സീതാറാം യെച്ചൂരി… അന്നൊരിക്കൽ രാജ്യത്തെ സിബിഎസ്ഇ ഹയർ സെക്കന്ററി റാങ്ക് പ്രസിദ്ധീകരിച്ചപ്പോൾ പട്ടികയിൽ ഒന്നാമതുണ്ടായിരുന്ന പേരായിരുന്നു ഇത്. കുടുംബത്തിന് അഭിമാനം, സുഹൃത്തുക്കൾക്കഭിമാനം, സ്‌കൂളിനഭിമാനം… ഒരു നാടിനാകെ അഭിമാനം… ഓരോ ഘട്ടം പിന്നിടുമ്പോഴും ഇനിയെന്തെന്ന മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി യെച്ചൂരി കണ്ടെത്തിവെച്ചിരുന്നു.
യെച്ചൂരി ഒരു എൻജിനീയർ ആകണമെന്നായിരുന്നു അച്ഛൻ സർവേശ്വര സോമയാജുലുവിന്റെ ആഗ്രഹം. എന്നാൽ അമ്മ കൽപ്പകം യെച്ചൂരിയെ ഡോക്ട്റായി കാണാനാണ് ആഗ്രഹിച്ചത്. ഇരുവരിൽ നിന്നും വ്യത്യസ്തനായി യെച്ചൂരി ആഗ്രഹിച്ചതാകട്ടെ ഒരു അധ്യാപകനാകാനും.
ഈ ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പും.
ALSO READ: ‘രുചിയുള്ള ഭക്ഷണം, വീട്ടിലേതുപോലെ തന്നെ!’ കിളിമാനൂരിലെ വഴിയോരക്കടയിലെത്തിയ യെച്ചൂരി കുറിച്ചതിങ്ങനെ
1967 -68 കാലഘട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ ഹയർ സെക്കന്ററി പഠന കാലം. അന്ന് തെലങ്കാന സംസ്ഥാനത്തിന് വേണ്ടിയുള്ള ആദ്യ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടതോടെ അദ്ദേഹത്തിന്റെ പഠനം മുടങ്ങി. പിന്നീട് ദില്ലിയിലാണ് അദ്ദേഹം പഠനം തുടർന്നത്.
ഹയർ സെക്കന്ററി പരീക്ഷയിൽ ഒന്നാം റാങ്ക് നേടി കുടുംബത്തിന്റെ മാത്രമല്ല ദില്ലി പ്രസിഡന്റ്‌സ് സ്‌കൂളിനും അദ്ദേഹം അഭിമാനമായി മാറി. സ്‌കൂൾ യെച്ചൂരിയിലൂടെ റാങ്ക് നേട്ടത്തിൽ ഇടം പിടിച്ചതോടെ സർക്കാർ സ്‌കൂളിനുള്ള ഗ്രാൻഡ് വരെ അന്ന് വർധിപ്പിച്ചിരുന്നു.
തുടർന്ന് ധനതത്വശാസ്ത്രത്തിൽ മികച്ച വിജയം നേടി അദ്ദേഹം ബിരുദം പൂർത്തിയാക്കി. ഇതേ വിജയം മാസ്റ്റേഴ്സ് ഡിഗ്രിയിലും അദ്ദേഹം തുടർന്നു.
പക്ഷെ ഒരു കോളേജ് അധ്യാപകൻ എന്നതിന് പകരം ഒരു രാഷ്ട്രീയ അധ്യാപകനെന്ന നിയോഗമായിരുന്നു യെച്ചൂരിയെ കാത്തിരുന്നത്. ചെങ്കൊടിയേന്തിയ ജനകോടികളുടെ അധ്യാപകനായി യെച്ചൂരി മാറി. ഒന്നാമനായി നിന്നുകൊണ്ട് അദ്ദേഹം വഴിതെളിച്ചു.ജനകോടികളുടെ ഉറച്ച ശബ്ദമായി. അവരുടെ പ്രശ്നങ്ങൾക്കായി നിരന്തരം വാദിച്ചു. യെച്ചൂരി പാർലമെന്റിൽ നടത്തിയ തീപ്പൊരി പ്രസംഗങ്ങൾ കേവലം വാക്കുകളുടെ ഒഴുക്ക് മാത്രമായിരുന്നില്ല, അത് ഒരു ജനതയുടെ ജീവന്റെ തുടിപ്പായിരുന്നു, പ്രതീക്ഷകൾ ആയിരുന്നു, അമിതാധികാര വാഴ്ച്ചക്കെതിരായ നിർഭയത്തിന്റെയുമടക്കം ശബ്ദമായിരുന്നു.യെച്ചൂരി ജ്വലിക്കുന്ന ഓർമയാകുമ്പോൾ ആ ശബ്ദവും ഇനി തീ നാളംപോൽ ജ്വലിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here