തയ്യൽ ജോലി ചെയ്ത് കഷ്ടപ്പെട്ട് പഠിപ്പിച്ചു, റാങ്ക് നേടി ഉമ്മയ്ക്ക് മകൻ്റെ മാതൃദിന സമ്മാനം

കഷ്ടപ്പെട്ട് തന്നെ പഠിപ്പിച്ച ഉമ്മക്ക് മാതൃദിനത്തിൽ റാങ്ക് നേടി സമ്മാനമൊരുക്കി മകൻ. തയ്യൽ ജോലി ചെയ്തു തന്നെ പഠിപ്പിച്ച ഉമ്മയ്ക്ക് എയിംസ് എംഡി പ്രവേശന പരീക്ഷയിൽ മുപ്പത്തിയാറാം റാങ്ക് നേടിയെടുത്താണ് മകൻ മാതൃദിന സമ്മാനം നൽകിയത്. തൃപ്രങ്ങോട് പഞ്ചായത്ത് അംഗം കൂടിയായ ആനപ്പടി സ്വദേശി ഹലീമയുടെ മകൻ ഹബീബ് നൗഫലാണ് റാങ്ക് ജേതാവ്. കുട്ടിക്കാലം മുതൽ ഡോക്ടറാകണമെന്നായിരുന്നു ഹബീബിന്റെ ആഗ്രഹം.

മകൻ്റെ ആഗ്രഹം ഹലീമ തൻ്റെ സ്വപ്നമായാണ് കണ്ടത്. തുടർന്ന് മകന് വേണ്ടി അവർ കൂടുതൽ അധ്വാനിക്കുകയായിരുന്നു. അമ്മാവൻ മുഹമ്മദ്കുട്ടിയും അവർക്ക് പിന്തുണയുമായി എത്തി. കുടുംബത്തിന്റെ നിശ്ചയദാർഢ്യത്തിനൊപ്പം ആനപ്പടി ഗ്രാമവും പ്രാർത്ഥനയോടെ കൂടെ നിന്നു. പത്താം ക്ലാസിലും പ്ലസ്ടുവിലും ഉയർന്ന മാർക്കു നേടിയ ഹബീബിന് എംബിബിഎസ് പഠനത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ചു.

എംഡിക്കു ചേരാനുള്ള കഠിന പ്രയത്നത്തിലായിരുന്നു തുടർന്ന് ഹബീബ്. അതിനായി കഠിനപ്രയത്നം നടത്തി. ഫലം വന്നപ്പോൾ സംസ്ഥാനത്ത് നിന്നുള്ള ഏറ്റവും മികച്ച മാർക്കോടെ പ്രവേശനവും ലഭിച്ചു. ഇനി ഡൽഹി എയിംസിൽ റേഡിയോ ഡയഗ്‌നോസിസിനു ചേരണമെന്നും തുടർന്ന് ഇന്റർവെൻഷനൽ റേഡിയോളജിയിൽ ഫെലോഷിപ്പും എടുക്കണം എന്നുമാണ് ഹബീബിന്റെ ആഗ്രഹം. തന്റെ മകൻ ഒരു ജനകീയനായ ഡോക്ടറാകണമെന്ന ആഗ്രഹമാണ് ഹലീമയ്ക്കുള്ളത്. ഈ നേട്ടങ്ങൾക്കെല്ലാം ആരോടാണ് നന്ദി പറയേണ്ടതെന്ന ചോദ്യത്തിന് ‘ന്റെ ഉമ്മാനോട്’ എന്ന ഒറ്റ ഉത്തരം മാത്രമാണ് ഹബീബിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News