‘നിങ്ങളുടെ കണ്ണുനീരിനെ പരിഹസിക്കുന്നവര്‍ ഉണ്ടാകും, കളിയാക്കുന്നവര്‍ ഉണ്ടാകും; മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകും’- ഫേസ്ബുക്ക് കുറിപ്പ്

ആമയിഴഞ്ചാന്‍ അപകടത്തിന് പിന്നാലെ ക്രിയാത്മകമായ ഇടപെടല്‍ നടത്തിയ കോര്‍പറേഷനെയും മേയര്‍ ആര്യ രാജേന്ദ്രനെയും പ്രകീര്‍ത്തിച്ച് സുധീര്‍ ഇബ്രാഹിം. ജോയിയെ നമുക്ക് നഷ്ടമായിരിക്കുന്നു. ഇനി ഒരു ജോയി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരും നഗരസഭയും സ്വീകരിക്കണം. റെയില്‍വേയ്ക്ക് കടിഞ്ഞാണ്‍ ഇടണം. അതിന് സുപ്രീം കോടതിയില്‍ പോകണമെങ്കില്‍ അവിടെയും പോകണം. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ചെയ്യരുത്. നിങ്ങളുടെ കണ്ണുനീരിനെ പരിഹസിക്കുന്നവര്‍ ഉണ്ടാകും, കളിയാക്കുന്നവര്‍ ഉണ്ടാകും. പക്ഷെ മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകും. കാരണം 48 മണിക്കൂറിലധികം ഒരു സഹജീവിയെ കാത്തിരുന്നു അയാളെ ജീവനോടെ കിട്ടാതാകുമ്പോള്‍, മനുഷ്യരായി പിറന്നവര്‍ക്ക് അത് സഹിക്കാനാകില്ല എന്ന് അവര്‍ക്ക് അറിയാം- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യത്തേക്കാൾ ദുർഗന്ധം വമിക്കുന്നതാണ് ചില കോൺഗ്രസ് നേതാക്കളുടെ ഫെയ്സ് ബുക്ക് പോസ്റ്റ്: വി കെ സനോജ്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

ഈ രാത്രി ചിലത് പറയാതെ പോകുന്നതെങ്ങനെ……
മനുഷ്യര്‍ക്ക് സങ്കടം വന്നാല്‍ കരയാമോ..? അങ്ങനെ കരയുന്നത് ഒരു പദവിയില്‍ ഇരിക്കുന്നയാള്‍ ആയാലോ…?
എത്ര സങ്കടം വന്നാലും കരയാതിരിക്കുന്നത് കരുത്തിന്റെ ലക്ഷണമാണോ….?
മെഡിക്കല്‍ കോളേജിന് മുന്നില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പൊട്ടിക്കരയുന്ന ദൃശ്യം കാണുകയായിരുന്നു. .
അത് കണ്ടപ്പോള്‍ മുകളില്‍ പറഞ്ഞത് വെറുതെ ഓര്‍ത്തു….
മിനിഞ്ഞാന്ന് രാവിലെ 11 മണിയോടെയാണ് ജോയി ഒഴുക്കില്‍പ്പെട്ട് പോകുന്നത്. വിവരം കിട്ടിയ നിമിഷം അവിടേക്ക് പാഞ്ഞെത്തിയത് നഗരസഭയുടെ ശുചികരണ തൊഴിലാളികളും മേയറുമായിരുന്നു. മേയര്‍ക്കൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞത് , അന്നേദിവസം അവിടെ വര്‍ക്ക് ഉണ്ടായിരുന്നോ എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ആശങ്കയോടെ വിളിച്ച് അന്വേഷിച്ച് കൊണ്ടാണ് മേയര്‍ അങ്ങോട്ട് പോയത് എന്നാണ്. ഒരു തൊഴിലാളി ആമയിഴഞ്ചാന്‍ തോടില്‍ അപകടത്തില്‍ പെട്ടു എന്ന വിവരം മാത്രമാണ് അപ്പോള്‍ ലഭിച്ചിരുന്നത്.
എന്നാല്‍ അവിടെത്തിയ ശേഷമാണ് അത് നഗരസഭ ഷെഡ്യൂള്‍ ചെയ്ത ജോലി ആയിരുന്നില്ല എന്നും, വൃത്തിയാക്കാന്‍ തൊഴിലാളി ഇറങ്ങിയത് റെയില്‍വേയുടെ കരാറുകാരന് വേണ്ടിയാണെന്നും അത് റെയില്‍വേ നല്‍കിയ നിര്‍ദ്ദേശം അനുസരിച്ചാണെന്നും. പക്ഷെ സംഭവം നടക്കുന്ന പതിമൂന്നാം തീയതി ഉച്ചയോടെ അവിടെത്തിയ മേയര്‍ ആര്യ രാജേന്ദ്രന്‍ പിന്നെ പിന്നോട്ട് പോയിട്ടില്ല. ഒരു പക്ഷെ ആ നിമിഷം മുതല്‍ ഇന്ന് ജോയിയുടെ മൃതദേഹം കിട്ടുന്ന വരെ മുഴുവന്‍ സമയവും അവിടെ ഉണ്ടായിരുന്ന ഒരേ ഒരു ജനപ്രതിനിധി മേയര്‍ ആര്യ രാജേന്ദ്രന്‍ മാത്രമാണ്. പിന്നെ ഉണ്ടായിരുന്നത് മാധ്യമ പ്രവര്‍ത്തകരും. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജും.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളും എല്ലാവരും സന്ദര്‍ശിച്ച് തിരികെ പോയപ്പോള്‍ മേയര്‍ എല്ലാ പരിപാടികളും റദ്ദാക്കി ജോയിക്ക് വേണ്ടിയുള്ള തിരച്ചിലിന് നേതൃത്വം നല്‍കി ,ആ സ്പോട്ടില്‍ തന്നെ മുഴുവന്‍ സമയവും ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടര ദിവസം മുഴുവന്‍. കൂടെ ഏതാണ്ട് എല്ലാ സമയവും കളക്ടറും …
തുടക്കം മുതല്‍ തന്നെ റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നും നിസ്സഹകരണം പ്രകടമായിരുന്നു. രക്ഷാ പ്രവര്‍ത്തനം നടക്കുന്ന സമയത്ത് ആ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ റെയില്‍വേ അധികൃതര്‍ തയ്യാറായിരുന്നില്ല. മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും റെയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ലഭ്യമല്ലായിരുന്നു. രാത്രി വൈകിയും തിരച്ചില്‍ തുടരുമെന്ന സാഹചര്യം വന്നപ്പോള്‍ പ്രത്യേക ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ റെയില്‍വേ ചുമതലപ്പെടുത്തിയവര്‍ എത്തിയിരുന്നു. അവര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്ന സമയത്ത് കൂടുതല്‍ ലൈറ്റുകള്‍ വേണമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ ചുമതപ്പെടുത്തിയ വ്യക്തി പറഞ്ഞത് ഞങ്ങള്‍ക്ക് റെയില്‍വേ 3 ലൈറ്റുകള്‍ സ്ഥാപിക്കുവാനാണ് നിര്‍ദ്ദേശം നല്‍കിയത്, അതില്‍ കൂടുതല്‍ ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ നിര്‍വാഹമില്ല എന്നാണ്. തുടര്‍ന്ന് അവിടെയും മേയര്‍ ഇടപെട്ടായിരുന്നു ആവശ്യാനുസരണം ലൈറ്റുകള്‍ സ്ഥാപിച്ചത്.
റോബോട്ടിക്സ് സംവിധാനം ഉപയോഗിച്ചു മൂന്നും നാലും പ്ലാറ്റ്ഫോമിന് ഇടയിലെ മന്‍ഹോളില്‍ നിന്നും മാലിന്യം വാരുമ്പോള്‍, ആ ട്രാക്കില്‍ ട്രെയിന്‍ നിന്നാല്‍ മാലിന്യം എടുക്കുവാന്‍ തടസമാകുമെന്ന് റെയില്‍വേയെ അറിയിച്ചിരുന്നു. അതിന്‍പ്രകാരം ട്രെയിനുകള്‍ക്ക് ട്രാക്കുകള്‍ മാറ്റി നല്‍കാമെന്ന് റയില്‍വേ ഉറപ്പ് നല്‍കിയിട്ടും ട്രാക്കുകളില്‍ ട്രെയിനുകള്‍ നിര്‍ബാധം വന്നും പോയുമിരുന്നു. ഇത്തരത്തിലായിരുന്നു റെയില്‍വേ അധികൃതരുടെ പെരുമാറ്റം.
രണ്ടാം ദിവസം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ മാത്രമാണ് റെയില്‍വേ അതികൃതര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യേക്ഷപ്പെട്ടത്. പിന്നെ പ്രത്യക്ഷപ്പടുന്നത് അന്നേ ദിവസം വൈകിട്ട് നഗരസഭയുടെ മേല്‍ കുറ്റങ്ങള്‍ ചാരുവാനുള്ള പത്രസമ്മേളനത്തിലായിരുന്നു. എന്നാല്‍ അതിന് തൊട്ട് പിന്നാലെ മേയര്‍ റെയില്‍വേയ്ക്കുള്ള കൃത്യമായ മറുപടിയും അതോടൊപ്പം ചില ചോദ്യങ്ങളും ഉന്നയിച്ചു. ഒന്നിനും മറുപടിയില്ലാതെ ഉത്തരം മുട്ടിയപ്പോള്‍ റെയില്‍വേയുടെ DRM മേയറെ നേരിട്ട് വന്നുകണ്ടു ,തുടര്‍പ്രവര്‍ത്തനങ്ങളില്‍ മേയറുടെയും നഗരസഭയുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മേയര്‍ എല്ലാത്തരത്തിലുമുള്ള സഹായ സഹകരണവും നല്‍കാമെന്നും ഉറപ്പ് നല്‍കി.
ഇനി ഈ ദാരുണ സംഭവം റെയില്‍വേയുടെ അതിര്‍ത്തിക്ക് തൊട്ട് മുന്നേയാണ് നടന്നത് എന്നൊന്ന് സങ്കല്‍പ്പിക്കുക….
റെയില്‍വേയുടെ സമീപനം ഇതിലും ഭയാനകമായിരിക്കുമായിരുന്നു. റെയില്‍വേയുടെ ഭൂമിയില്‍ നടന്ന സംഭവത്തിന്മേല്‍ ഈ നിസ്സഹകരണം ആയിരുന്നെങ്കില്‍, തൊട്ടപ്പുറത്ത് നടന്നാല്‍ പരിശോധനയ്ക്ക് പോലും റെയില്‍വേ അനുമതി നല്‍കുമായിരുന്നില്ല. എന്നാല്‍ തങ്ങളുടെ തൊഴിലാളി അല്ലായിരുന്നിട്ടും, തങ്ങളുടെ അധികാര പരിധിയിലെ സ്ഥലം അല്ലായിരുന്നിട്ടും, ഒരു തൊഴിലാളിയുടെ ജീവന്‍ രക്ഷപ്പെടുത്തുവാന്‍ ഇറങ്ങി തിരിച്ച മേയറും സംഘവും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു.
ആര്യ പൊട്ടിക്കരഞ്ഞതില്‍ അത്ഭുതം ഒന്നും ഇല്ല. അത്രയ്ക്കും പ്രതീക്ഷ ഉണ്ടായിരുന്നു ജോയിയെ ജീവനോടെ കിട്ടുമെന്ന്. അതിന് വേണ്ടി എന്തും ചെയ്യാനുള്ള തീരുമാനത്തോടെയാണ് ഒരാളെയും ചുമതലപ്പെടുത്തി പോകാതെ നേരിട്ട് മുഴുവന്‍ സമയവും അവര്‍ അവിടെ ഉറച്ച് നിന്നത്.
തുടക്കത്തില്‍ മേയറിന് നേരെ ചീറിക്കൊണ്ടിരുന്ന പല മാധ്യമങ്ങളും വൈകുന്നേരത്തോടെ ചുവട് മാറ്റിയത് മേയര്‍ അവിടെ നടത്തിയിരുന്ന ഇടപെടലുകള്‍ നേരിട്ട് കണ്ടത് കൊണ്ട് കൂടിയാണ്. ഒരു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത് ‘ ഇങ്ങനെ ഭക്ഷണം കഴിക്കാന്‍ പോലും പോകാതെ ഒരു മേയര്‍, അതും ഒരു സ്ത്രീ ഈ ദുര്‍ഗന്ധത്തിന് നടുവില്‍ ഇത്രയും മണിക്കൂറുകള്‍ നില്‍ക്കുന്നത് ആദ്യത്തെ അനുഭവമെന്നാണ് ‘ ഡെസ്‌കില്‍ നിന്ന് സമ്മര്‍ദ്ദമുണ്ടായിട്ടും പല റിപ്പോര്‍ട്ടര്‍മാരും മേയറിന് എതിരെ ഒന്നും പറയാന്‍ കൂട്ടാക്കാതിരുന്നത് അവരുടെ കണ്ണിന് മുന്നിലുള്ള യാഥാര്‍ഥ്യം കാണാതിരിക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെയാണ്. ചിലപ്പോ ആര്യ എന്ന നേതാവിനെ അവരും അടുത്തറിയുന്നത് ഇപ്പോഴായിരിക്കും.
ജോയിയെ നമുക്ക് നഷ്ടമായിരിക്കുന്നു. ഇനി ഒരു ജോയി ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സര്‍ക്കാരും നഗരസഭയും സ്വീകരിക്കണം. റെയില്‍വേയ്ക്ക് കടിഞ്ഞാണ്‍ ഇടണം. അതിന് സുപ്രീം കോടതിയില്‍ പോകണമെങ്കില്‍ അവിടെയും പോകണം. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തില്‍ ചെയ്യരുത്.
പ്രിയ സഖാവേ, നിങ്ങളുടെ കണ്ണുനീരിനെ പരിഹസിക്കുന്നവര്‍ ഉണ്ടാകും, കളിയാക്കുന്നവര്‍ ഉണ്ടാകും. പക്ഷെ മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് നിങ്ങളെ തിരിച്ചറിയാനാകും. കാരണം 48 മണിക്കൂറിലധികം ഒരു സഹജീവിയെ കാത്തിരുന്നു അയാളെ ജീവനോടെ കിട്ടാതാകുമ്പോള്‍, മനുഷ്യരായി പിറന്നവര്‍ക്ക് അത് സഹിക്കാനാകില്ല എന്ന് അവര്‍ക്ക് അറിയാം.
നന്ദി സ:ആര്യ, നിങ്ങള്‍ ഒരു ഭരണാധികാരി മാത്രമല്ല ഒരു സാധാരണ മനുഷ്യന്‍ കൂടിയാണെന്ന് ഒരിക്കല്‍കൂടി ബോദ്ധ്യപ്പെടുത്തിയതിന്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News