സദാചാര തീട്ടൂരങ്ങൾ നിറഞ്ഞ കൊല്ലം എസ്എൻ കോളേജിൻ്റെ പേരിൽ പ്രചരിക്കുന്ന വിനോദയാത്രയുടെ മാർഗ്ഗ നിർദേശങ്ങൾ ചർച്ചയാവുന്നു. വിനോദയാത്രക്ക് പോകുന്ന വിദ്യാർത്ഥികൾ പാലിക്കേണ്ട നിർദ്ദേശങ്ങളെന്ന പേരിൽ വിചിത്ര ഉത്തരവുകൾ പുറത്തിറക്കിയിരിക്കുന്നതെന്നാണ് പ്രചാരണം.
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള കോളേജ് വിനോദയാത്രയിലെ അധിക നിർദ്ദേശങ്ങൾ എന്ന തലക്കെട്ടോടെയുള്ള സർക്കുലറാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള യാത്രക്കും വസ്ത്രധാരണത്തിനുമടക്കം 11 ഇന നിർദേശങ്ങളാണ് സർക്കുലറിൽ ഉള്ളത്.
ബസിന്റെ മുൻ ഭാഗത്തെ സീറ്റുകൾ പെൺകുട്ടികൾക്കുള്ളതാണെന്നും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചുള്ള യാത്ര അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. ഇരുവിഭാഗക്കാരും മാന്യമായ വസ്ത്രം ധരിക്കണമെന്നും സർക്കുലറിൽ പറയുന്നു. പെൺകുട്ടികളും ആൺകുട്ടികളും ഒരുമിച്ച് ചിത്രമെടുക്കുന്നതിന് കുഴപ്പമില്ല, എന്നാൽ ഒരു പെൺകുട്ടിയും ആൺകുട്ടിയും മാത്രമായി ചിത്രങ്ങൾ എടുക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.സ്വർണ്ണം ധരിക്കരുത്. ഹൈ ഹീലുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
വിനോദയാത്രയ്ക്കിടെ പെൺകുട്ടികൾ ഒറ്റയ്ക്ക് എവിടേയും പോകരുതെന്നും നിർദേശമുണ്ട്. അധ്യാപികയുടേയോ, ടീം മാനേജറുടേയോ കൂടെ മാത്രമെ പെൺകുട്ടികൾ സഞ്ചരിക്കാൻ പാടുള്ളു. സൈറ്റ് സീയിംഗ്, ഷോപ്പിംഗ് എന്നിയ്‌ക്കെല്ലാം പെൺകുട്ടികൾ അദ്ധ്യാപികയ്‌ക്കൊപ്പം പ്രത്യേക ടീമായി തിരിയണമെന്നും ഉത്തരവിൽ പറയുന്നു. പെൺകുട്ടികൾക്ക് താമസിക്കാൻ പ്രത്യേക മുറികളുണ്ട്. നിശ്ചിത സമയത്തിന് ശേഷം മുറികളുടെ വാതിലുകൾ പൂട്ടും. അത്യാവശ്യ ഘട്ടത്തിൽ ബന്ധപ്പെടാൻ അലാറം, ഫോൺ തുടങ്ങിയവ നൽകുമെന്നും സർക്കുലറിൽ പറയുന്നു.
സർക്കുലർ ചർച്ചയായ പശ്ചാത്തലത്തിൽ പ്രിൻസിപ്പൾ പ്രൊഫസർ നിഷ ജെ തറയിൽ പ്രതികരണവുമായി രംഗത്തെത്തി. സർക്കുലറിനെപ്പറ്റി ഒന്നും അറിയില്ലെന്നാണ് കോളേജ് അധികൃതരുടെ നിലപാട്. ലെറ്റർ പാഡിലല്ലാത്ത, ഒപ്പും സീലുമില്ലാത്ത നിയമാവലി കോളേജിന്റേതാകില്ലെന്നും പ്രിൻസിപ്പൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here