മധ്യപ്രദേശില്‍ ബിജെപി എംഎല്‍എയുടെ മകന്‍ ആദിവാസി യുവാവിന് നേരെ വെടിയുതിര്‍ത്തു. സിംഗ്രൗലി എംഎല്‍എ റാം ലല്ലു വൈശ്യയുടെ മകന്‍ വിവേകാനന്ദ് വൈശ്യയാണ് 34കാരനായ സൂര്യ കുമാര്‍ ഖൈര്‍വാര്‍ എന്നയാള്‍ക്ക് എതിരെ വെടിവെച്ചത്. ഒരുമാസം മുന്‍പ് ബിജെപി എംഎല്‍എയുടെ അനുയായി ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി പുതിയ ആക്രമണ വിവരം പുറത്തുവന്നത്.
വിവേകാനന്ദ് വൈശ്യക്ക് എതിരെ പൊലീസ് കൊലപാതക ശ്രമത്തിനും പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമത്തിനും കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. വിവേകനാന്ദ് ചെറിയ റോഡിലൂടെ കാറില്‍ പോകുമ്പോള്‍ മാര്‍ഗ തടസ്സം സൃഷ്ടിച്ച് ഒരുകൂട്ടം ആളുകള്‍ റോഡില്‍ കൂടിനിന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം.വാക്കുതര്‍ക്കം തീര്‍ക്കാനായി ഇടപെട്ടതായിരുന്നു ആദിവാസി യുവാവ്. എന്നാല്‍ വിവേകനാനന്ദ് തോക്കെടുത്ത് ഇയാള്‍ക്ക് നെരെ വെടിവെച്ചു.
ഒളിവില്‍ പോയ വൈശ്യയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് പൊലീസ് പതിനായിരം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, ഫോറസ്റ്റ് ഉദ്യോഗസ്ഥരെ അക്രമിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ജാമ്യം റദ്ദാക്കാനായി കോടതിയെ സമീപിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എംഎല്‍എ തയ്യാറായില്ല. സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ആദിവാസി സമൂഹത്തെ ആക്രമിക്കാനായി ബിജെപി നേതാക്കള്‍ക്കിടയില്‍ മത്സരം നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കമല്‍നാഥ് ആരോപിച്ചു. ആദിവാസി യുവാവിന് നേര്‍ക്ക് മൂത്രമൊഴിച്ച സംഭവം കൊണ്ട് അക്രമങ്ങള്‍ അവസാനിക്കുന്നില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
also read; പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മൂന്നാറിലെ റിസോർട്ട് കണ്ടുകെട്ടി ഇഡി; 2.53 കോടിയുടെ ആസ്തി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here