കഴുതപ്പാല്‍ കൊണ്ടുള്ള സോപ്പ് സ്ത്രീകളുടെ സൗന്ദര്യം കൂട്ടും, ക്ലിയോപാട്ര അത് ഉപയോഗിച്ചിരുന്നു, മനേക ഗാന്ധി

എന്തുകൊണ്ടാണ് നമ്മള്‍ കഴുതപ്പാലിനൊപ്പം ആട്ടിന്‍പാല്‍ കൂടി ഉപയോഗിച്ച് സോപ്പ് നിര്‍മ്മിക്കാന്‍ തുടങ്ങാത്തതെന്ന ചോദ്യവുമായി ബിജെപി നേതാവും എംപിയായ മനേക ഗാന്ധി. കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിന് 500 രൂപയാണ് ഇപ്പോള്‍ ഡല്‍ഹിയിലെ വില. ഒരു കഴുതയെ കണ്ടിട്ട് എത്ര നാളായി. അലക്കുകാരും കഴുതയെ ജോലിയ്ക്കായി ഉപയോഗിക്കുന്നത് നിര്‍ത്തിയെന്നും മനേക പറഞ്ഞു.

കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു സമൂഹം ലഡാക്കിലുണ്ട്. അങ്ങനെ അവര്‍ കഴുതപ്പാല്‍ ഉപയോഗിച്ച് സോപ്പ് നിര്‍മ്മിക്കാന്‍ ആരംഭിച്ചു. കഴുതപ്പാല്‍ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകള്‍ എക്കാലവും സ്ത്രീകളുടെ ശരീരത്തെ സുന്ദരമാക്കി നിലനിര്‍ത്താന്‍ സഹായിക്കും. ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലിലാണ് കുളിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബാല്‍ദിരായില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മനേക.

നിങ്ങള്‍ മൃഗങ്ങളില്‍ നിന്ന് പണം സമ്പാദിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇന്നുവരെ ആരും ആടിനെയോ പശുവിനെയോ വളര്‍ത്തി പണക്കാരായിട്ടില്ല. പശുവിനും ആടിനും എരുമയ്ക്കും അസുഖം വന്നാല്‍ ലക്ഷങ്ങളാണ് ചെലവിടുന്നത്. അതുപോലെ ആവശ്യത്തിന് ഡോക്ടര്‍മാരുമില്ല. സ്ത്രീകളാണ് കൂടുതലും ഇത്തരത്തില്‍ മൃഗങ്ങളെ വളര്‍ത്തുന്നത്. നിങ്ങള്‍ക്ക് ഇത്രയും പണം സമ്പാദിക്കണമെങ്കില്‍ എത്ര ദശാബ്ദമെടുക്കും. ഈ മൃഗങ്ങളെല്ലാം ഒരു ദിവസം മരിക്കും. അതോടെ നിങ്ങളുടെ വരുമാനവും നിലയ്ക്കും. അതുകൊണ്ടാണ് ഞാന്‍ മൃഗങ്ങളെ വളര്‍ത്തുന്നതിനെ ശക്തമായി എതിര്‍ക്കുന്നതെന്നും മനേക വ്യക്തമാക്കി.

മരങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും മരത്തിന്റെ ഉപയോഗം വളരെയധികം കൂടിയതാണ് അതിന് കാരണമെന്നും മനേക ചൂണ്ടിക്കാട്ടി. ഏകദേശം 15,000 മുതല്‍ 20,000 രൂപ വരെയാണ് ഒരു മരത്തിന്റെ വില. മരിച്ചവരെ ദഹിപ്പിക്കാന്‍ മരത്തിന് പകരം ചാണകവറളികളില്‍ സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കണം. അങ്ങനെ ചെയ്താല്‍ ഈ ചടങ്ങുകളുടെ ചിലവ് വെറും 2000 രൂപയ്ക്കുള്ളില്‍ കഴിയും. ഈ ചാണകവറളി വിറ്റ് നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും കഴിയും എന്നും മനേക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News