ദില്ലി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർഥി പ്രക്ഷോഭത്തിലൂടെയാണ് സീതാറാം യെച്ചൂരി എന്ന നേതാവിന്‍റെ ഉദയം. അടിയന്തരാവസ്ഥയുടെ തീച്ചൂളയിലൂടെയാണ് യെച്ചൂരിയുടെ വരവ്. വിദ്യാർഥികളുടെ അവകാശപ്പോരാട്ടത്തിൽ മുന്നണിയിൽ തന്നെയായിരുന്നു അക്കാലത്ത് സീതാറാം. ജെഎൻയുവിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയായപ്പോഴാണ് മാർക്സിസത്തെയും കമ്മ്യൂണിസത്തെയും കുറിച്ച് ആഴത്തിൽ മനസിലാക്കുന്നത്. ഉറ്റസുഹൃത്തായ പ്രകാശ് കാരാട്ടിന് വേണ്ടി 1973ൽ വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായതോടെയാണ് യെച്ചൂരിൽ എസ്.എഫ്.ഐയിലേക്ക് എത്തുന്നത്. യെച്ചൂരിയുടെ ആദ്യ രാഷ്ട്രീയ പ്രസംഗങ്ങൾ ആ തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരുന്നു.
പിന്നീട് ജെഎൻയുവിലെ എസ്.എഫ്.ഐയുടെ അമരക്കാരനായി മാറി. അടിയന്തരാവസ്ഥയ്ക്കെതിരെ ജെഎൻയുവിൽ ശക്തമായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകി. മൂന്നുതവണ ജെഎൻയു വിദ്യാർഥി യൂണിയൻ അധ്യക്ഷനായും യെച്ചൂരി മാറി. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
1977ൽ ഇന്ദിരയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചാണ് ജെഎൻയു എസ്എഫ്ഐക്കാലത്ത് യെച്ചൂരിയെന്ന വിദ്യാർഥി നേതാവിനെ ദേശീയതലത്തിൽ ശ്രദ്ധേയനാക്കിയത്. ജെഎൻയുവിലെ അഞ്ഞൂറിലേറെ വിദ്യാർഥികളുടെ മാർച്ചിന് നേതൃത്വം നൽകിയത്, വിദ്യാർഥി യൂണിയൻ നേതാവായിരുന്ന യെച്ചൂരിയായിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം തെരഞ്ഞെടുപ്പിൽ തോറ്റ ഇന്ദിരാഗാന്ധിക്ക് ചാൻസലർ സ്ഥാനത്ത് തുടരാനാകില്ലെന്ന മുദ്രാവാക്യവുമായാണ് വിദ്യാർഥികൾ ഇന്ദിരയുടെ വസതിയിലേക്ക് മാർച്ച് നടത്തിയത്.
ഇന്ദിരയ്ക്കെതിരെ വിദ്യാർഥികൾ തയ്യാറാക്കിയ കുറ്റപത്രം വായിച്ചുകേൾപ്പിക്കണമെന്ന ആവശ്യം സീതാറാം യെച്ചൂരിയും കൂട്ടരും സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുന്നിൽവെച്ചു. എന്നാൽ നാലോ അഞ്ചോ പേർക്ക് അകത്തേക്ക് വരാമെന്നായിരുന്നു ഇന്ദിരയുടെ നിർദേശം. ഇത് സാധ്യമല്ലെന്നും മാർച്ചിൽ പങ്കെടുക്കുന്ന വിദ്യാർഥികളെല്ലാവരും കൂടി മാത്രമെ ഇന്ദിരയെ കാണുകയുള്ളുവെന്നും നേതാവായ യെച്ചൂരി അറിയിച്ചു. ഇതോടെ ഇന്ദിരയ്ക്ക് മുട്ടുമടക്കേണ്ടിവന്നു. മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികൾക്കാകെ വീട്ടുമുറ്റത്തേക്ക് പ്രവേശനം ലഭിച്ചു. വിദ്യാർഥികളെ കാണാൻ ഇന്ദിരയും അടിയന്തരാവസ്ഥക്കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന ഓം മേത്തയും മറ്റ് രണ്ടുപേരും പുറത്തേക്ക് വരാൻ നിർബന്ധിതരായി.
Also Read- മോദിയുടെ മുഖംമൂടി അഴിച്ചുമാറ്റിയ പോരാളി, 2024ലെ ബിജെപി മുന്നേറ്റത്തിനെ തടയിട്ട വിപ്ലവകാരി
ജെഎൻയുവിന്‍റെ ചാൻസലർ പദവി എന്തുകൊണ്ട് ഒഴിയുന്നില്ലെന്ന വിദ്യാർഥികളുടെ കുറ്റപത്രം സീതാറാം യെച്ചൂരി ഉറക്കെവായിച്ചുകേൾപ്പിക്കുമ്പോൾ കൈയുംകെട്ടിനിന്നാണ് ഇന്ദിര അത് കേട്ടത്. പിറ്റേദിവസം ഇന്ദിരാഗാന്ധി ചാൻസലർ പദവി ഒഴിഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ജെഎൻയുവിൽ എത്തുന്നതിനെതിരെ ശക്തമായ പ്രക്ഷോഭമാണ് എസ്എഫ്ഐയുടെ ആഭിമുഖ്യത്തിൽ നടന്നിരുന്നു. കാംപസിനുള്ളിൽ നിശ്ചയിച്ചിരുന്ന പരിപാടിയിൽനിന്ന് ഇന്ദിരാഗാന്ധിക്ക് പിൻവാങ്ങേണ്ടിയും വന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here