മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ: സീതാറാം യെച്ചൂരി

രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങള്‍ കേരളത്തോട് സംവദിക്കാന്‍ 140 മണ്ഡലങ്ങളിലൂടെ കടന്ന് വന്ന ജാഥയ്ക്ക് കഴിഞ്ഞുവെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്ത് നടക്കുന്ന, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള അവഗണ ജാഥയിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്താനായി. ഇന്ത്യയുടെ അടിസ്ഥാന സ്തംഭങ്ങള്‍ ആക്രമിക്കപ്പെടുകയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് നടക്കുന്നത്. അതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരുപാട് ഒളിക്കാനുണ്ടെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പൊതുമുതല്‍ കൊള്ളയടിക്കുന്നവര്‍ക്ക് ഒത്താശ നല്‍കുകയാണ് കേന്ദ്ര സര്‍ക്കാരെന്നും യെച്ചൂരി കുറ്റപ്പെടുത്തി. മോദിക്കും അമിത്ഷായ്ക്കുമുള്ള മറുപടിയാണ് രാഷ്ട്രപതിയുടെ പ്രശംസ. ഇന്ത്യന്‍ പ്രസിഡന്റ് തന്നെ കേരള സര്‍ക്കാരിന് സാക്ഷ്യപത്രം നല്‍കിയെന്ന് വ്യക്തമാക്കിയ യെച്ചൂരി ബദല്‍ നയങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നശീകരണമാണ് മോദി സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നത്. ചങ്ങാത്ത മുതലാളിത്തമാണ് ഇന്ത്യയില്‍ കാണുന്നത്. സംയുക്ത പാര്‍ലമെന്ററി സമിതി, അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാന്‍ മോദി മടിക്കുന്നതെന്ത്‌കൊണ്ടാണെന്നും യെച്ചൂരി ചോദിച്ചു. ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ രാജ്യ വിരുദ്ധരാകുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

രാജ്യത്ത് അധികാരത്തില്‍ ഇരിക്കുന്നത് ജനാധിപത്യത്തിന്റെ കടമയാണ്. ചോദ്യം ചെയ്താല്‍ അവരെ ദേശവിരുദ്ധരാക്കുന്ന സമീപനത്തിനെതിരെയുള്ള പോരാട്ടമാണ് ജാഥ മുന്നോട്ടുവച്ചതെന്നും യെച്ചൂരി പറഞ്ഞു.

140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന മോദിയുടെ പ്രചാരണം പരിഹാസ്യമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരില്‍ 37% മാത്രമാണ് ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്. സബ്‌സിഡി ഇനത്തില്‍ ഭക്ഷ്യധാന്യം കേന്ദ്രം വെട്ടിക്കുറച്ചു. മോദി ഇക്കാര്യത്തിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാ സംവിധാനങ്ങളെ ആകെ കേന്ദ്രം ദുര്‍വിനിയോഗിക്കുകയാണ്. ഗവര്‍ണര്‍മാരെ ഇതിന് ഉപയോഗിക്കുന്നു. നരേന്ദ്ര മോദി തെറ്റിധരിപ്പിക്കുന്ന പ്രചാരണം നടത്തുന്നു. 80 കോടി ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കേണ്ടി വരുന്നു എന്നത് തന്നെ സര്‍ക്കാരിനെതിരായ കുറ്റപത്രമാണ്. സബ്‌സിഡി റദ്ദാക്കിയ വസ്തുത മറച്ചുവെക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News