കർണാടക മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റ സിദ്ധരാമയ്യക്ക് വേണ്ടി സർക്കാർ പുതിയ കാർ വാങ്ങിയത് കേരളത്തിൽ ഉൾപ്പെടെ ചർച്ചയാവുന്നു. സിദ്ധരാമയ്യയ്ക്ക് വേണ്ടി സർക്കാർ വാങ്ങിയ ഒരു ടൊയോട്ട വെൽഫയർ കാറാണ് ഇപ്പോൾ കേരളത്തിലെ അടക്കം ചർച്ചാ വിഷയം. അത്യാധുനിക സൗകര്യങ്ങളുള്ള ഈ കാറിൻ്റെ വില ഏകദേശം ഒരു കോടി (96.55 ലക്ഷം) രൂപയാണ്. ഇൻഷുറൻസും രജിസ്ട്രേഷനും ഉൾപ്പെടെ 1.20 കോടിയോളം വരും ഓൺറോഡ് വില. വിവിധ മാധ്യമങ്ങൾ കാറിൻ്റെ വീഡിയോ അടക്കം പുറത്ത് വിട്ടിട്ടുണ്ട്.
വാർത്തകൾ പുറത്ത് വന്ന ശേഷം “ഇത്രയും വില കൂടിയ കാർ എന്തിനാണ് “?എന്നതടക്കം വ്യാപക വിമർശനങ്ങളാണ് കർണാടകയിൽ സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.ആഡംബര കാറുകളുടെ ശ്രേണിയിൽപ്പെടുത്താവുന്ന ടൊയോട്ട വെൽഫയർ ഒരു പ്രശസ്തവും ജനപ്രിയവുമായ കാറാണ്. നിരവധി സെലിബ്രിറ്റികളും വ്യവസായികളും രാഷ്ട്രീയക്കാരും ഇതിനോടകം ഈ കാർ വാങ്ങിയിട്ടുണ്ട്. എന്നാൽ കാറുമായി ഉയരുന്ന വിമർശനങ്ങളിൽ കോൺഗ്രസ് നേതൃത്വമോ നേതാക്കളോ ഇത് വരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം, കേരളത്തിലും ഇതിനോടകം തന്നെ ഒരിടവേളക്ക് ശേഷം കോൺഗ്രസ് അധികാരത്തിൽ എത്തിയ കർണാടകയിലെ മുഖ്യമന്ത്രിയുടെ കാർ ചർച്ചയാവുകയാണ്. സുരക്ഷാകാരണങ്ങളാൽ മുഖ്യമന്ത്രി പിണറായി വിജയന് പൊലീസ് നിർദേശ പ്രകാരം പുതിയ കാർ വാങ്ങിയപ്പോൾ വിമർശിച്ചവർ എവിടെ എന്നൊക്കെയുള്ള കാര്യങ്ങളാണ് കേരളത്തിൽ ചർച്ചയാവുന്നത്. കോൺഗ്രസിൻ്റെ ഇരട്ടത്താപ്പാണ് ഇത് എന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയൻ 37 ലക്ഷത്തിൻ്റെ കാർ വാങ്ങിയപ്പോൾ ധൂർത്ത്; സിദ്ധരാമയ്യ ഒരു കോടിക്ക് മുകളിലുള്ള കാർ വാങ്ങിയാൽ അന്തസ് എന്നതാണ് കോൺഗ്രസ് നിലപാട് എന്നും വിമർശകർ പരിഹസിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here