ഇളയദളപതി വിജയുടെ രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം. മിക്സഡ് റിപ്പോർട്ടുകളാണ് സിനിമക്ക് ലഭിച്ചതെങ്കിലും 400 കോടിക്കുമുകളില്‍ ബോക്‌സ് ഓഫീസില്‍ ചിത്രത്തിന് കളക്ഷന്‍ ഉണ്ടായിരുന്നു. സിനിമയിൽ ശിവകാർത്തികേയൻ അതിഥിവേഷത്തിലെത്തിയിരുന്നു.
വിജയ്-ശിവകാര്‍ത്തികേയന്‍ സീനിനെ പല രീതിയിൽ ആളുകൾ വ്യാഖ്യാനിച്ചിരുന്നു. സിനിമയിൽ തന്റെ പിൻഗാമിയെ വിജയ് പ്രഖ്യാപിക്കുകയായിരുന്നു ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് ഡയലോഗിലൂടെ എന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ ആ സീനിനെ പറ്റി പറയുകയാണ് ശിവകാർത്തികേയൻ.
ഡയലോഗ് ആദ്യം അങ്ങനെ അല്ലായിരുന്നു എന്നും ഷോട്ട് എടുക്കുന്ന സമയത്ത് വിജയ്‌യാണ് ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് മാറ്റിയതെന്നും ശിവകാര്‍ത്തികേയന്‍ പറഞ്ഞു. അമരന്റെ സക്‌സസ് സെലിബ്രേഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തുന്നത്.
‘ഗോട്ടിന്റെ കഥ വെങ്കട് സാര്‍ വിജയ് സാറിനോട് പറഞ്ഞപ്പോള്‍ തന്നെ എന്റെ സീനിനെപ്പറ്റി സംസാരിച്ചിരുന്നു. അത് കേട്ടതും വിജയ് സാര്‍ എക്സൈറ്റഡായെന്ന് വെങ്കട് പ്രഭു എന്നെ വിളിച്ചപ്പോള്‍ പറഞ്ഞിരുന്നു. എങ്ങനെയെങ്കിലും എന്നെ കണ്‍വിന്‍സ് ചെയ്യിക്കണമെന്നും വിജയ് സാര്‍ വെങ്കട് പ്രഭുവിനോട് പറഞ്ഞെന്ന് എന്നോട് പങ്കുവെച്ചു.
അപ്പോള്‍ പോലും എന്റെ റോള്‍ എന്താണെന്നോ സീന്‍ എന്താണെന്നോ ഒന്നും വി.പിയോട് ചോദിച്ചില്ലായിരുന്നു.ഷൂട്ട് തുടങ്ങിയ സമയത്ത് വിജയ് സാര്‍ എന്നെ വിളിച്ച് ഗോട്ടിലെ എന്റെ റോളിനെപ്പറ്റി ഓര്‍മിപ്പിച്ചു. ഡേറ്റ് ക്ലാഷാകരുതെന്നും പുള്ളി പറഞ്ഞു. ഹൈദരാബാദില്‍ വെച്ചായിരുന്നു ഞങ്ങളുടെ സീന്‍ എടുത്തത്.
തലേദിവസമാണ് എന്താണ് എന്റെ സീനെന്ന് വെങ്കട് പ്രഭു പറഞ്ഞുതന്നത്. എനിക്കും എക്സൈറ്റ്മെന്റ് വന്നു. സ്ക്രിപ്റ്റിലുള്ള ഡയലോഗല്ല വിജയ് സാര്‍ പറഞ്ഞത്. ‘ഭദ്രമാ പാത്തുക്കോങ്ക, സുടാതിങ്ക’ എന്നായിരുന്നു സ്ക്രിപ്റ്റിലെ ഡയലോഗ്. സാറാണ് ‘തുപ്പാക്കിയെ പുടിങ്ക ശിവ’ എന്ന് മാറ്റിയത്. ഇത്രക്ക് ചര്‍ച്ചയാകുമെന്ന് ആ സമയത്ത് വിചാരിച്ചില്ല,’
എന്നാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന സിനിമയിലെ തന്റെ അതിഥി വേഷത്തെ പറ്റി ശിവകാര്‍ത്തികേയന്‍ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here