ദില്ലി: ജെ എൻ യുവിൽവെച്ചാണ് സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും അടുത്ത സുഹൃത്തുക്കളാകുന്നത്. കാരാട്ടിനുവേണ്ടി ജെഎൻയുവിൽ വോട്ട് പിടിക്കാനായി നടത്തിയതാണ് യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗം. അന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷനായാണ് കാരാട്ട് മത്സരിച്ചത്. പ്രചാരണരംഗത്ത് സജീവമായി നിന്നത് സീതാറാം യെച്ചൂരി. അന്ന് കാരാട്ട് വിദ്യാർഥി യൂണിയൻ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു.
ഈ തെരഞ്ഞെടുപ്പിന് ശേഷമാണ് യെച്ചൂരി എസ്എഫ്ഐയുടെ സജീവപ്രവർത്തകനും നേതാവുമായി മാറുന്നത്. ജെഎൻയുവിൽ മൂന്നുതവണ വിദ്യാർഥി യൂണിയൻ അധ്യക്ഷനുമായി. പിന്നീട് പടിപടിയായി എസ്എഫ്ഐയിൽ മുന്നോട്ടുപോയ യെച്ചൂരി, 1984ൽ എസ്എഫ്ഐയുടെ ദേശീയ അധ്യക്ഷനായി. അടിയന്തരാവസ്ഥക്കാലത്ത് യെച്ചൂരി ജയിൽവാസം അനുഭവിച്ചു.
1952 ഓഗസ്റ്റ് 12-നാണ് യെച്ചൂരി ജനിച്ചത്. അച്ഛൻ സർവേശ്വര സോമയാജുല യെച്ചൂരിയും അമ്മ കൽപകം യെച്ചൂരിയും ആന്ധ്രാപ്രദേശിലെ കാക്കിനാഡ സ്വദേശികളാണ്. യെച്ചൂരിയുടെ പിതാവ് ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിൽ എഞ്ചിനീയറായിരുന്നു. അമ്മ ഒരു സർക്കാർ ഉദ്യോഗസ്ഥയായിരുന്നു. ഹൈദരാബാദിലെ ഓൾ സെയിൻ്റ്സ് ഹൈസ്കൂളിലായിരുന്നു യെച്ചൂരിയുടെ സ്കൂൾ വിദ്യാഭ്യാസം.
പിന്നീട് ദില്ലിയിലെ പ്രസിഡൻറ്സ് എസ്റ്റേറ്റ് സ്കൂളിൽ ചേർന്ന അദ്ദേഹം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. തുടർന്ന് ദില്ലി സെൻ്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബി.എ ഇക്കണോമിക്സിൽ (ഓണേഴ്‌സ്) ബിരുദം നേടി. ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിൽ (ജെഎൻയു) നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ എം.എ പൂർത്തിയാക്കി. പി.എച്ച്.ഡിയ്ക്കും ജെ.എൻ.യുവിൽ ചേർന്നെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹത്തിൻ്റെ അറസ്റ്റോടെ അത് പൂർത്തിയാക്കാനായിരുന്നില്ല.
എസ്എഫ്ഐയിലൂടെയാണ് സീതാറാം യെച്ചൂരി പൊതുപ്രവർത്തനരംഗത്തേക്ക് വരുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ (ജെഎൻയു) വിദ്യാർത്ഥിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ട് ജെയിലിലായിരുന്നു. 1977 നും 1988 നും ഇടയിൽ മൂന്ന് തവണ ജെഎൻയു വിദ്യാർത്ഥി യൂണിയൻ്റെ പ്രസിഡൻ്റായിരുന്നു. ജെ.എൻ.യുവിലെ ഇടതുപക്ഷ സാന്നിധ്യം ശക്തിപ്പെടുത്തിയതിന് മുഖ്യപങ്ക് വഹിച്ചത് യെച്ചൂരിയും പ്രകാശ് കാരാട്ടുമായിരുന്നു.
ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ദില്ലി എയിംസിൽവെച്ചാണ് ഇന്ന് വൈകിട്ടോടെ അന്തരിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here