ശരത് ചന്ദ്രൻ എസ്
സീതാറാം യെച്ചൂരിയുടെ മരണമില്ലാത്ത ഓർമകളാണ് ദില്ലി എകെജി ഭവനിലെ രണ്ടാം നിലയിലെ അദ്ദേഹത്തിന്റെ മുറി. പാർട്ടി ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം അദ്ദേഹം പ്രവര്‍ത്തിച്ചത് ഈ ഓഫീസ് മുറിയിലാണ്.
സീതാറാം യെച്ചൂരി ഓര്‍മയായി എന്നറിയുമ്പോൾ ദില്ലിയിൽ നല്ല മഴയായിരുന്നു. അത്ര പതിവില്ലാത്ത മഴ. കാലം തെറ്റി വന്ന മഴ പോലെ മനസ് പിടഞ്ഞാണ് പ്രിയസഖാവിനെ എകെജി ഭവൻ യാത്രയാക്കിയത്. ഇവിടേക്ക് ഇനി സീതാറാം വരില്ല. ജനറല്‍ സെക്രട്ടറിയായി 2015 മുതൽ അദ്ദേഹം പ്രവർത്തിച്ചത് ഈ ഓഫീസ് മുറിയിലാണ്. അസുഖബാധിതനായി ആശുപത്രിയിലേക്ക് പോകുംമുൻപ് അവസാനമായി വായിച്ച പുസ്തകങ്ങൾ ഇവിടെയുണ്ട്.
Also Read; സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് നോർത്ത് കൊറിയൻ അംബാസിഡർ
യെച്ചൂരിയ്ക്ക് ജീവിതമെന്നാൽ പാർട്ടിയായിരുന്നു. അവസാനമായി വായിച്ചുതീർത്ത് മടക്കിവെച്ച പീപ്പിൾസ് ഡെമോക്രസി ആ മേശപ്പുറത്ത് ഇപ്പോഴുമുണ്ട്. സീതാറാമിന്റെ അപ്രതീക്ഷിത വേർപാടറിഞ്ഞ് ഇവിടേക്ക് വന്നവര്‍ക്കൊക്കെ അദ്ദേഹത്തിന്റെ സാന്നിധ്യമാവും അനുഭവപ്പെട്ടിട്ടുണ്ടാവുക. മികച്ച മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും രാഷട്രീയ തന്ത്രജ്ഞനുമായ സീതാറാം അസുഖബാധിതനാകുന്നത് പാർട്ടി കോൺഗ്രസിനായുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുന്നതിനിടയിലാണ്.
പാർട്ടിയെ നയിച്ച ജനറൽ സെക്രട്ടറിയായ യെച്ചൂരി നിറയുന്ന ഇടമാണിത്. സീതാറാം യെച്ചൂരിയെന്ന മാർക്സിസ്റ്റിനെ രൂപപ്പെടുത്തിയ വലിയ നേതാക്കൾ, ജെഎൻയുവിലൂടെ രാജൃം കണ്ട എക്കാലത്തേയും വലിയ വിദ്യാർത്ഥിനേതാവായി വളർന്ന സീതാറാമിലെ വിപ്ലവകാരിയെ ജ്വലിപ്പിച്ച ചെഗുവേരയും കാസ്ട്രോയും ഈ മുറിയിലുണ്ട്.
ചെഗുവേര – ഫിദല്‍ ചിത്രം കണ്ടപ്പോള്‍ വായിച്ചറിഞ്ഞ സീതാറാമിന്റെ ക്യൂബന്‍ സന്ദര്‍ശനത്തിലെ അവിസ്മരണിയമായ അനുഭവം ഓര്‍ത്തു. യുവനേതാവായിരുന്നകാലത്ത് സീതാറാം പ്രതിനിധി സംഘവുമായി ക്യൂബയിലെത്തി. സീതറാമിന്റെ വ്യക്തിത്വം ശ്രദ്ധയില്‍പ്പെട്ട ഫിദല്‍ കാസ്ട്രോ വിമാനത്താവളത്തില്‍ വെച്ച് യാത്രയാക്കുമ്പോള്‍ ഒരു പാക്കറ്റ് ഹവാന ചുരുട്ടാണ് സീതാറാമിനായി കരുതി വെച്ച് സമ്മാനിച്ചത്. ഉപഹാരം നല്‍കി ഓര്‍ത്തുവെയ്‌ക്കേണ്ടയാളാണ് സീതാറാം യെച്ചൂരിയെന്ന് സാക്ഷാല്‍ ഫിദല്‍ കാസ്ട്രോക്ക് തന്നെ ബോധ്യപ്പെട്ട കൂടിക്കാഴ്ച.
Also Read; ഹേമ കമ്മറ്റി റിപ്പോർട്ടിൽ തുടർ നടപടികൾ ഊർജ്ജിതമാക്കി പ്രത്യേക അന്വേഷണ സംഘം
പാർട്ടി ജനറല്‍ സെക്രട്ടറിയായി 9 വര്‍ഷം ഉപയോഗിച്ച ഈ ഓഫീസ് മുറിയാകെ സീതാറാമിന്റെ മരണമില്ലാത്ത ഓര്‍മ്മകളാണ്. പ്രതൃയശാസ്ത്ര ദൃഢതയോടെ വർഗീയ വിരുദ്ധ ഇന്തൃൻ രാഷ്ട്രീയത്തെ നയിച്ച സീതാറാമിന്റെ വേറിട്ടൊരു ചിത്രവും ഇവിടെയുണ്ട്. ഡോ. മൻമോഹൻ സിങ്ങിനൊപ്പമുള്ള ചിത്രം. ഒന്നാം യുപിഎ സർക്കാരിന്റെ മുഖൃസംഘാടകനായി സുർജിത്തിനും സോണിയക്കുമൊപ്പം പ്രവർത്തിച്ച സീതാറാമിനെ ഓർമ്മിപ്പിക്കുന്ന ചിത്രം. ദേശീയ രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിര്‍ണയിച്ച നേതാവിനെ ഓര്‍മിപ്പിക്കുന്ന ചിത്രം.
ലോകത്തോട് വിടപറഞ്ഞിട്ടും യെച്ചൂരിയുടെ മായാത്ത ഓർമകളാണ് എകെജി ഭവനിലെ രണ്ടാം നിലയിലെ ഈ മുറി. സീതാറാം തീർത്ത രാഷ്ട്രീയലോകം മുന്നോട്ട് പോകും. സീതാറാമിലെ മാർക്സിസ്റ്റ് ഒരുക്കിയ രാഷ്ട്രീയത്തിലേക്ക് യുവത കടന്നുവരും. ബാക്കിവെച്ച പോരാട്ടങ്ങളെ അവർ മുന്നോട്ട് കൊണ്ടുപോകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here