ഇന്ദിരയെ വിറപ്പിച്ച യെച്ചൂരി എന്ന എസ്‌എ‍ഫ്‌ഐക്കാരന്‍; ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഉരുവിടുന്നു, ‘സീതാറാം വീ റിയലി മിസ് യൂ…’

1952 ആഗസ്റ്റ് 12-ന്  ആന്ധ്രയിലെ വൈദേഹി ബ്രാഹ്‌മണരായ സർവേശ്വര സോമയാജലു യെച്ചൂരിയുടെയും കൽപകത്തിന്‍റേയും മകനായി സീതാറാം ജനിക്കുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തെലങ്കാന സായുധ മാര്‍ഗം ഉപേക്ഷിച്ച് പാര്‍ലമെന്‍റിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്നു. അജയ് ഘോഷായിരുന്നു  അന്ന് അവിഭക്ത പാര്‍ട്ടി ജനറല്‍ സെക്രട്ടറി.

1964ല്‍ സിപിഐഎം രൂപീകരിച്ച് സ്വന്തം നാട്ടുകാരനായ പി സുന്ദരയ്യ ജനറല്‍ സെക്രട്ടറിയാവുമ്പോള്‍ സീതാറാം ഹൈദരാബാദിലെ ഓൾ സെയിന്‍റ്സ് ഹൈസ്‌കൂളിലെ  വിദ്യാര്‍ത്ഥി. പതിനൊന്നാം ക്ലാസിലെ ബോർഡ് പരീക്ഷയിൽ രാജ്യത്ത് ഒന്നാമനായിരുന്ന യെച്ചൂരി  സുന്ദരയ്യയെപ്പോലെ  പേരിലെ ജാതിവാല്‍ മുറിച്ചുമാറ്റിക്കൊണ്ടാണ്  അമർത്യ സെന്നും കെ.എൻ.രാജും അധ്യാപകരായിരുന്ന  സെന്‍റ് സ്റ്റീഫന്‍സിലെത്തിയത്. ബിഎ ഓണേ‍ഴ്സില്‍ ഒന്നാമനായി ബിരുദാനന്തര ബിരുദപഠനത്തിന് ജെഎന്‍യുവിലെത്തുമ്പോള്‍ വിപ്ളവ വിദ്യാര്‍ത്ഥി രാഷ്ട്രീയം ഇരമ്പിമറിയുകയായിരുന്നു. 1974-ൽ എസ്‌എഫ്‌ഐയിൽ ചേർന്നു.

ഇന്ദിരയെ രാജിവെപ്പിച്ച എസ്‌എഫ്‌ഐക്കാരന്‍

ജെഎന്‍യുവില്‍ പ്രകാശ് കാരാട്ടിനായി വോട്ടുപിടിക്കാനായിരുന്നു യെച്ചൂരിയുടെ ആദ്യ രാഷ്‌ട്രീയ പ്രസംഗം. പിന്നീട്  മൂന്നു തവണ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ക്കിടന്നും പോരാടി. 1977 സെപ്തംബര്‍ 5ന്  ജെഎന്‍യു ക്യാംപസില്‍ നിന്ന് ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് യെച്ചൂരിയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി മാര്‍ച്ച് പ്രസിദ്ധമാണ്. മുദ്രവാക്യം വിളികളോടെ ഇന്ദിരയ്ക്ക് അരികിലെത്തി  സീതാറാം അടിയന്തരാവസ്ഥക്കാലത്തെ ചെയ്തികളെ പറ്റിയുള്ള കുറ്റപത്രം വായിച്ചു. ലോകചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു ഏകാധിപതി വിദ്യാര്‍ത്ഥിപോരാളികളുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഇങ്ങനെ കീ‍ഴടങ്ങി നിന്നത്.  അടുത്ത ദിവസം തന്നെ ഇന്ദിര ജെഎന്‍യു ചാന്‍സിലര്‍ പദവി രാജിവച്ചു.

ALSO READ | പാര്‍ട്ടിയുടെ ഏറ്റവും വലിയ കരുത്തായിരുന്നു യെച്ചൂരി: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

1984ല്‍  എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായ യെച്ചൂരി അസാധാരണമായ പോര്‍വീര്യവും വാഗ്മിതയും ധൈഷണികതയും കൊണ്ട് അതിവേഗം  ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ രാഷ്ട്രീയനേതാക്കളിലൊരാളായി മാറി. 32ാമത്തെ വയസ്സില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവും 38ാമത്തെ വയസ്സില്‍ പൊളിറ്റ് ബ്യൂറോ അംഗവുമായി. ഇഎംഎസും ഹര്‍ക്കിഷന്‍ സിംഗും ജനറല്‍ സെക്രട്ടറിയായപ്പോള്‍ അവരുടെ വലംകൈയ്യായി. 1915ല്‍ വിശാഘപട്ടണം പാര്‍ട്ടികോണ്‍ഗ്രസ് മുതല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി. 96-ൽ യുണൈറ്റഡ് ഫ്രണ്ട് സർക്കാരിനുള്ള പൊതു മിനിമം പരിപാടിയുടെ കരട് പി ചിദംബരത്തിനൊപ്പം തയ്യാറാക്കിയത് യെച്ചൂരിയാണ്.

മറക്കാന്‍ ക‍ഴിയുമോ ആ വിടവാങ്ങല്‍ പ്രസംഗം…

2004ൽ ഒന്നാം യുപിഎ സർക്കാരിന്റെ രൂപീകരണത്തിലും സുർജിത്തിനൊപ്പം  പൊതുമിനിമം പരിപാടിക്കു രൂപം നൽകിയ സമിതിയില്‍ യെച്ചൂരിയുണ്ടായിരുന്നു. രണ്ടാം യുപിഎ കാലത്തും  ഒന്നാം എന്‍ഡിഎ കാലത്തും പാര്‍ലമെന്റിലെ താരമായിരുന്നു സീതാറാം യെച്ചൂരി. അതിജാഗ്രതയോടെ അദ്ദേഹം നിയമങ്ങളെ ഇ‍ഴകീറി. ഭരണഘടനയ്ക്കും ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും അവസാനം വരെയും  കാവലിരുന്നു.   അഗോളവല്‍കരണത്തിനെതിരെയായാലും ആണവക്കരാറിനെതിരായാലും ആയുധകുംഭകോണത്തിനെതാരായലും  വര്‍ഗീയതയ്ക്കെതിരായാലും കര്‍ഷകസമരമായാലും- മുന്നില്‍ നിന്നു നയിച്ചു. 2020 ഒക്ടോബര്‍ 1ന് യെച്ചൂരി പാര്‍ലമെന്‍റില്‍ നടത്തിയ വിടവാങ്ങല്‍ പ്രസംഗം പ്രസിദ്ധമാണ്. ഇന്ത്യ എന്ന ആശയത്തിനുവേണ്ടിയു‍ള്ള പോരാട്ടം തന്‍റെ രക്തവും ജീവനുമാണെന്ന് ഒരു വിപ്ളവകാരിക്ക്  അതിനേക്കാ‍ള്‍  ലളിതമായി എങ്ങനെ പറഞ്ഞുവെക്കാനാവും.

ALSO READ | അസാധാരണമായ നേതൃത്വശേഷി…സംഘടനാപാടവം… പ്രിയസഖാവിനെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു…

2021ല്‍ കൊവിഡ്  മഹാമരിക്കാലത്ത്  മകന്‍ ആശിഷിന്‍റെ  മരണം സീതാറാം യെച്ചൂരിയെ തകര്‍ത്തിരിക്കുന്നു.  എങ്കിലും ട്വിറ്ററിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. എണ്ണമറ്റ ജീവിതങ്ങളെ കവരുന്ന മഹാമാരിയേൽപിക്കുന്ന ദുഃഖം എന്റേതു മാത്രമല്ല.  അങ്ങനെ ഓരോ അണുവിലും കമ്മ്യൂണിസ്റ്റായിരുന്നു യെച്ചൂരി. പാർലമെന്റിൽ എത്ര അംഗങ്ങളുണ്ട്, എത്ര സംസ്ഥാനങ്ങളിൽ ഭരണമുണ്ട് എന്നതിനപ്പുറമായിരുന്നു  ദേശീയപാര്‍ട്ടികളും  നേതാക്കളും  യെച്ചൂരിക്ക് നല്‍കിയ പരിഗണനയും ആദരവും. എതിരാളികളുടെ പോലും തൊളില്‍ കൈയ്യിട്ട് ഒരു ചര്‍മിനാര്‍ സിഗററ്റും വലിച്ച് നടന്നു പോകുന്ന അതീവ പ്രസന്നനായ  പാര്‍ട്ടി ജനറല്‍ സെക്രട്ടറി. ആധുനിക കാലത്ത് ഇന്ത്യന്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ യെച്ചൂരിയെ ഏറ്റവും  അനുയോജ്യനാക്കുന്ന ഘടകള്‍ അങ്ങനെ അനവധിയാണ്. രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് ഒരിക്കല്‍ എം.പിമാരുടെ നിവേദക സംഘത്തോടൊപ്പം കണ്ട യെച്ചൂരിയോട്  അന്നത്തെ യു.പി.എ അധ്യക്ഷ സോണിയഗാന്ധിയാണ്  മാധ്യമങ്ങള്‍ ഉണ്ടെന്ന് പോലും മറന്ന്  ഇങ്ങനെ പറഞ്ഞത്- “സീതാറാം വീ റിയലി മിസ് യൂ”.  ഇന്ത്യന്‍ രാഷ്ട്രീയം ഒന്നടങ്കം ഇപ്പോള്‍
ആ വാക്യം ഉരുവിടുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News