കഥയില്‍ നിന്ന് തിരക്കഥയിലേക്കും അവിടെ നിന്ന് ക്യാമറയുടെ പിന്നിലെ റോള്‍ ഏറ്റെടുത്തും ഹാസ്യത്തിന്റെ മേമ്പൊടി നല്‍കിയ മലയാളിയുടെ പ്രിയ സംവിധായകന്‍ സിദ്ദിഖ് വിട വാങ്ങി. കരള്‍ രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 10 ന് ആണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവേ കഴിഞ്ഞ ദിവസം ഹൃദയാഘാതം സംഭവിക്കുകയും, ആരോഗ്യ നില വഷളാവുകയും ചെയ്തു. പിന്നീട് എക്‌മോ സഹായത്തോടെ വെന്റിലേറ്ററില്‍ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല.
also read-സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചു
1954 ഓഗസ്റ്റ് ഒന്നിന് ഇസ്മയില്‍ ഹാജിയുടേയും സൈനബയുടേയും മകനായി കൊച്ചിയിലാണ് സിദ്ദിഖിന്റെ ജനനം. കളമശേരി സെന്റ് പോള്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. കൊച്ചിന്‍ കലാഭവനിലൂടെയാണ് കലാരംഗത്തേയ്ക്ക് എത്തുന്നത്. ലാലിനൊപ്പമുള്ള സിദ്ദിഖിന്റെ പ്രകടനം കണ്ട സംവിധായകന്‍ ഫാസില്‍ അദ്ദേഹത്തെ സിനിമയിലേക്ക് എത്തിക്കുകയായിരുന്നു.
പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിന്റെ കഥയൊരുക്കി സിനിമയില്‍ രംഗപ്രവേശനം നടത്തി. തുടര്‍ന്ന് നാടോടിക്കാറ്റിനും കഥയൊരുക്കി. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലാണ് ആദ്യമായി സഹസംവിധായകനായത്. ലാലിനൊപ്പം ചേര്‍ന്ന് റാംജി റാവു സ്പീക്കിംഗ് ഒരുക്കി സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചു. ലാലിനൊപ്പം ചേര്‍ന്ന് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി. തുടര്‍ന്ന് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ പിറന്നത് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍. ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങള്‍ ലാലിനൊപ്പം ചേര്‍ന്ന് ഒരുക്കി. മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്‌ലര്‍ എന്ന ചിത്രത്തിലൂടെയാണ് സിദ്ദിഖ് സ്വതന്ത്ര സംവിധായകനായത്. തുടര്‍ന്ന് ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 2001 ല്‍ ഫ്രണ്ട്‌സ് എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പൊരുക്കി തമിഴ് സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് എങ്കള്‍ അണ്ണ, സാധു മിരണ്ട, കാവലന്‍, ഭാസ്‌കര്‍ ഒരു റാസ്‌കല്‍ എന്നീ തമിഴ് ചിത്രങ്ങളും സിദ്ദിഖില്‍ നിന്ന് പിറവികൊണ്ടു. ബോഡി ഗാര്‍ഡിന്റെ ഹിന്ദി പതിപ്പൊരുക്കി ഹിന്ദിയിലും തരംഗം സൃഷ്ടിച്ചു സിദ്ദിഖ്. മലയാള സിനിമാ ചരിത്രത്തില്‍ ഒരു പിടി ഹിറ്റുകള്‍ അവശേഷിച്ചാണ് പ്രിയ സംവിധായകന്‍ വിട പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here