അതിസാഹസികം… ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍

മൂന്നാം ദിനം തുടര്‍ച്ചയായ എട്ട് മണിക്കൂര്‍ കഠിന പ്രയത്‌നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത് ആറ് ജീവനുകള്‍. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തുള്ള ഏറാക്കുണ്ട് സാങ്കേതത്തിലെ കൃഷ്ണന്‍, ഭാര്യ ശാന്ത, ഇവരുടെ നാലുമക്കള്‍ അടങ്ങിയ കുടുംബത്തെയാണ് നിശ്ചയദാര്‍ഢ്യത്തോടെ വനം വകുപ്പിലെ നാല് ഉദ്യോഗസ്ഥര്‍ രക്ഷിച്ചത്. 10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍ ആര്‍ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം കുടുംബത്തെ രക്ഷപ്പെടുത്തിയത്.

ALSO READ:ദുരന്തമേഖല സന്ദര്‍ശിക്കരുതെന്ന നയം സര്‍ക്കാരിനില്ല: നിര്‍ദേശം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി

കാടിനുള്ളില്‍ മണ്‍തിട്ടയില്‍ താമസിച്ചിരുന്ന ഈ കുടുംബം ഭക്ഷണം ഇല്ലാതായതോടെയാണ് കാട്ടിലേക്കിറങ്ങിയത്. ഭക്ഷണം തേടി അമ്മ ശാന്തയും ഒരു മകനും കാട്ടിലൂടെ നടന്നുപോകുമ്പോള്‍ ഫോറസ്റ്റ് ഓഫീസറുടെ മുമ്പില്‍ അകപ്പെടുകയായിരുന്നു. ശാന്തയോട് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ഉദ്യോഗസ്ഥര്‍ ഇവരോടൊപ്പം വീട്ടിലേക്ക് തിരിച്ചു. അടുപ്പ് കൂട്ടി ചൂട് കായുന്ന കുടുംബാംഗങ്ങളെയും കൂട്ടി ഉടന്‍തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കാടിനു വെളിയിലേക്ക് പുറപ്പെട്ടു. സങ്കേതത്തില്‍ നിന്നും പുറത്തിറങ്ങാന്‍ മടി കാണിച്ചിരുന്നുവെങ്കിലും ദുരന്തത്തിന്റെ രൂക്ഷത പറഞ്ഞു മനസ്സിലാക്കിയതോടെ കുടുംബം വരാന്‍ തയ്യാറാക്കുകയായിരുന്നുവെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ് പറഞ്ഞു.

ചെങ്കുത്തായ മലഞ്ചെരുവുകള്‍ താണ്ടി ആദിവാസി വിഭാഗത്തിലെ ഈ കുടുംബത്തെ ഉദ്യോഗസ്ഥര്‍ അട്ടമല എപിസിയിലെത്തിച്ച് ആവശ്യമായ വിറകും മറ്റ് ആഹാരസാധനങ്ങളും എത്തിച്ചു നല്‍കി. പ്രതികൂല കാലാവസ്ഥയിലും ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകള്‍ ചെലവഴിക്കേണ്ടി വന്നെങ്കിലും ആറു പേരെ രക്ഷപ്പെടുത്തിയ സംതൃപ്തിയിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അവിടെ നിന്നും മടങ്ങിയത്.

ALSO READ:പാലക്കാട് ഉള്‍പ്പെടെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News