ഉത്തർപ്രദേശിലെ പിലിഭിത്തിൽ വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള ഇരുമ്പ് കമ്പി. എന്നാൽ കമ്പി കിടക്കുന്നത് കൃത്യസമയത്ത് ലോക്കോ പൈലറ്റിൻ്റെ ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിൽ ഇരുമ്പ് കമ്പി വെച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ബ്രേക്ക് പിടിച്ചെങ്കിലും എഞ്ചിനിൽ ഈ കമ്പി കുരുങ്ങിയ നിലയിലാണ് ട്രെയിൻ നിന്നത്.
ലാലൗരിഖേര റെയിൽവേ ഹാൾട്ടിന് സമീപം വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. പിലിഭിത്തിൽ നിന്ന് ബറേലിയിലേക്ക് പോവുകയായിരുന്ന പിലിഭിത്ത് ബറേലി സിറ്റി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ALSO READ; യുപി ഷാഹി ജുമാ മസ്ജിദ് സർവ്വേക്കിടെയുണ്ടായ സംഘർഷം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഉടൻ തന്നെ പൊലീസ് സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും പ്രദേശവാസികൾ പൊലീസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ മാസം ആദ്യവും ഇത് പോലെ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം നടന്നിരുന്നു. റായ്ബറേലിയിലെ രഘുരാജ് സിംഗ് റെയിൽവെ സ്റ്റേഷന് സമീപം ട്രാക്കിൽ മണൽ നിറച്ചാണ് പാളം തെറ്റിക്കാൻ ശ്രമം നടന്നത്. രാത്രിയിൽ ട്രാക്ക് വഴി വരുകയായിരുന്ന പാസഞ്ചർ ട്രെയിന്റെ ലോക്കോ പൈലറ്റ് പാളത്തിലെ മൺകൂന ശ്രദ്ധയിൽപ്പെട്ട് ട്രെയിൻ നിർത്തിയതു കൊണ്ടാണ് അപകടം ഒഴിവായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here