കൊച്ചിയില്‍ പറഞ്ഞ ഇല്ലാക്കഥ നരേന്ദ്ര മോദിക്ക് തിരുവനന്തപുരത്ത് മാറ്റി പറയേണ്ടി വന്നപ്പോള്‍

രതി വി.കെ

കേരളത്തിനെതിരെ വസ്തുതാവിരുദ്ധമായ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ബിജെപി വേദി നേരത്തെയും നരേന്ദ്രമോദി ഉപയോഗിച്ചിട്ടുണ്ട്. വിദ്യാസമ്പന്നരായ ഒരു സമൂഹത്തിന് മുന്നില്‍ നിന്നാണ് അബദ്ധജടിലങ്ങളായ ഇത്തരം രാഷ്ട്രീയ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതെന്ന് പക്ഷെ നരേന്ദ്ര മോദി പലപ്പോഴും ചിന്തിക്കാറില്ല. അല്ലെങ്കില്‍ അദ്ദേഹത്തിന് പ്രസംഗം തയ്യാറാക്കി കൊടുക്കുന്നവര്‍ ശ്രദ്ധിക്കാറില്ല. അത്തരത്തിലൊരു അബദ്ധമാണ് യുവം 2023ന്റെ വേദിയില്‍ നരേന്ദ്ര മോദി വീണ്ടും അവര്‍ത്തിച്ചത്.

ബിജെപിയുടെ വിവിധ വേദികള്‍ കേരളത്തെ നിറം കെടുത്താനുള്ള വേദിയായി നേരത്തെയും നരേന്ദ്രമോദി ഉപയോഗിച്ചിട്ടുണ്ട്. 2016 ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായെത്തിയപ്പോള്‍ കേരളത്തെ നരേന്ദ്രമോദി സൊമാലിയയോട് ഉപമിച്ചത് ആരും മറക്കാനിടയില്ല. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ സമസ്ത മേഖലയിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തെ സൊമാലിയയോട് ഉപമിച്ച നരേന്ദ്രമോദിക്കെതിരെ അന്ന് ഹാഷ്ടാഗ് ക്യാമ്പെയ്‌ന് തുടക്കം കുറിച്ചാണ് കേരളീയര്‍ പ്രതിഷേധിച്ചത്.

ഇന്നലെ ബിജെപിയുടെ യുവം 2023 പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച നരേന്ദ്രമോദി പറഞ്ഞത് കേരളം വികസനത്തില്‍ പിന്നോട്ടെന്നാണ്. ഇന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, ‘കേരളത്തിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃക’യാണെന്നാണ് പറഞ്ഞത്. ഒരേ വിഷയത്തില്‍ 24 മണിക്കൂറിനകം പരസ്പരവിരുദ്ധമായ രണ്ട് പ്രസ്താവനകള്‍ നടത്തിയതിലൂടെ വിലയിരുത്തപ്പെട്ടത് നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിശ്വാസ്യത കൂടിയാണ്.

കേന്ദ്രസര്‍ക്കാരിന്റെ തന്നെ നീതി ആയോഗ് പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് വികസന സൂചികകളിലെല്ലാം കേരളം ഒന്നാമതാണ്. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാമന്ത്രി ഈ വസ്തുതകള്‍ മറച്ച് വച്ചാണ് ബിജെപി വേദിയില്‍ ‘കേരളം വികസനത്തില്‍ പിന്നോട്ടെന്ന’ രാഷ്ട്രീയ പ്രസ്താവന നടത്തിയത്. എന്നാല്‍ തിരുവനന്തപുരത്തെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ നീതി ആയോഗിന്റെ കണക്കുകളെ അവഗണിക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചില്ല. കൊച്ചിയിലെ രാഷ്ട്രീയ പ്രസ്താവന കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലം ആകാം. പക്ഷെ 24 മണിക്കൂറിനകം രാജ്യത്തിന്റെ പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിക്ക് സത്യം പറയേണ്ടി വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇളിഭ്യരായത് കേരളത്തിലെ ബിജെപി നേതൃത്വമാണ്. തകര്‍ന്ന് വീണത് നരേന്ദ്രമോദിയുടെ വിശ്വാസ്യതയും.

കേരളത്തിന്റെ വികസന പദ്ധതികള്‍ രാജ്യത്തിന് മാതൃകയാണെന്നും മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയാക്കാമെന്നും പ്രധാനമന്ത്രി തിരുവനനന്തപുരത്ത് അഭിപ്രായപ്പെട്ടിരുന്നു. ലോകത്തിന് കേരളത്തില്‍ നിന്ന് പലതും പഠിക്കാനുണ്ട്. കേരളം അറിവുള്ളവരുടെ നാടാണ്. ലോകത്തേയും രാജ്യത്തേയും കുറിച്ച് കേരളത്തിലുള്ളവര്‍ ബോധവാന്മാരാണ്. കേരളത്തിലെ സംസ്‌കാരം, പാചക രീതികള്‍, മികച്ച കാലാവസ്ഥ ഇവയെല്ലാം പുരോഗതിയുടെ സൂത്രത്തിലേക്ക് ബന്ധിപ്പിക്കുന്നവയാണെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.

തെറ്റ് പ്രചരിപ്പിക്കാനുള്ള ഇടമായി യുവം വേദിയെ പ്രധാനമന്ത്രി ഉപയോഗിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ബിജെപിയുടേയും ആര്‍എസ്എസിന്റേയും കള്ളപ്രചാരണങ്ങളെ കടത്തിവെട്ടുന്നുവെന്നായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞത്. നരേന്ദ്ര മോദിയുടെ ഇരട്ടത്താപ്പിനെതിരെ സോഷ്യല്‍ മീഡിയയിലും വിമര്‍ശനം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News