗ്യം വീണ്ടെടുക്കാനായില്ല. “പൊന്നമ്പലമേട്ടില്‍ ഭീകര മര്‍ദ്ദനം” എന്ന തലക്കെട്ടോടെ ദേശാഭിമാനി ഒന്നാം പേജില്‍ വലിയ വാര്‍ത്ത നല്കി. ജനുവരി പതിമൂന്നിനാണ് മര്‍ദ്ദനം നടന്നത്. എന്നാല്‍ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത് പതിനെട്ടാം തിയ്യതിയാണ്. മര്‍ദ്ദനത്തില്‍ പരിക്ക് പറ്റിയതിന്‍റെ അടയാളങ്ങളുമായി യുക്തിവാദികള്‍ തിരുവനന്തപുരത്തെ പത്ര ഓഫീസുകള്‍ കയറിയിറങ്ങുകയായിരുന്നു.
“കുന്നത്തുകാല്‍ മധുവും സഹപ്രവര്‍ത്തകരും ഇന്നലെ തിരുവനന്തപുരത്തെ എല്ലാ പത്ര ഓഫീസുകളിലും ചെന്ന് പൊലീസ് മര്‍ദ്ദനത്തില്‍ തനിക്കേറ്റ പരുക്കുകള്‍ കാണിച്ചു കൊടുത്തു. പൊലീസുകാര്‍ പൊന്നമ്പലമേട്ടില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്ന ജീപ്പുകളുടെയെല്ലാം നമ്പര്‍ മധുവും സഹപ്രവര്‍ത്തകരും പത്ര ലേഖകര്‍ക്ക് പറഞ്ഞു തന്നു. തങ്ങളെ മര്‍ദ്ദിച്ച പൊലീസ് കോണ്‍സ്റ്റബിള്‍മാരുടെ നമ്പറും അവര്‍ കുറിച്ചെടുത്തിട്ടുണ്ട്. പൊലീസിന്‍റെ അടിയും ബൂട്ട്സിട്ട ചവിട്ടുമേറ്റ് നിരവധി പേര്‍ ബോധരഹിതരായി. എന്ന് സംഘത്തിലുളളവര്‍ പറയുന്നു. ഡിവൈഎസ്പി രാമചന്ദ്രന്‍ നായര്‍, ഇന്‍സ്പെക്ടര്‍ ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് മര്‍ദ്ദനം നടത്തിയതെന്ന് സംഘാംഗങ്ങള്‍ പരാതിപ്പെട്ടു”.
( ദേശാഭിമാനി ദിനപത്രം , ജനുവരി 18, 1983)
പൊലീസിനെതിരെ നടപടിയൊന്നും ഉണ്ടായില്ല. യുക്തിവാദികളുടെ നട്ടെല്ലൊടിച്ച കരുത്തനായ ഭരണാധികാരി എന്ന പ്രതിച്ഛായയോടെ കരുണാകരന്‍ എണ്‍പതുകളില്‍ കേരള രാഷട്രീയത്തില്‍ കരുത്തനായി. യുക്തിവാദികള്‍ പിന്നീടൊരിക്കലും പ്രതിഷേധവുമായി പൊന്നമ്പല മേട്ടിലെത്തിയിട്ടില്ല. എല്ലാ വര്‍ഷവും മണ്ഡല കാലത്ത് മകര വിളക്കുകള്‍ കൃത്യ സമയത്തു തന്നെ കത്തി.
ഓരോ വര്‍ഷവും നിയന്ത്രിക്കാനാവാത്ത വിധം ജനത്തിരക്ക് വര്‍ധിച്ചു കൊണ്ടിരുന്നു. ശബരിമലയില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു. ഒപ്പം ദുരന്തങ്ങളില്‍ മരണപ്പെടുന്നവരുടെ എണ്ണവും കൂടി. 1999 ജനുവരി 14ന് മകരവിളക്ക് ദിനത്തില്‍ ശബരിമലയില്‍ തിക്കിലും തിരക്കിലും പെട്ട് 54 പേര്‍ മരിച്ചു. മകരജ്യോതി തട്ടിപ്പ് വീണ്ടും ചര്‍ച്ചാ വിഷയമായി. ജനുവരി 19ന് മാതൃഭൂമി ദിനപത്രത്തില്‍ മുന്‍ ഡിജിപി എന്‍. കൃഷ്ണന്‍ നായര്‍ എഴുതിയ ലേഖനത്തിലെ അവസാനഭാഗം ഇങ്ങനെയാണ്:
1981 -82ല്‍ ശബരിമല സ്പെഷല്‍ ഓഫീസറായിരുന്ന എന്‍റെ മുന്‍പില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന് മനമില്ലാ മനസ്സോടെയെങ്കിലും മകരവിളക്കിന് പിന്നിലെ കാര്യം അനാവരണം ചെയ്യേണ്ടിവന്നു. ” മകരവിളക്കിന് മണിക്കൂറുകളല്ലേ ബാക്കിയുളളൂ. അവരുടെ അടിയുറച്ച വിശ്വാസത്തിന് ഇളക്കം തട്ടിയാല്‍ തമിഴ്നാട്ടുകാരും ആന്ധ്രക്കാരുമായ അനേകം പേര്‍ക്ക് മനസ്സിന്‍റെ സമനില തെറ്റിയെന്ന് വരും. മകരവിളക്കൊന്ന് കഴിഞ്ഞോട്ടെ, നമുക്കു കാര്യങ്ങള്‍ ഭക്ത ജനങ്ങളെ അറിയിക്കാം.” ഈ വാക്കുകള്‍ ഞാന്‍ കേട്ടിട്ട് രണ്ട് ദശാബ്ദം കവിഞ്ഞു. ആരു ഇക്കാര്യം പരിഗണിച്ചതായി കാണുന്നില്ല.
(എന്‍ കൃഷ്ണന്‍നായര്‍, ദുരന്തകാരണം വികസന പ്രക്രിയയുടെ പരാജയം, മാതൃഭൂമി ,ജനുവരി 19 , 1999 )
എന്നാല്‍ മാതൃഭൂമിയാവട്ടെ എന്‍ കൃഷ്ണന്‍നായരുടെ ശാസ്ത്രീയമായ ലേഖനത്തോടൊപ്പം അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം പ്രസിഡന്‍റ് പുലിയൂര്‍ മോഹനന്‍ നമ്പൂതിരിയുടെ കുറിപ്പും പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഇങ്ങനെ:
” ദേവന്‍റെ പിതൃസ്ഥാനീയനും പരമാചാരനുമാണ് തന്ത്രി. തന്ത്രി സ്ഥാനം പാരമ്പര്യ നിഷ്ഠമാണ്. തന്ത്രിയെ അപമാനിച്ചതിന്‍റെ ദേവകോപം ശബരിമലയിലുണ്ട്”.
2011 ജനുവരി 14 ന് മകരവിളക്ക് ദിനത്തില്‍ പുല്ലുമേട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 104 പേര്‍ മരിച്ചു. മരിച്ചവരിലെ ബഹു ഭൂരിഭാഗവും തമിഴ്നാട്ടുകാരായിരുന്നു. പുല്ലുമേട് അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ മകരവിളക്ക് കത്തിക്കുന്നതാണെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് വിശദീകരിച്ചിരുന്നു. അന്നത്തെ ദേവസ്വം മന്ത്രി ജി. സുധാകരനും മകരവിളക്ക് കത്തിക്കുന്നതാണെന്ന് തുറന്ന് പറഞ്ഞു.
രാജ്യത്ത് സംഘപരിവാര്‍ രാഷ്രീയം നേടിയ വളര്‍ച്ചയും മാധ്യമ പ്രവര്‍ത്തകരിലും മാധ്യമ മാനേജ്മെന്‍റുകളിലും സംഘപരിവാറിനുളള സ്വാധീനവും ശബരിമലയുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രകടമാണ്. പലപ്പോഴും അനിയന്ത്രിതമായ തിരക്ക് ഉണ്ടാവാറുണ്ട്. തിരക്ക് നിയന്ത്രിക്കാനുളള പരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കുമ്പോള്‍ അയ്യപ്പഭക്തരെ ബുദ്ധിമുട്ടിക്കുന്നു എന്ന തലക്കെട്ടുമായി പത്രങ്ങളും ചാനലുകളും
രംഗത്ത് വരാറുണ്ട്. എല്ലാവര്‍ക്കും ഏറെക്കുറെ ഒരേ ശബ്ദം. കാരണം ശബരിമല സംഘപരിവാറിന് സുവര്‍ണ്ണാവസരങ്ങള്‍ക്കുളള ഒരു എളുപ്പവഴിയാണ്.
പൊന്നമ്പലമേട്ടിലെത്തിയ ടി വി ക്യാമറകള്‍
( പൊന്നമ്പലമേട്ടില്‍ നിന്ന് കൈരളി ടിവി ലേഖകന്‍ മനോജ് കെ പുതിയവിള )
പണ്ട് ആകാശവാണി മാത്രമാണ് മകരവിളക്ക് ദിനത്തില്‍ തത്സമയ പ്രക്ഷേപണം നല്‍കിയിരുന്നത്. പിന്നീട് ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം നല്‍കി. സ്വകാര്യ ചാനലുകള്‍ക്ക് കൂടി അനുമതി നല്‍കിയതോടെ കേരളത്തില്‍ സ്വകാര്യ ടി വി ചാനലുകളുടെ കൊത്തൊഴുക്കായി. എന്നാല്‍ പൊന്നമ്പലമേട്ടിലെ മകരജ്യോതിയുടെ സത്യാവസ്ഥ തേടിപോയത് കൈരളി ടിവി മാത്രമാണ്. 2000ല്‍ കൈരളി ടി വിയുടെ സീനിയര്‍ റിപ്പോര്‍ട്ടര്‍ മനോജ് കെ പുതിയവിളയും ക്യാമറാമാന്‍ അന്‍സാരിയും പൊന്നമ്പലമേട്ടിലെത്തി. ആ യാത്ര മണ്ഡല കാലത്തായിരുന്നില്ല. യാത്രയുടെ ഉദ്ദേശ്യം മനോജ് കെ പുതിയവിള വിശദീകരിക്കുന്നതിങ്ങനെ:
“ശബരിമലയിലെ വികസനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് തയ്യാറാക്കാനാണ് അവിടെ പോയത്. സാക്ഷരതാ പ്രചാരണ പരിപാടിയുടെ ഭാഗമായി നേരത്തെ തന്നെ ഈ മേഖലയിലൂടെ യാത്ര ചെയ്ത മുന്‍പരിചയം എനിക്കുണ്ടായിരുന്നു. പൊന്നമ്പല മേട്ടിലേയ്ക്കുളള വഴിയില്‍ ഒരു പൊലീസുകാരന്‍ കാവല്‍ നില്ക്കുന്നുണ്ടായിരുന്നു. ക്യാമറ കണ്ടപ്പോള്‍ എന്തിനാണ് എന്ന് ചോദിച്ചു. അവിടെ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന ഇലക്ട്രിക് ലൈനുകളാണ് ശ്രദ്ധയില്‍പ്പെട്ടത്. വൈദ്യുതി മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് തയാറാക്കുക എന്നതാണ് ലക്ഷ്യം എന്ന് പറഞ്ഞു. പൊലീസുകാരന്‍ അകത്തേയ്ക്ക് കടത്തിവിട്ടു. മകരവിളക്ക് കത്തിക്കുന്ന പൊന്നമ്പലമേട് പ്രദേശം ക്യാമറയില്‍ പകര്‍ത്തി.”
( 2000ല്‍ കൈരളി സംഘം പൊന്നമ്പലമേട്ടില്‍ )
മകരവിളക്കിന് പിറകിലെ യാഥാര്‍ഥ്യത്തെക്കുറിച്ച് തയ്യാറാക്കിയ വിശദമായ റിപ്പോര്‍ട്ട് കൈരളി ടി വിയിലെ “സമകാലികം” പരിപാടിയില്‍ സംപ്രേഷണം ചെയ്തു. പൊന്നമ്പലമേട്ടില്‍ നേരിട്ടെത്തി മകരവിളക്കിന് പിറകിലെ സത്യം ദൃശ്യങ്ങളിലൂടെ ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായി ആയിരുന്നു.
കൈരളി ടി വി യുടെ കൊല്ലം ലേഖകന്‍ രാജ് കുമാര്‍ ആണ് പൊന്നമ്പലമേട്ടിലെത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയ മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍. 2011ല്‍ മകരവിളക്ക് ദിനത്തില്‍ തിക്കിലും തിരക്കിലും പെട്ട് 104 പേര്‍ മരിച്ചിരുന്നു. മകരവിളക്ക് തെളിയുന്നതല്ലെന്നും തെളിക്കുന്നതാണെന്നും വ്യക്തമാക്കി രാജ് കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് അന്ന് പ്രാധാന്യത്തോടെ കൈരളി ന്യൂസ് സംപ്രേഷണം ചെയ്തു.
മുഖ്യധാരാ മാധ്യമങ്ങള്‍ ഭയക്കുന്നതും മടിക്കുന്നതുമായ ഒരു വിഷയം മുന്‍നിര്‍ത്തി, ഈശ്വര വിശ്വാസത്തെ തൊട്ടാല്‍ പ്രശ്നമാകുമെന്ന മുന്‍വിധിയ്ക്കും ഭീഷണിക്കും കീഴടങ്ങാതെ, മനോജ് കെ പുതിയവിളയും രാജ് കുമാറും നടത്തിയ മാധ്യമപ്രവര്‍ത്തനങ്ങള്‍ കേരളത്തിലെ പുരോഗമന സമൂഹത്തിന്‍റെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍ മകരവിളക്ക് ദിനത്തിലെ കത്തിക്കല്‍ അവിടെയെത്തി നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ യുക്തിവാദ പ്രസിദ്ധീകരണങ്ങളിലെ മാധ്യമ പ്രവര്‍ത്തകര്‍ അല്ലാതെ മറ്റാരും തയ്യാറായിട്ടില്ല.
( കൈരളി കൊല്ലം ലേഖകന്‍ രാജ് കുമാര്‍)
ഇന്നും മകരവിളക്ക് വലിയ ഉത്സവമാണ്. മകരവിളക്ക് ദര്‍ശിക്കാനായെത്തുന്ന ഭക്തരിലെ മഹാഭൂരിപക്ഷവും മകരവിളക്ക് കത്തിക്കുന്നതാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പക്ഷെ മലയാളത്തിലെ മഹാഭൂരിപക്ഷം മാധ്യമങ്ങള്‍ക്കും ഇന്നും മകരവിളക്ക് “തെളിയുന്നതാണ് “, തെളിക്കുന്നതല്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here