ദക്ഷിണകൊറിയൻ പ്രസിഡൻ്റ് യൂൻ സുക് യോൾ അറസ്റ്റിലായി.സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടർന്ന് ഇംപീച്ച് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് അറസ്റ്റ്.അദ്ദേഹത്തെ ഇന്ന് അഴിമതി അന്വേഷണ ഓഫീസിൽ നേരിട്ട് ഹാജരാക്കിയേക്കും.
ആയിരത്തോളം അഴിമതിവിരുദ്ധ ഉദ്യോഗസ്ഥരും പൊലീസുകാരും എത്തിയാണ് യൂനിനെ അറസ്റ്റ് ചെയ്തത്. വസതിക്ക് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് ഉദ്യോഗസ്ഥരെ യൂനിന്റെ സുരക്ഷാ ജീവനക്കാർ തടഞ്ഞെങ്കിലും ബലപ്രയോഗത്തിലൂടെ അവർ അകത്തു കടന്ന് അദ്ദേഹത്തിൻ്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ALSO READ; എഴുത്തുകാരന്‍ നീല്‍ ഗെയ്മാനെതിരെ വീണ്ടും ലൈംഗിക ആരോപണം; കുഞ്ഞിന്റെ ആയയേയും പീഡിപ്പിച്ചു
വിവാദ പട്ടാള നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാൻ അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.നിലവിലെ വാറണ്ട് പ്രകാരം യൂനിനെ 48 മണിക്കൂർ വരെ തടവിലിടാം. എന്നാൽ കസ്റ്റഡി നീട്ടാൻ അന്വേഷണ ഉദ്യോഗസ്ഥർ പുതിയ വാറൻ്റിന് അപേക്ഷിക്കേണ്ടതുണ്ട്.
പട്ടാള നിയമം നടപ്പാക്കാൻ ശ്രമിച്ചതിന് യൂനിനെതിരെ ഡിസ്ട്രിക്റ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.രാജ്യത്ത് പട്ടാള നിയമം ചുമത്താനുള്ള യോളിൻ്റെ ഹ്രസ്വകാല ശ്രമത്തിന് പിന്നാലെയാണ് അറസ്റ്റ് വാറണ്ട്. അന്വേഷണ സംഘത്തിന്റെ ആവശ്യം പരിഗണിച്ച് സോൾ വെസ്‌റ്റേൺ ഡിസ്ട്രിക്ട് കോടതിയാണ് യോളിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.വാറണ്ട് നടപ്പിലാക്കാൻ ശ്രമിച്ചാൽ പ്രസിഡന്റിന്റെ സുരക്ഷാ സേന തടയുമെന്നും അറസ്റ്റിനെത്തുന്നവരെ ജനം അറസ്റ്റ് ചെയ്യുമെന്നും യൂൻ അടുത്തിടെ പറഞ്ഞിരുന്നു.
പട്ടാള നിയമം പ്രഖ്യാപിച്ചതിന് പിന്നാലെ മുൻപ് അദ്ദേഹത്തെ പാർലമെന്റ് ഇംപീച്ച് ചെയ്തതിരുന്നു. യൂനിന്റെ ഭരണകക്ഷിയിലെ അംഗങ്ങളും അദ്ദേഹത്തിനെതിരെയാണ് നിലപാട് എടുത്തത്.300ൽ 204 പാർലമെൻ്റ് അംഗങ്ങളും അദ്ദേഹത്തിൻ്റെ ഇംപീച്ച്മെൻ്റിനെ പിന്തുണച്ചു.
1980 ന് ശേഷംആദ്യമായായിരുന്നു ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ചത്. രാത്രി വൈകി ദേശീയ ടെലിവിഷനിലൂടെയായിരുന്നു രാജ്യത്ത് പട്ടാള നിയമം ഏർപെടുത്തുന്നതായി പ്രസിഡന്റ് അറിയിച്ചത്. ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്ന പ്രതിപക്ഷം പാർലമെന്റ് നിയന്ത്രിക്കുന്നുവെന്നും ദേശദ്രോഹ നടപടികളിലൂടെ സർക്കാരിനെ തളർത്തുന്നുവെന്നും ആരോപിച്ചായിരുന്നു നടപടി. സ്വന്തം പീപ്പിൾസ് പവർ പാർടിയെപോലും അറിയിക്കാതെയായിരുന്നു പ്രസിഡന്റിന്റെ പട്ടാളനിയമ പ്രഖ്യാപനം. യോളിൻറെ തീരുമാനത്തിനെതിരെ വിദ്യാർഥികളടക്കം പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here