ഇലോൺ മസ്ക് ട്വിറ്റർ മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ തുടർച്ചയായി തിരിച്ചടി നേരിടുന്നത് ട്വിറ്ററിന് തുടർക്കഥയാവുന്നു. കമ്പനിയുടെ സിഇഒ സ്ഥാനത്ത് വന്നതിന് ശേഷം 75 ശതമാനം ജീവനക്കാരെ മസ്ക് പിരിച്ച് വിട്ടതിന് പിന്നാലെയാണ് ഇരുട്ടടി പോലെ ട്വിറ്റർ തുടർച്ചയായ തിരിച്ചടികൾ നേരിടുന്നത്. 3.63 ലക്ഷം കോടി രൂപ മുടക്കി വാങ്ങിയ കമ്പനിയുടെ ആസ്തി മൂല്യം നേർ പകുതിയായി ഇടിഞ്ഞതായിരുന്നു പ്രധാന തിരിച്ചടി.നിലവിൽ 1.65 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ മൂല്യം.
ഉപയോക്താക്കൾക്ക് സേവനങ്ങൾ മുടങ്ങുന്നതും ട്വിറ്ററിൽ പതിവായി. ട്വിറ്ററിൻെറ സോഴ്സ് കോഡ് അഥവാ അടിസ്ഥാന പ്രവർത്തന കമാൻഡുകൾ ഉൾപ്പെട്ട ടെക്സ്റ്റ് പുറത്തായിരിക്കുന്നു എന്ന വാർത്തയാണ് ഒടുവിൽ പുറത്ത് വരുന്നത്. ഒരു ടെക് കമ്പനിക്ക് വിശേഷിച്ച് ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ ഭീമന് ഈ ചോർച്ച സങ്കീർണമായ സാങ്കേതിക, സുരക്ഷാ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഇത് ഹാക്കർമാരുടേയാ മസ്ക്കിൻ്റെയോ എതിരാളികളുടെയോ കയ്യിൽ കിട്ടിയാൽ ഉപയോക്താക്കളുടെ ഡാറ്റാ ചോർച്ചക്കടക്കം വഴി തുറക്കും. ട്വിറ്ററിനെ തകർച്ചക്ക് വഴിയൊരുക്കാനുള്ള സുപ്രധാന വിവരങ്ങളും സോഴ്സ് കോഡ് ഉപയോഗിച്ച് ചോർത്താൻ കഴിയും.കഴിഞ്ഞ വർഷം ട്വിറ്ററിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരിൽ ഒരാളാണ് സോഴ്സ് കോഡ് ചോർത്തിയതെന്നാണ് കമ്പനിയുടെ ആഭ്യന്തര അന്വേഷണത്തിലെ നിഗമനം. ഡൗൺലോഡ് ചെയ്ത സോഴ്സ് കോഡ് ഗിറ്റ്ഹബ് എന്ന സോഫ്റ്റ് വെയർ ഡവലപ്പർമാരുടെ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തു. മാസങ്ങളോളം ഇത് ഈ പ്ലാറ്റ്ഫോമിൽ ഉണ്ടായിരുന്നു വെന്നുമാണ് റിപ്പോർട്ടുകൾ. ചോർച്ച കണ്ടെത്തിയതിന് പിന്നാലെ സോഴ്സ് കോഡ് ഉൾപ്പെട്ട പോസ്റ്റ് ഗിറ്റ്ഹബ് നീക്കം ചെയ്തു.
ട്വിറ്റർ ഗിറ്റ്ഹബിന് കോപ്പിറൈറ്റ് ലംഘനത്തിന് നോട്ടിസ് നൽകിയിട്ടുണ്ട്.സോഴ്സ് കോഡ് പോസ്റ്റ് ചെയ്ത ആളുടെയും ഡൗൺലോഡ് ചെയ്തവരുടെയും വിവരങ്ങൾ നൽകാൻ ഗിറ്റ്ഹബിന് നിർദേശം നൽകണമെന്ന് കലിഫോർണിയ കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here