അടിയന്തരാവസ്ഥ മുതല്‍ കശ്മീരിനായുള്ള പോരാട്ടം വരെ; നിലയ്ക്കാത്ത സമരവീര്യത്തിന്റെ യെച്ചൂരിയെന്ന മറുപേര്

yechury_fight

ജനാധിപത്യാവകാശ പോരാട്ടങ്ങളില്‍ സന്ധിയില്ല സമരത്തിന്റെ പേരാണ് സീതാറാം യെച്ചൂരി. ഇന്ദിരയുടെ അടിയന്തരാവസ്ഥ മുതല്‍ കശ്മീരിന്റെ പ്രത്യേകവകാശം റദ്ദ് ചെയ്ത മോദിക്കാലം വരെ പോരാട്ട മുന്നണിയില്‍ സീതാറാമുണ്ടായിരുന്നു. പ്രത്യയശാസ്ത്ര ദൃഢതകൊണ്ട് ജനാധിപത്യ വിശ്വാസികള്‍ക്ക് പ്രതീക്ഷയേകിയ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ നഷ്ടമാവുന്നത്.

ജനാധിപത്യവും മനുഷ്യാവകാശവും ഭീഷണിയിലാവുന്ന ഓരോ ഘട്ടത്തിലും ചുരുട്ടിയ മുഷ്ടിയുമായി സീതാറാം സമരമുന്നണിയിലുണ്ട്. സൗഹൃദങ്ങളുടെ ആരവങ്ങളില്‍ ആഘോഷമാവേണ്ട കലാലയകാലത്ത് അടിയന്തരാവസ്ഥക്കെതിരെ പോരാടിയായിരുന്നു തുടക്കം. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധിയെ ജെ.എന്‍.യു ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ദിരാ ഗാന്ധിക്ക് മുന്നില്‍ പ്രതിഷേധിക്കുന്ന പഴയ ജെ.എന്‍.യു കോളേജ് യൂണിയന്‍ പ്രസിഡന്റിന്റെ ചിത്രം ഇന്നും വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തകരെ ആവേശം കൊള്ളിക്കുന്നതാണ്.

പ്രത്യേകവകാശം ഇല്ലാതാക്കി കശ്മീരിനെ ബന്ദിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരും സീതാറാം യെച്ചൂരിയുടെ പോരാട്ട വീര്യം അറിഞ്ഞു. നിയമത്തിന്റെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തി കശ്മീരിലേക്ക് എത്തിയ സീതാറാമിന്റെ ഇടപടല്‍ ഇതര രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ പ്രശംസിച്ചു. തന്റെ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗമായ യൂസഫ് അലി തരിഗാമിയെ കാണാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്താണ് മോദി സര്‍ക്കാരിന്റെ ഇരുമ്പുമറ തകര്‍ത്ത് യെച്ചൂരി കശ്മീരിലെത്തിയത്. ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിന് ശേഷമുള്ള കശ്മീരിന്റെ യഥാര്‍ത്ഥ ചിത്രം ആദ്യം പുറംലോകം അറിഞ്ഞതും യെച്ചൂരിയുടെ വാക്കുകളിലൂടെ തന്നെ.

Also Read- സീതാറാം യെച്ചൂരി അന്തരിച്ചു; ഓര്‍മ്മയായത് ജനാധിപത്യത്തിന്റെ കാവല്‍ പോരാളി

പൗരത്വ ഭേദഗതി സമരകാലത്തും കൊവിഡ് പ്രതിരോധത്തിലെ ബിജെപി സര്‍ക്കാര്‍ വീഴ്ചക്കെതിരേയും ശക്തമായ നിലപാടുമായി യെച്ചൂരി സമരമുന്നണിയില്‍ ഉണ്ടായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തില്‍ എന്നൊക്കെ ഇടപെടാന്‍ ശ്രമിച്ചോ അന്നെല്ലാം പ്രതിരോധത്തിന് മുന്നില്‍ സീതാറാം യെച്ചൂരിയുണ്ടായിരുന്നു.

വര്‍ഷങ്ങളോളം ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ യെച്ചൂരി എഴുതിയിരുന്ന കോളത്തിന്റെ പേരായിരുന്നു LEFT HAND DRIVE. സമകാലിക വിഷയങ്ങളില്‍ കമ്യൂണിസ്റ്റ് നിലപാടുകള്‍ പൊതുജനമധ്യത്തില്‍ അവതരിപ്പിച്ചിരുന്ന യെച്ചൂരിയുടെ കോളത്തിന് ഇതിനും അനുയോജ്യമായൊരു പേരില്ല. അനീതിക്കെതിരെ അചഞ്ചലമായി മനുഷ്യപക്ഷത്ത് നിലകൊണ്ട കരുത്തനായ ഒരു പോരാളിയെയാണ് യെച്ചൂരിയുടെ വിയോഗത്തിലൂടെ ഇന്ത്യയെന്ന മതേതര-ജനാധിപത്യ രാഷ്ട്രത്തിന് നഷ്ടമാവുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News