ഇന്ത്യൻ നിരത്തുകളിൽ സ്കോഡ എത്തിയിട്ട് ഇരുപത് വർഷത്തിലേറെയായി. എന്നാൽ പണക്കാരുടെ വണ്ടിയാണ് സ്‌കോഡയെന്ന പ്രചാരണം പൊതുവെ ഉണ്ടായിരുന്നതിനാൽ കൂടുതൽ ജനകീയവുമായിരുന്നില്ല. 2020-ന് ശേഷം സ്‌കോഡ തന്നെ ഈ ഇമേജ് മനഃപൂർവം പൊളിച്ചെഴുതി. സാധാരണക്കാർക്കും വാങ്ങാൻ കഴിയാവുന്ന തരത്തിലുള്ള വാഹനങ്ങൾ വിപണിയിലിറക്കി കൂടുതൽ ആളുകളിൽ എത്തിക്കുകയാണ് സ്കോഡയുടെ പുതിയ തന്ത്രം. സ്‌കോഡ കൂടുതൽ ജനകീയമായതിന്റെ ക്രെഡിറ്റ് കുഷാക് എന്ന എസ്‌യുവിക്കും സ്ലാവിയ എന്ന സെഡാനും അവകാശപ്പെട്ടതാണ്.
വാഹന വിപണിയിൽ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനുള്ള കൃത്യമായ റോഡ്മാപ്പ് ഇപ്പോൾ തന്നെ സ്‌കോഡ ഒരുക്കി കഴിഞ്ഞു. സ്‌കോഡ ഇന്ത്യന്‍ വാഹന വിപണിക്കായി 2024-ല്‍ എന്തൊക്കെയാണ് ഒരുക്കുന്നതെന്ന പ്രഖ്യാപനം ഫെബ്രുവരി 27-ന് ഉണ്ടായിരുന്നു. ഇന്ത്യയുടെ വിജയ പ്ലാറ്റ്‌ഫോം എന്ന് സ്കോഡ വിശേഷിപ്പിക്കാവുന്ന MQB-AO-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന വാഹനങ്ങളായിരുന്നു സ്‌കോഡയുടെ ഭാവി പദ്ധതി. 2026-ഓടെ വാര്‍ഷിക വില്‍പ്പന ഒരുലക്ഷത്തിലെത്തിക്കുക എന്നതാണ് സ്‌കോഡയുടെ പ്രധാന ലക്ഷ്യം. ഇലക്ട്രിക് ഉള്‍പ്പെടെയുള്ള വാഹനങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് സ്‌കോഡ അറിയിക്കുന്നത്.
പുതിയ വാഹനം
ഇന്ത്യയിലെ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് സ്‌കോഡയുടെ ഒരു വാഹനം എത്തുന്നുവെന്നത് ഏറെ നാളുകളായുള്ള ഒരു അഭ്യൂഹമാണ്. ഈ വാഹനത്തിന്റെ ലോഞ്ചിങ് പ്രതീക്ഷിച്ച് പോയെങ്കിലും ഇത്രയും കാലം അഭ്യൂഹമായിരുന്ന കാര്യത്തില്‍ ഒരു വ്യക്തത വരുത്താന്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ. സ്‌കോഡയുടെ കോംപാക്ട് എസ്‌യുവി ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തും. 2025 ഫെബ്രുവരിക്ക് മുൻപ് തന്നെ ഈ വാഹനം വിപണിയില്‍ എത്തിച്ചിരിക്കുമെന്നാണ് സ്‌കോഡ ഉറപ്പുനൽകുന്നത്. സ്‌കോഡയുടെ ഭാഗ്യ പ്ലാറ്റ്‌ഫോമായ MQB-AO-IN അടിസ്ഥാനമാക്കിയായിരിക്കും കോംപാക്ട് എസ്‌യുവിയും എത്തുക എന്ന് മാത്രമാണ് ഈ വാഹനം സംബന്ധിച്ച് നല്‍കിയിട്ടുള്ള സൂചന.
കോംപാക്ട് എസ്‌യുവി
ഇന്ത്യന്‍ നിരത്തുകള്‍ക്കായി സ്‌കോഡ ഒരുക്കുന്ന പുതിയ കോംപാക്ട് എസ്‌യുവി പൂര്‍ണമായും ഇന്ത്യക്കാരനായിരിക്കുമെന്നതാണ് പ്രധാന സവിശേഷത. സ്‌കോഡയുടെ പൂനെയിലെ പ്ലാന്റിലായിരിക്കും ഈ വാഹനം നിര്‍മിക്കുക. ഇന്ത്യക്കായി ഇന്ത്യയില്‍ നിര്‍മിക്കുന്ന വാഹനമെന്നാണ് ഈ കോംപാക്ട് എസ്‌യുവിയെ വിശേഷിപ്പിക്കുന്നതെങ്കിലും വിദേശ വിപണികളിലേക്കും ഈ മോഡല്‍ പരിഗണിക്കും. MQB-AO-IN പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങുന്നതിനാല്‍ തന്നെ ഫൈവ് സ്റ്റാര്‍ റേറ്റിങ്ങുള്ള സുരക്ഷയാണ് ഈ വാഹനത്തിന് സ്‌കോഡ ഉറപ്പുനല്‍കുന്നത്. ഈ വാഹനത്തിന്റെ വരവോടെ ഇന്ത്യയിലെ വിപണി വിഹിതം ഇരട്ട അക്കത്തിലേക്ക് ഉയര്‍ത്താന്‍ കഴിയുമെന്നാണ് സ്‌കോഡയുടെ പ്രതീക്ഷ.
നെയിം യുവര്‍ സ്‌കോഡ
സ്‌കോഡയില്‍നിന്ന് പുതുതായി ഒരുങ്ങുന്ന കോംപാക്ട് എസ്‌യുവിക്ക് പേര് നല്‍കാനുള്ള അവസരം സ്‌കോഡ പൊതുജനങ്ങള്‍ക്ക് നല്‍കുകയാണ്. നെയിം യുവര്‍ സ്‌കോഡ എന്ന വെബ്‌സൈറ്റില്‍ കയറി വരാനിരിക്കുന്ന കോംപാക്ട് എസ്‌യുവിക്കുള്ള പേര് പൊതുജനങ്ങള്‍ക്ക് നിര്‍ദേശിക്കാം. പേരിടലില്‍ ഒരേയൊരു നിബന്ധന മാത്രമാണ് സ്‌കോഡ മുന്നോട്ട് വെച്ചിരിക്കുന്നത്. കെ എന്ന അക്ഷരത്തില്‍ ആരംഭിച്ച് ക്യൂ എന്ന അക്ഷരത്തില്‍ അവസാനിക്കുന്നതായിരിക്കണം ഇത്. നിങ്ങള്‍ നിര്‍ദേശിക്കുന്ന പേരാണ് സ്‌കോഡ വാഹനത്തിന് നല്‍കുന്നതെങ്കില്‍ ആ വാഹനം നിങ്ങള്‍ക്ക് സമ്മാനമായി നേടാനുള്ള അവസരവും സ്‌കോഡ ഒരുക്കുന്നുണ്ട്. ആകര്‍ഷകമായ 10 പേര് നിര്‍ദേശിക്കുന്ന ആളുകള്‍ക്ക് പ്രാഗിലെ സ്‌കോഡ സന്ദര്‍ശിക്കാനുള്ള അവസരവുമൊരുങ്ങും.
സ്ലാവിയ സെഡാന്റെ സ്റ്റൈല്‍ എഡിഷന്‍
സ്ലാവിയ സെഡാന്റെ സ്റ്റൈല്‍ എഡിഷനായിരുന്നു സ്‌കോഡയുടെ ആനുവല്‍ കോണ്‍ഫറന്‍സ് വേദിയിലെ മറ്റൊരു ആകര്‍ഷണം. ചുവന്ന വാഹനത്തില്‍ കുറപ്പ് നിറം നല്‍കി അലങ്കരിച്ചാണ് സ്ലാവിയ സ്റ്റൈല്‍ എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. ഗ്രില്ല്, റൂഫ്, പില്ലറുകള്‍, ബാഡ്ജിങ്ങുകള്‍ തുടങ്ങി പലയിടങ്ങളില്‍ കറുപ്പ് നല്‍കിയിട്ടുണ്ട്. പില്ലറില്‍ നല്‍കിയിട്ടുള്ള എഡിഷന്‍ ബാഡ്ജിങ്ങ് മാത്രമാണ് പ്രത്യേക പതിപ്പാണെന്ന് തെളിയിക്കുന്നത്. ഈ വാഹനത്തിന്റെ 500 യൂണിറ്റ് മാത്രമാണ് നിര്‍മിക്കുന്നതെന്നാണ് സ്‌കോഡ ഇന്ത്യ അറിയിച്ചിരിക്കുന്നത്. അകത്തളത്തിലും കറുപ്പാണ് ഈ വാഹനത്തെ വേറിട്ടതാക്കുന്നത്. സ്റ്റിയറിങ്ങ് വീലിലും എഡഷന്‍ ബാഡ്ജിങ്ങ് നല്‍കിയിട്ടുണ്ട്.
Also Read; ലോക്സഭാ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 15 സിറ്റിംഗ് എംപിമാരും മത്സരിക്കണമെന്ന് സ്ക്രീനിങ് കമ്മിറ്റി
തലയെടുപ്പോടെ കുഷാക് എക്‌സ്‌പ്ലോറര്‍
കോംപാക്ട് എസ്‌യുവി കാണാന്‍ പോയവരെ സ്‌കോഡ ഒട്ടും നിരാശരാക്കിയില്ല എന്ന് തന്നെ പറയാം. തലയെടുപ്പോടെ നില്‍ക്കുന്ന ഒരു കുഷാക്ക് എക്‌സ്‌പ്ലോറര്‍ എന്ന ഓഫ് റോഡ് വാഹനവും ചുവപ്പണിഞ്ഞൊരുങ്ങിയ സ്ലാവിയയുടെ സ്റ്റൈല്‍ എഡിഷനും കരുത്തരില്‍ കരുത്തനായ കോഡിയാകും ഈ വേദിയില്‍ നിറഞ്ഞുനിന്നിരുന്നു. ഇതില്‍ എടുത്ത് പറയേണ്ടത് കുഷാക് എക്‌സ്‌പ്ലോറര്‍ തന്നെയാണ്. റെഗുലര്‍ വാഹനത്തെ ഓഫ് റോഡ് വാഹനമാക്കുന്ന അലങ്കാരങ്ങളോടെയാണ് ഈ വാഹനം ഒരുക്കിയിരുന്നത്. മിലിട്ടറി ഗ്രീന്‍ കളറിനോട് ചേര്‍ന്ന് നില്‍ക്കുന്ന നിറത്തില്‍ ഓറഞ്ച് നിറത്തിലെ അലങ്കാരങ്ങള്‍ നല്‍കിയായിരുന്നു ഈ വാഹനം ഒരുക്കിയിരുന്നത്. മുന്നിലും പിന്നിലും നല്‍കിയിട്ടുള്ള ടോ ഹുക്കും റൂഫ് ട്രാക്കും നീളത്തിലുള്ള സെര്‍ച്ച് ലൈറ്റുമെല്ലാം വാഹനത്തിന് മസ്‌കുലര്‍ ഭാവം നല്‍കുന്നുണ്ട്. 16 ഇഞ്ച് വലിപ്പത്തിലെ അലോയി വീലില്‍ ഓഫ് റോഡ് വീലുകളും നല്‍കിയിട്ടുണ്ട്.
സ്‌കോഡയുടെ ഭാവി പരിപാടി
2022-23 വര്‍ഷത്തെ ഇന്ത്യയിലെ വില്‍പ്പന കണക്കുകള്‍ സ്‌കോഡയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം പകരുന്നതാണെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. 2022-ലാണ് സ്‌കോഡയുടെ ഇന്ത്യയിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പന നേടിയ വര്‍ഷം 2022, 2023 വര്‍ഷങ്ങളിലെ വില്‍പ്പന ഒരുലക്ഷം കടന്നിരുന്നു. ഈ ട്രെന്റ് തുടര്‍ന്നാണ് 2026-ഓടെ പ്രതിവര്‍ഷം ഒരുലക്ഷം വാഹനങ്ങള്‍ വില്‍ക്കുന്ന നിലയിലേക്ക് വളരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 2030-ഓടെ ഇന്ത്യയില്‍ ഏറ്റവുമധികം വാഹനം വില്‍ക്കുന്ന യൂറോപ്യന്‍ ബ്രാന്റ് ആകുകയാണ് ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here