‘എഴുത്തുകാര്‍ വര്‍ഗീയവാദികളില്‍ നിന്ന് സമ്മതപത്രം വാങ്ങേണ്ട സാഹചര്യം അപകടകരം’; മുഖ്യമന്ത്രി പിണറായി വിജയന്‍

എഴുത്തുകാര്‍ വര്‍ഗീയവാദികളില്‍ നിന്ന് സമ്മതപത്രം വാങ്ങേണ്ട സാഹചര്യം അപകടകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ സാദരം എം ടി ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചടങ്ങില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി മുഖ്യാതിഥിയായി.

എംടി വാസുദേവന്‍ നായരുടെ നവതിയോടനുബന്ധിച്ചാണ് സാദരം എം ടി ഉത്സവം. അതോടൊപ്പം എം ടി തുഞ്ചന്‍പറമ്പിന്റെ സാരഥ്യമേറ്റെടുത്ത് മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയാവുന്നു. പലപല സമ്മര്‍ദ്ദങ്ങള്‍ മറികടന്നാണ് എം ടി തുഞ്ചന്‍പറമ്പ് മതനിരപേക്ഷമായി നിലനിര്‍ത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എഴുത്തുകാര്‍ വര്‍ഗീയവാദികളില്‍ നിന്ന് സമ്മതപത്രം വാങ്ങേണ്ട സാഹചര്യം അപകടകരമാണ്. നിര്‍മാല്യം ഇന്ന് ചിത്രീകരിക്കാനാവുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്നിലെ നടനെ പരിപോഷിപ്പിച്ചതില്‍ എംടി യുടെ കഥാപാത്രങ്ങള്‍ക്ക് വലിയ സ്വാധീനമുണ്ടെന്ന് മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പറഞ്ഞു. ലഭിച്ചതും ലഭിയ്ക്കാന്‍ പോവുന്നതുമായ പുരസ്‌കാരങ്ങളെല്ലാം ഗുരുവിന്റെ കാല്‍ക്കല്‍ സമര്‍പ്പിയ്ക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

എം ടിയ്ക്ക് സ്വര്‍ണക്കൈച്ചെയിന്‍ സമ്മാനവും നല്‍കിയാണ് മടങ്ങിയത്. തന്നെ ആദരിക്കുന്ന പരിപാടിയില്‍ പങ്കെടുത്തതില്‍ അല്‍ഭുതമുണ്ടെന്നും എല്ലാവര്‍ക്കും നന്ദി നേരുന്നുവെന്നും എംടി പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാന്‍, വി അബ്ദുറഹ്‌മാന്‍, തുഞ്ചന്‍ സ്മാരകം സെക്രട്ടറി പി നന്ദകുമാര്‍, സി രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News