ശിവഗിരി മഠത്തിന്റെ നേതൃത്വത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്ക് ആചാര പരിഷ്കരണ യാത്ര നടത്തി. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ വിവിധ പരിഷ്കാരങ്ങൾ നടത്തണം എന്നാവശ്യപെട്ടയിരുന്നു യാത്ര. ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ യാത്രയ്ക്ക് നേതൃത്വം നൽകി. ആവശ്യങ്ങൾ ഉന്നയിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് നിവേദനവും നൽകി.
ശ്രീനാരായണ ഗുരു പാർക്കിൽ നിന്ന് ആരംഭിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കാണ് ശിവഗിരി മഠത്തിന്റെ പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ ആചാര പരിഷ്കരണ യാത്ര നടത്തിയത്. ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങളിൽ മേൽ വസ്ത്രം ധരിച്ചുള്ള പ്രവേശനം അനുവദിക്കുക എന്നതായിരുന്നു പ്രധാന ആവശ്യം.
ബോർഡ് നിയമനങ്ങളിൽ സംവരണം നടപ്പാക്കുക, ശാന്തി നിയമനത്തിൽ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഗുരുധർമ പ്രചാരണ സഭ മുന്നോട്ട് വച്ചു. ദേവസ്വം ബോർഡ് കാവടത്തിന് മുന്നിൽ പ്രാർഥനായജ്ഞം നടത്തിയ ഗുരു ധർമ്മ പ്രചാരണ സഭ, ആവശ്യങ്ങൾ മുൻ നിർത്തിയുള്ള നിവേദനം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് കൈമാറി.
ആവശ്യങ്ങൾ പരിശോധിക്കാമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചതായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റ് ദേവസ്വം ബോർഡ് ഓഫീസുകളിലേക്കും ആചാര പരിഷ്കരണ യാത്ര സംഘടിപ്പിക്കാനാണ് ഗുരുധർമ പ്രചാരണ സഭയുടെ തീരുമാനം. ക്ഷേത്ര ആചാര പരിഷ്കാരങ്ങളിൽ നടപടി ആവശ്യപ്പെട്ട് ശിവഗിരി മഠം പ്രതിനിധികൾ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയെയും കാണും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here