ചെങ്ങന്നൂർ-തിരുവല്ല റെയിൽവേ ട്രാക്കിലെ സിഗ്നൽ കേബിളുകൾ മുറിഞ്ഞ നിലയിൽ കണ്ടെത്തി. കല്ലിശ്ശേരി റെയിൽവേ പാലത്തിലൂടെ കടന്നുപോകുന്ന സിഗ്നൽ കേബിളുകളാണ് മുറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
സിഗ്നൽ സംവിധാനം തകരാറിലായതോടെ ഇതുവഴി കടന്നുപോകേണ്ടിയിരുന്ന 21 ട്രെയിനുകൾ വൈകിയോടി. തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയ്ക്ക് ശേഷമാണ് മേഖലയിലെ സിഗ്നൽ കേബിൾ മുറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ട്രാക്കിൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് കേബിൾ മുറിഞ്ഞതായി കണ്ടെത്തിയത്. കേബിൾ മുറിച്ചതാകാമെന്ന് സംശയിക്കുന്നു. സംഭവത്തെ തുടർന്ന് കൊല്ലം സ്‌റ്റേഷനിൽ നിന്ന് സിഗ്നൽ വിഭാഗം ജീവനക്കാരെത്തിയാണ് രാവിലെ 9.30 ഓടെ തകരാർ പരിഹരിച്ചത്.
സിഗ്നൽ ലഭിക്കാതിരുന്നതു മൂലം ഈ സമയത്തിനിടയ്ക്ക് ചെങ്ങന്നൂർ സ്‌റ്റേഷനിൽ എത്തിയ 21 ട്രെയിനുകൾ വൈകിയായിരുന്നു യാത്ര തുടർന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here