ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ നട്ടെല്ലാണ് ശുഭ്മാന്‍ ഗില്ല്. കഴിഞ്ഞ ദിവസം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ശുഭ്മാന്‍ ഗില്ല് തന്റെ കന്നി ഐപിഎല്‍ സെഞ്ച്വറി നേടി. ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി മാറി.
13 ഫോറുകളും ഒരേയൊരു സിക്‌സുമാണ് താരം മത്സരത്തില്‍ അടിച്ചത്. ഈ സിക്‌സിനെ കുറിച്ചാണ് ഗില്‍ പറയുന്നത്. ഹൈദരാബാദ് താരം അഭിഷേക് ശര്‍മയുടെ പന്തിലായിരുന്നു ഈ സിക്‌സ്. 58 പന്തില്‍ 101 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. കളി തുടങ്ങും മുന്‍പ് അഭിഷേക് ശര്‍മയോട് പന്തെറിയാന്‍ വന്നാല്‍ സിക്‌സടിക്കുമെന്ന് പറഞ്ഞിരുന്നുവെന്ന് ഗില്‍ വെളിപ്പെടുത്തി. മത്സരത്തിനു മുന്‍പ് സൗഹൃദം പങ്കിടുമ്പോഴാണ് താന്‍ ഇക്കാര്യം അഭിഷേകിനോട് പറഞ്ഞത്.
‘നീ പന്തെറിയാന്‍ വന്നാല്‍ സിക്‌സടിക്കുമെന്ന് മത്സരത്തിന് മുന്‍പ് തന്നെ ഞാന്‍ അവനോട് പറഞ്ഞിരുന്നു. നീയെങ്ങാനും എനിക്കെതിരെ പന്തെറിഞ്ഞാല്‍ സിക്‌സിന് തൂക്കുമെന്നാണ് പറഞ്ഞത്. മത്സരത്തില്‍ എനിക്കേറെ പ്രിയപ്പെട്ട ഷോട്ടും ഇതുതന്നെ. എന്റെ ഐപിഎല്‍ അരങ്ങേറ്റം ഹൈദരാബാദിനെതിരെ ആയിരുന്നു. അതിനാല്‍ അവര്‍ക്കെതിരായ സെഞ്ച്വറി നേട്ടം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. അരങ്ങേറ്റവും കന്നി ഐപിഎല്‍ സെഞ്ച്വറിയും ഒരേ ടീമിനെതിരെ നേടാന്‍ സാധിക്കുന്നതു സന്തോഷം തരുന്നു’- ഗില്‍ പറഞ്ഞു.
ഗില്ലും അഭിഷേകും ബാല്യകാല സുഹൃത്തുക്കളും രഞ്ജിയില്‍ പഞ്ചാബിനായി ഒരുമിച്ചു കളിക്കുന്നവരുമാണ്. 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലും ഇരുവരും ഒന്നിച്ചു കളിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here