കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്‍റെ ഭാര്യയ്ക്ക് ബി.ജെ.പി സര്‍ക്കാര്‍ നല്‍കിയ താത്കാലിക നിയമനം റദ്ദാക്കി കോണ്‍ഗ്രസ് സര്‍ക്കാര്‍. യുവമോര്‍ച്ച നേതാവായിരുന്ന പ്രവീണ്‍ നെട്ടാരുവിന്‍റെ ഭാര്യ നൂതന്‍ കുമാരിക്ക് നല്‍കിയ നിയമനമാണ് റദ്ദാക്കിയത്. മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ദുരന്തനിവാരണ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു നൂതൻ കുമാരി.
2022 സെപ്തംബര്‍ 29ന് നൂതന്‍ കുമാരിയെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രൂപ്പ് സി തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമിച്ചിരുന്നത്. പിന്നീട് ഒക്ടോബര്‍ 13ന് ഇവരുടെ അഭ്യര്‍ത്ഥന പ്രകാരം മംഗളൂരുവിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലേക്ക് മാറ്റുകയായിരുന്നു. സര്‍ക്കാര്‍ മാറുമ്പോള്‍ മുന്‍കാല താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണെന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എം.ആര്‍ രവികുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
യുവമോര്‍ച്ച ദക്ഷിണ കന്നട ജില്ല സമിതി അംഗമായിരുന്ന പ്രവീണ്‍ നെട്ടാരു 2022 ജൂലൈ 26നാണ് കൊലപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. എൻ.ഐ.എയാണ് കേസ് അന്വേഷിച്ചത്. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here